'എനിക്കാരുടെയും സഹായം വേണ്ട'; മുഖത്തുണ്ടായ മുറിവ് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ, അമ്പരന്ന് ഗവേഷകർ

'എനിക്കാരുടെയും സഹായം വേണ്ട'; മുഖത്തുണ്ടായ മുറിവ് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ, അമ്പരന്ന് ഗവേഷകർ

1989-ൽ ജനിച്ചതായി കരുതപ്പെടുന്ന റക്കസ്, മുഖത്തിൻ്റെ ഇരുവശങ്ങളിലും വലിയ കവിൾത്തടങ്ങളുള്ള പുരുഷ ലൈംഗിക സ്വഭാവസവിശേഷതകളുള്ള ഒറാങ്ങുട്ടാനാണ്
Updated on
1 min read

മുഖത്തുണ്ടായ പരുക്ക് ഔഷധഗുണമുള്ള ചെടികൾ ഉപയോഗിച്ച് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ. ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലെ ഗുനുങ് ല്യൂസർ നാഷണൽ പാർക്കിൽ 2022 ജൂണിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സയന്റിഫിക് റിപ്പോർട്ട്സിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ചില മൃഗങ്ങൾ കാട്ടിൽ കണ്ടെത്തിയ പ്രതിവിധികൾ ഉപയോഗിച്ച് സ്വന്തം രോഗങ്ങളെ ശമിപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ശാസ്ത്രജ്ഞർ ഇതിനെ കണക്കാക്കുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള ആളുകൾ വേദനയ്ക്കും വീക്കത്തിനും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യത്തിൻ്റെ ഇലകൾ ഒറാങ്ങുട്ടാൻ പറിച്ചെടുത്ത് ചവച്ചരക്കുന്നതാണ് ആദ്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടത്. പിന്നീട് തൻ്റെ വിരലുകൾ ഉപയോഗിച്ച് വലത് കവിളിലെ മുറിവിൽ ചെടിയുടെ നീര് പുരട്ടി. അതിനുശേഷം, മുറിവുകളിൽ ബാൻഡ് എയ്‌ഡുകൾ ഒട്ടിക്കുന്നതുപോലെ ചവച്ചരച്ച ഇലകൾ കൊണ്ട് കവിളിലെ മുറിവ് മറയ്ക്കുകയായിരുന്നു. ഒരുമാസത്തിനുള്ളിൽ മുറിവ് ഉണങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

'എനിക്കാരുടെയും സഹായം വേണ്ട'; മുഖത്തുണ്ടായ മുറിവ് സ്വയം ചികിത്സിച്ച് ഭേദമാക്കി ഒറാങ്ങുട്ടാൻ, അമ്പരന്ന് ഗവേഷകർ
നിയാണ്ടർതാൽ സ്ത്രീയുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം; കണ്ടെത്തിയത് 75,000 വർഷം പഴക്കമുള്ള തലയോട്ടി

നിരവധി മനുഷ്യക്കുരങ്ങുകൾ ഇത്തരത്തിൽ വനങ്ങളിൽനിന്ന് സ്വയം ചികിത്സ നടത്താറുള്ളതായി മുൻപും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരു വന്യമൃഗം ഈ രീതിയിൽ പെരുമാറുന്നത് ആദ്യമാണ്. മറ്റുള്ള ഒറാങ്ങുട്ടൻമാരുമായുള്ള തമ്മിൽത്തല്ലിലാണ് റക്കസ് എന്ന ഒറാങ്ങുട്ടാന് പരുക്കേറ്റത്. ഇതോടെ ഗവേഷകർ നിരീക്ഷണം ആരംഭിച്ചു. വംശനാശഭീഷണി നേരിടുന്ന നൂറ്റിയമ്പതോളം സുമാത്രൻ ഒറാങ്ങുട്ടാനുകളുടെ ആവാസ കേന്ദ്രമാണ് പീറ്റ് ചതുപ്പ് വനമേഖല.

1989-ൽ ജനിച്ചതായി കരുതപ്പെടുന്ന റക്കസ്, മുഖത്തിൻ്റെ ഇരുവശങ്ങളിലും വലിയ കവിൾത്തടങ്ങളുള്ള പുരുഷ ലൈംഗിക സ്വഭാവസവിശേഷതകളുള്ള ഒറാങ്ങുട്ടാനാണ്. പാർക്കിന് പുറത്ത് താമസിക്കുന്ന മറ്റ് ഒറാങ്ങുട്ടാനുകളിൽ നിന്നായിരിക്കാം റാക്കസ് ഈ വിദ്യകൾ പഠിച്ചത് എന്നാണ് സഹഗവേഷകയായ കരോലിൻ ഷുപ്ലി അഭിപ്രായപ്പെടുന്നു.

ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്‌ക്കിടയിൽ സ്ഥിതി ചെയ്യുന്ന ബോർണിയോ ദ്വീപിലെ ഒറാങ്ങുട്ടാനുകൾ, ശരീരവേദന കുറയ്ക്കുന്നതിനോ പരാന്നഭോജികളെ തുരത്തുന്നതിനോ വേണ്ടി ഔഷധ സസ്യങ്ങളുടെ നീരുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ ചിമ്പാൻസികൾ കയ്പുള്ള ചെടികളുടെ തളിരില ചവച്ചരച്ച് വയറു സുഖപ്പെടുത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗൊറില്ലകൾ, ചിമ്പാൻസികൾ, ബോണോബോസ് എന്നിവ വയറിലെ പരാന്നഭോജികളെ അകറ്റാൻ ചില പരുക്കൻ ഇലകൾ മുഴുവനായും വിഴുങ്ങാറുണ്ട്.

logo
The Fourth
www.thefourthnews.in