സൂര്യന്റെ ഒരുഭാഗം അടര്‍ന്ന് പോയിട്ടില്ല; ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞർ
സൂര്യന്റെ ഒരുഭാഗം അടര്‍ന്നുപോയെന്ന വാര്‍ത്ത അതീവ ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാല്‍ ആശങ്ക വണ്ടെന്ന വെളിപ്പെടുത്തല്‍ വരികയാണ് ഇപ്പോള്‍. വടക്കന്‍ ഉപരിതലത്തിന് ചുറ്റുമുള്ള പ്ലാസ്മയില്‍ നിന്ന് ഒരുഭാഗം അടര്‍ന്നുമാറി ഉത്തരധ്രുവത്തിന് ചുറ്റും ഭീമന്‍ ചുഴിപോലെ കറങ്ങുകയാണെന്നാണ് കണ്ടെത്തല്‍. ഭൂമിക്ക് ആശങ്കപ്പെടാന്‍ ഇല്ലെന്നും യാതൊരു കൊറോണല്‍ മാസ് ഇജക്ഷന്‍സ് ഇല്ലെന്നതിനാൽ അപകടവുമില്ലെന്നും വ്യക്തമാക്കുകയാണ് ശാസ്ത്രജ്ഞര്‍.
സൂര്യന്റെ അന്തരീക്ഷത്തിലെ ശക്തമായ പൊട്ടിത്തെറിയും ഊര്‍ജ പ്രവാഹവുമാണ് സൗരജ്വാല. സൂര്യന്‍ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വര്‍ഷിക്കപ്പെടുന്ന കാന്തിക കണങ്ങളാണ് സൗരക്കാറ്റ്. ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണല്‍ മാസ് ഇജക്ഷന്‍സ് എന്നാണ് പറയുന്നത്.
യഥാര്‍ഥത്തില്‍ സംഭവിച്ചത്
സൂര്യന്റെ ഉപരിതലത്തിന് ചുറ്റും വ്യാപിച്ചു കിടക്കുന്ന പ്ലാസ്മയ്ക്ക് ( സോളാര്‍ ഫിലമെന്‌റ്) സംഭവിച്ച വളവാണ് പ്രതിഭാസത്തിന് ആധാരം. തുടര്‍ന്ന് ഈ ഭാഗം ഉപരിതലത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു. സാധാരണ അകന്നുമാറുന്ന ഫിലമെന്റുകള്‍ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഒരു വലിയ ചുഴിരൂപത്തില്‍ പരിണമിച്ചു. സൃഷ്ടിക്കപെടാന്‍ കാരണമായി. ഇവയുടെ കേന്ദ്രം സൂര്യന്റെ കൊറോണയുടെ കാന്തികവലയത്തില്‍ ആയിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ സൂര്യന്‍ ഒരു സൗരചക്രത്തിന്റെ നടുവിലാണ്. ഒരു സൗരചക്രം പൂര്‍ത്തിയാവുന്ന സമയത്ത് താരതമ്യേന ശാന്തമായ അന്തരീക്ഷത്തില്‍ നിന്ന് സൗര ഉപരിതലം കൊടുങ്കാറ്റുള്ളതായി മാറുന്നു. സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ സൂര്യന്റെ കാന്തികധ്രുവങ്ങള്‍ മാറിപോകുന്നു. ചുഴി രൂപപ്പെട്ടതിന് ശേഷം ഇത് പെട്ടെന്ന് പൊട്ടിമാറുകയും ധ്രുവങ്ങള്‍ക്ക് മുകളില്‍ മണിക്കൂറുകളോളം നിലനിൽക്കുകയും ചെയ്തു. ഇത് ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ മാറ്റമാണ്. ഭൂമിയില്‍ കാണപ്പെടുന്നതിന് സമാനമായ പോളാര്‍ വൊര്‍ടെക്‌സ് എന്ന പ്രതിഭാസമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍ രണ്ട് ധ്രുവങ്ങളെയും ചുറ്റി കുറഞ്ഞ മര്‍ദവും തണുത്ത വായുവുമുള്ള മേഖലയിലാണ് പോളാര്‍വെര്‍ടെക്‌സ് കാണപ്പെടുന്നത്.
ഭൂമിക്ക് ഇത് ഭീഷണിയാണോ ?
ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇപ്പോള്‍ അത് ഭൂമിക്ക് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. അതേ സമയം, സൂര്യനില്‍ അടിക്കടിയുണ്ടാകുന്ന സൗരജ്വാലകള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സൗരകൊടുങ്കാറ്റ് എന്നിവ ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക എല്ലാക്കാലവും ശാസ്ത്രജ്ഞർക്ക് ഉണ്ട്.