ചരിത്രം സൃഷ്ടിച്ച് നാസ; ഒസിരിസ് ദൗത്യം വിജയം, ബെന്നു ചിന്ന ഗ്രഹത്തിന്റെ അവശിഷ്ടം ഭൂമിയിലെത്തിച്ചു
ചിന്ന ഗ്രഹത്തിന്റെ അവശിഷ്ടം ഭൂമിയിലെത്തിക്കുന്ന നാസയുടെ ഒസിരിസ് ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ബെന്നു എന്ന ചിന്ന ഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളാണ് ഭൂമിയിലെത്തിച്ചത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന ആദ്യത്തെ യുഎസ് ദൗത്യമാണിത്. ദൗത്യം വിജയിച്ചതോടെ പേടകത്തിന്റെ ഏഴ് വര്‍ഷം നീണ്ട യാത്ര അവസാനിച്ചു.
ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്. സൗരയുഥത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വഴിവയ്ക്കുന്ന നിര്‍ണായക ദൗത്യമാവും ഒസിരിസ് എന്നാണ് സാമ്പിള്‍ ക്യാപ്സ്യൂള്‍ യൂട്ടാ ടെസ്റ്റിലും ട്രെയിനിങ് റേഞ്ചിലും ഇറങ്ങിയതിന് ശേഷം നാസ പ്രതികരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.
ബഹിരാകാശത്ത് 1.2 ബില്ല്യണ്‍ മൈല്‍ സഞ്ചിരിച്ച പേടകത്തിന്റെ സുരക്ഷിത ലാന്‍ഡിങിനായി യൂട്ടാ മരുഭൂമിയായിരുന്നു സജ്ജീകരിച്ചിരുന്നത്. കാപ്സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. 2016 സെപ്റ്റംബര്‍ എട്ടിന് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു ഒസിരിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. 2018 ല്‍ ഒസിരിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. 2020-ലാണ് ഒക്ടോബറിലാണ് ഒസിരിസ് റെക്സ് ബെന്നുവിനെ തൊട്ടത്.
ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ബെന്നു. 250 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളതും പ്രാകൃതമായ അവസ്ഥയില്‍ സൂക്ഷിക്കപ്പെട്ടതുമായ ശേഖരിച്ച സാമ്പിളുകളാണ് ഒസിരിസ് ദൗത്യത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ബെന്നു പോലുള്ള ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങള്‍ നമ്മുടെ ഗ്രഹത്തില്‍ ഇടിക്കുമ്പോള്‍ ഉണ്ടാകുന്ന ദീര്‍ഘകാല അപകടസാധ്യതകള്‍ മനസ്സിലാക്കാനും സൗരയുഥവുമായി ബന്ധപ്പെട്ട നിര്‍ണായക പഠനങ്ങള്‍ക്കും ഒസിരിസ് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.