അശോക സ്തംഭവും ഐഎസ്ആർഒ മുദ്രയും ചന്ദ്രോപരിതലത്തിൽ പതിക്കാൻ ചന്ദ്രയാൻ 3
ചന്ദ്രനിൽ എന്തൊക്കെയുണ്ട്? നിറയെ ഗർത്തങ്ങളും പാറക്കെട്ടുകളും എന്നാകും നമ്മുടെ ഉത്തരം. എന്നാൽ അത് മാത്രമല്ല ഭൂമിയിൽ നിന്ന് കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചാന്ദ്ര രഹസ്യങ്ങൾ തേടി പോയവരുടെ മായാത്ത കാൽപാടുകൾ ഉൾപ്പടെ ഭൂമിയിലെ നിരവധി വസ്തുക്കളുണ്ട് ചന്ദ്രനിൽ. ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ നമ്മുടെ ദേശീയ മുദ്രയായ അശോക സ്തംഭവും ബഹിരാകാശ ശാസ്ത്ര ഏജൻസിയായ ഐഎസ്ആർഒയുടെ മുദ്രയും കൂടി 'ചന്ദ്രന്റെ മണ്ണിൽ' എന്നെന്നേക്കുമായി പതിയാൻ പോകുകയാണ്.
പ്രഗ്യാൻ റോവർ പതിക്കും ചന്ദ്രനിൽ ദേശീയ മുദ്ര
ചന്ദ്രനിൽ പര്യവേഷണത്തിനായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന പ്രഗ്യാൻ റോവർ ആറ് ചക്രങ്ങളുള്ള ഒരു ചെറുവാഹനമാണ്. ചന്ദ്രോപരിതലത്തിൽ നിന്ന് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ നമുക്ക് ശേഖരിച്ച് നൽകുക വെറും 26 കിലോഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞൻ ഉപകരണമാണ്. ചന്ദ്രോപരിതലത്തിൽ സെക്കൻഡിൽ ഒരു സെന്റിമീറ്റർ സഞ്ചരിക്കുന്ന റോവർ 14 ദിവസങ്ങൾ കൊണ്ട് അവിടെ 500 മീറ്റർ (1600 അടി) നിരങ്ങി നീങ്ങും.
റോവറിന്റെ നാല് ചക്രങ്ങളിൽ രണ്ടെണ്ണത്തിൽ ദേശീയ മുദ്രയും മറ്റ് രണ്ടെണ്ണത്തിൽ ഐഎസ്ആർഒയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. പര്യവേഷണ വാഹനം സഞ്ചരിക്കുമ്പോൾ ഈ മുദ്രകൾ ചന്ദ്രോപരിതലത്തിൽ പതിയുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. അശോക സ്തംഭവും ഐഎസ്ആർഒ മുദ്രയും 500 മീറ്റർ ദൂരമുള്ള ലാൻഡിങ് സൈറ്റിൽ പതിയും. അമേരിക്ക ഉൾപ്പടെയുള്ള ബഹിരാകാശ ഭീമന്മാർ അവരുടെ ദേശീയ പതാക ലൂണാർ ദൗത്യത്തിന്റെ ഭാഗമായി നിരവധി തവണ ചന്ദ്രോപരിതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യൻ മുദ്ര ഭൂമിക്ക് പുറത്തുള്ള ഒരു ഗോളത്തിൽ പതിയാൻ പോകുന്നത്.
മൂൺ ഇംപാക്ട് പ്രോബിലെ ത്രിവർണ മുദ്ര
ചന്ദ്രയാൻ - 1 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ഇടിച്ചിറക്കിയ മൂൺ ഇംപാക്ട് പ്രോബ് പേടകത്തിന്റെ നാല് ഭാഗത്തും ദേശീയ പതാകയും 'സത്യമേവ ജയതേ' എന്ന ആപ്ത വാക്യവും മുദ്രണം ചെയ്തിരുന്നു. ചന്ദ്രോപരിതലം തൊട്ട ഇന്ത്യയുടെ ആദ്യത്തെ പര്യവേഷണ പേടകമായിരുന്നു മൂൺ ഇംപാക്ട് പ്രോബ്. ചന്ദ്രന്റെ 100 കിലോമീറ്റർ മുകളിൽ നിന്നായിരുന്നു ഓർബിറ്ററിൽ നിന്നും വേർപ്പെടുവിച്ച് ഇതിനെ താഴെയിറക്കിയത്. മുൻ രാഷ്‌ട്രപതിയും ആണവ - ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുൽ കലാമിന്റെ നിർദേശ പ്രകാരമായിരുന്നു ചന്ദ്രോപരിതലം തൊടുന്ന മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രയാൻ-1 ദൗത്യത്തിന്റെ ഭാഗമാക്കിയത്.
2008 നവംബർ 14 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മുൻ നിശ്ചയിച്ച ഗർത്തത്തിലേക്കായിരുന്നു പേടകം ചെന്ന് പതിച്ചത്. ഈ ദിവസം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായതിനാൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഭാഗത്തിന് ജവഹർ പോയിന്റ് എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. പേടകം പ്രവർത്തന രഹിതമായെങ്കിലും ഇന്ത്യൻ മുദ്രകളുമായി ചന്ദ്രനെ തൊട്ട ആദ്യത്തെ വസ്തു മൂൺ ഇംപാക്ട് പ്രോബ് ആണെന്ന് പറയാം.
ദക്ഷിണ ധ്രുവത്തിൽ ഛിന്നഭിന്നമായ രണ്ടാം ദൗത്യത്തിലെ ലാൻഡറും റോവറും
2019 ലെ ചന്ദ്രയാൻ- 2 ദൗത്യത്തിലെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ് പിഴച്ചില്ലായിരുന്നെകിൽ ഇതിന് മുൻപേ നമ്മുടെ ദേശീയ മുദ്രകൾ ചന്ദ്രോപരിതലം തോട്ടേനെ. അന്നും റോവറിന്റെ ചക്രങ്ങളിൽ അശോക സ്തംഭവും ഐഎസ്ആർഒ മുദ്രയും ആലേഖനം ചെയ്തിരുന്നു. ചന്ദ്രോപരിതലത്തിലെ മാൻസിനസ് - സി, സിംബിലിയാസ്- എൻ എന്നീ രണ്ട് ഗർത്തങ്ങൾക്കിടയിലെ സമതല പ്രദേശത്തായിരുന്നു ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിച്ചത്. എന്നാൽ സോഫ്റ്റ്വെയർ തകരാർ കാരണം വേഗം നിയന്ത്രിക്കാനാവാതെ വന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. ലാൻഡിങ് സൈറ്റിന് 600 മീറ്റർ ചുറ്റളവിൽ ലാൻഡറിന്റെ ഛിന്നഭിന്നമായ കഷ്ണങ്ങൾ നാസയുടെ എൽ ആർ ഓർബിറ്ററിലെ ക്യാമറകൾ പിന്നീട് കണ്ടെത്തിയിരുന്നു.
മൃതദേഹ അവശിഷ്ടം , ഗോൾഫ് ബോൾ, കാമറ... ഭൂമിയിൽ നിന്നെത്തിയത് ഇവയൊക്കെ
ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ നീൽ ആംസ്‌ട്രോങ്ങിന്റെ ബൂട്ടിന്റെ പാടുകൾ, ചന്ദ്രനിൽ കുത്തി നിർത്തിയ അമേരിക്കൻ പതാക, രാഷ്ട്ര തലവന്മാർ ഒപ്പിട്ട സന്ദേശമടങ്ങിയ പേപ്പർ, അമേരിക്കയുടെ ചാന്ദ്ര ദൗത്യ പേടകമായ അപ്പോളോ -14 ലെ ശാസ്ത്രജ്ഞൻ അലൻ ഷെപ്പേർഡ് ഗോൾഫ് കളിച്ച് അടിച്ച് തെറിപ്പിച്ച പന്ത്, അപ്പോളോ 17 ദൗത്യ സംഘത്തിലെ ശാസ്ത്രജ്ഞൻ യൂജിൻ സർനാൻ ഉപേക്ഷിച്ച സ്റ്റിൽ കാമറ തുടങ്ങിയവയെല്ലാം ഇന്ത്യയുടെ പഴയ മൂൺ ഇംപാക്ട് പ്രോബ്, ലാൻഡർ പേടകങ്ങൾക്കൊപ്പം ചന്ദ്രോപരിതലത്തിലുണ്ട്. ചന്ദ്രനിൽ പോകാൻ അതിയായി ആഗ്രഹിച്ച യുജീൻ ഷുമാക്കർ എന്ന ശാസ്ത്രജ്ഞന്റെ മൃതദേഹത്തിന്റെ ചെറിയ കഷ്ണങ്ങളും അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം നാസ ലൂണാർ പ്രോസ്പെക്ടർ എന്ന ബഹിരാകാശ വാഹനത്തിൽ ചന്ദ്രനിലെത്തിച്ചിട്ടുണ്ട്.
ചന്ദ്രനിൽ അന്തരീക്ഷമോ കാറ്റോ ഇല്ലാത്തതിനാൽ ഇവയെല്ലാം രൂപത്തിലോ ഘടനയിലോ മാറ്റമില്ലാതെ തുടരുന്നു. ചന്ദ്രയാൻ - 3 ദൗത്യത്തിലെ അതിനിർണായകമായ 'സോഫ്റ്റ് ലാൻഡിങ്' എന്ന കടമ്പ കടന്നാൽ നമ്മുടെ ദേശീയ മുദ്രയും സമാന രീതിയിൽ എന്നന്നേക്കുമായി ചന്ദ്രോപരിതലത്തിൽ പതിഞ്ഞുകിടക്കും. പതിനാല് ദിവസത്തെ പര്യവേഷണം പൂർത്തിയാകുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇരുട്ട് പരക്കുകയും ദൗത്യ പേടകം തണുത്തുറയുകയും പ്രവർത്തന രഹിതമാകുകയും ചെയ്യും. എങ്കിലും നമ്മൾ ചന്ദ്രനെ തൊട്ടതിന്റെ തെളിവായി 140 കോടി ഇന്ത്യക്കാരുടെ അഭിമാനമായി ലാൻഡറും റോവറും ചന്ദ്രനുള്ള കാലത്തോളം അവിടെയുണ്ടാകും.