ആര്‍ട്ടെമിസ് 1
ആര്‍ട്ടെമിസ് 1 NASA/Joel Kowsky

സാങ്കേതിക തകരാർ പരിഹരിച്ചു; നാസയുടെ ആര്‍ട്ടെമിസ് 1 വിക്ഷേപണം ശനിയാഴ്ച

ഓഗസ്റ്റ് 29ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം യന്ത്രത്തകരാർ മൂലം മാറ്റിവെച്ചിരുന്നു
Updated on
1 min read

നാസയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ആർട്ടെമിസ് ദൗത്യ പരമ്പരയിലെ ആദ്യത്തേത് ശനിയാഴ്ച വീണ്ടും വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്തേണ്ടിയിരുന്ന മൂണ്‍ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം യന്ത്രത്തകരാറ് മൂലം മാറ്റിവെച്ചിരുന്നു. 17 ബ​ഹിരാകാശ യാത്രികരെ അവസാനമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂർത്തിയാകുമ്പോഴാണ് നാസ പുതിയ ചാന്ദ്രദൗത്യവുമായി എത്തിയത്.

പരീക്ഷണ പറക്കലിന് തയ്യാറെടുക്കുമ്പോള്‍ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാർ ശ്രദ്ധയില്‍പ്പെട്ടത്. പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് വിക്ഷേപണം നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത് . താപനിലയിലുണ്ടായ വ്യതിയാനത്തെ തുടർന്ന് 322 അടി ഉയരമുള്ള സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് ആർഎസ്-25 എഞ്ചിനുകളില്‍ ഒന്നിന്റെ പ്രവർത്തനം തകരാറിലായി. പറന്നുയരുന്നതിന് അനുയോജ്യമായ താപനില പരിധിയിലേക്ക് എഞ്ചിനുകളെ എത്തിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.

ആര്‍ട്ടെമിസ് 1
ആര്‍ട്ടെമിസ് 1 വിക്ഷേപണം മാറ്റിവെച്ചു; സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ പേടകവും പരീക്ഷിക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആര്‍ട്ടെമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്ന ബഹിരാകാശ പേടകമാണ് ഓറിയോണ്‍ കാപ്‌സ്യൂള്‍. 42 ദിവസത്തെ യാത്രയില്‍ ഓറിയോണ്‍ ചന്ദ്രന് ചുറ്റുമുളള ദീര്‍ഘവൃത്താകൃതിയിലുളള പാതയില്‍ എത്തിച്ചേരും. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളാണ് ദൗത്യത്തിന് ഉപയോ​ഗിക്കുക. ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലം വച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്.

1972 ന് ശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്. 2016 ലായിരുന്നു ആദ്യ വിക്ഷേപണം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു. ആര്‍ട്ടെമിസ് പദ്ധതിക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വിക്ഷേപണ വാഹനമാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ് എല്‍എസ്). മനുഷ്യന്‍ ഇതുവരെ നിര്‍മിച്ച ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് ഇത്. സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണ പറക്കലാണ് ആര്‍ട്ടെമിസ് 1. ചെറു ഉപഗ്രഹങ്ങളും ബഹിരാകാശ പേടകമായ ഓറിയോണും വഹിച്ചുകൊണ്ടുള്ള മനുഷ്യനില്ലാ പറക്കലില്‍ ഓറിയോണിന്റെ ആദ്യ വിക്ഷേപണവും ഈ ദൗത്യത്തിനൊപ്പമാണ്. 2024 ല്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഓര്‍ബിറ്റല്‍ ദൗത്യവും 2025 ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കാനുമാണ് നാസയുടെ പദ്ധതി.

logo
The Fourth
www.thefourthnews.in