നാസയുടെ ആർട്ടെമിസ് 1 വിക്ഷേപണം ബുധനാഴ്ച

നാസയുടെ ആർട്ടെമിസ് 1 വിക്ഷേപണം ബുധനാഴ്ച

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 50 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തങ്ങളുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നത്
Updated on
1 min read

നാസയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ആർട്ടെമിസ് ഒന്ന് നവംബർ 16ന് വിക്ഷേപിക്കും. സാങ്കേതിക തകരാറുകളോ ഫ്ലോറിഡയിൽ കാലാവസ്ഥ പ്രശ്നങ്ങളോ ഇല്ലെങ്കില്‍ ബുധനാഴ്ച അർദ്ധരാത്രിയോടെ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. മുന്‍പ് മൂന്ന് തവണ മാറ്റിവെച്ചതിന് ശേഷം തിങ്കളാഴ്ചയാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോള്‍, ഫ്‍ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന ഭീതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ആദ്യ രണ്ട് തവണ സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. ഇന്ധന ചോർച്ച അടക്കം പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനൊരുങ്ങിയെങ്കിലും മൂന്നാം തവണ കാലാവസ്ഥ തിരിച്ചടിയായി. കരീബിയന്‍ തീരത്ത് രൂപപ്പെട്ട ഇയാൻ ചുഴലിക്കാറ്റ് ഫ്ളോറിഡ ലക്ഷ്യമാക്കി നീങ്ങിയതോടെ സുരക്ഷ മുന്‍നിർത്തിയായിരുന്നു പിന്മാറ്റം.

1972 ന് ശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 50 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തങ്ങളുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ പേടകവും പരീക്ഷിക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആര്‍ട്ടെമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്ന ബഹിരാകാശ പേടകമാണ് ഓറിയോണ്‍ കാപ്‌സ്യൂള്‍. 42 ദിവസത്തെ യാത്രയില്‍ ഓറിയോണ്‍ ചന്ദ്രന് ചുറ്റുമുളള ദീര്‍ഘവൃത്താകൃതിയിലുളള പാതയില്‍ എത്തിച്ചേരും. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളാണ് ദൗത്യത്തിന് ഉപയോ​ഗിക്കുക. ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലം വച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്.

നാസയുടെ ആർട്ടെമിസ് 1 വിക്ഷേപണം ബുധനാഴ്ച
ആര്‍ട്ടെമിസ് 1 വിക്ഷേപണം മൂന്നാം തവണയും മാറ്റി; ഇത്തവണ വില്ലനായത് ഇയാൻ ചുഴലി

1972 ന് ശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്. 2016 ലായിരുന്നു ആദ്യ വിക്ഷേപണം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു. ആര്‍ട്ടെമിസ് പദ്ധതിക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വിക്ഷേപണ വാഹനമാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ് എല്‍എസ്). മനുഷ്യന്‍ ഇതുവരെ നിര്‍മിച്ച ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് ഇത്. സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണ പറക്കലാണ് ആര്‍ട്ടെമിസ് 1. ചെറു ഉപഗ്രഹങ്ങളും ബഹിരാകാശ പേടകമായ ഓറിയോണും വഹിച്ചുകൊണ്ടുള്ള മനുഷ്യനില്ലാ പറക്കലില്‍ ഓറിയോണിന്റെ ആദ്യ വിക്ഷേപണവും ഈ ദൗത്യത്തിനൊപ്പമാണ്. 2024 ല്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഓര്‍ബിറ്റല്‍ ദൗത്യവും 2025 ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കാനുമാണ് നാസയുടെ പദ്ധതി.

വിക്ഷേപണം വിജയിച്ചാൽ ദൗത്യത്തിനുപയോഗിക്കുന്ന എസ്എൽഎസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് 3.86 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുകയും ഓറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11 ന് തിരികെ പസഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in