സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1; പുറംതോടിലെ ഊര്‍ജവും പിണ്ഡവും അളന്നു

സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1; പുറംതോടിലെ ഊര്‍ജവും പിണ്ഡവും അളന്നു

പേടകത്തിലെ പേലോഡായ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(പാപ)യാണ് സൗരവാതത്തിലെ കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ആഘാതം കണ്ടെത്തിയത്
Updated on
1 min read

സൗരരഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള ദൗത്യത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1. ഇന്ത്യയുടെ ആദ്യ സൗരദൗത്യ പേടകമായ ആദിത്യ-എല്‍1 സൂര്യന്റെ പുറംതോടിലുള്ള ഊര്‍ജവും പിണ്ഡവും അളന്നു.

പേടകത്തിലെ പേലോഡായ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(പാപ) സൗരവാതത്തിലെ കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ആഘാതം കണ്ടെത്തിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു. സൂര്യന്റെ കൊറോണയില്‍നിന്ന് ഹീലിയോസ്ഫിയറിലേക്ക് പ്ലാസ്മയുടേയും കാന്തികമണ്ഡലങ്ങളുടെയും വലിയ കൂട്ടത്തെ പുറന്തള്ളുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് പറയുന്നത്.

ആദിത്യ-എല്‍1നിന്ന് ഫെബ്രുവരി 10, 11 തിയ്യതികളില്‍ ലഭിച്ച വിവരങ്ങളാണ് ഐ എസ് ആര്‍ ഒ പുറത്തുവിട്ടത്. സൗരക്കാറ്റിലെ അയോണുകളും ഇലക്ട്രോണുകളും ആദിത്യ-എല്‍1 തിരിച്ചറിഞ്ഞതായി ഐ എസ് ആര്‍ ഒ അറിയിച്ചു. പാപ പേലോഡിലെ സെന്‍സറുകളാണ് ഇവ കണ്ടെത്തിയത്. സൂര്യന്റെ അകക്കാമ്പിനെക്കാള്‍ താപം പുറംതോടായ കൊറോണയില്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കാനുദ്ദേശിച്ചുള്ള ഉപകരണമാണ് പാപ.

സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1; പുറംതോടിലെ ഊര്‍ജവും പിണ്ഡവും അളന്നു
ഒരു ചുവടകലെ ആദ്യ ഗഗന്‍യാന്‍ ദൗത്യം; ക്രയോജനിക് എന്‍ജിന്റെ അന്തിമ പരീക്ഷണം വിജയം

സൗരവാതകണങ്ങളുടെ തുടക്കം കണ്ടെത്താന്‍ ലക്ഷ്യമിടുന്ന രണ്ട് സെന്‍സറുകള്‍ ഉള്‍പ്പെടുന്നതാണ് പാപ പേലോഡ്. ഇലക്ട്രോണുകള്‍ അളക്കാന്‍ സോളാര്‍ വിന്‍ഡ് ഇലക്ട്രോണ്‍ എനര്‍ജി പ്രോബ് (സ്വീപ്), അയോണുകള്‍ അളക്കാന്‍ സോളാര്‍ വിന്‍ഡ് അയോണ്‍ കോമ്പോസിഷന്‍ അനലൈസര്‍ (സ്വികാര്‍) എന്നിവയാണ് സെന്‍സറുകള്‍.

പ്രോട്ടോണുകളുടെയും ആല്‍ഫ കണങ്ങളുടെയും സ്വാധീനമുള്ള തരംഗങ്ങള്‍ റെക്കോര്‍ഡുചെയ്യുന്ന ഈ സെന്‍സറുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. സ്വീപ്, സ്വികാര്‍ സെന്‍സറുകളുടെ വളരെ സൂക്ഷ്മമായ തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെ, പേടകം സ്ഥിതിചെയ്യുന്ന എല്‍1 പോയിന്റിലെ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആദിത്യ എല്‍-1ന് കഴിയും.

സൗരരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പുമായി ആദിത്യ-എല്‍1; പുറംതോടിലെ ഊര്‍ജവും പിണ്ഡവും അളന്നു
കാലാവസ്ഥ പ്രവചനത്തിൽ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തിൽ

ഡിസംബര്‍ 15 നും ഫെബ്രുവരി 10-11 നും ഇടയില്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിച്ചതായി വ്യക്തമാക്കുന്നാണ് പാപ ശേഖരിച്ച വിവരങ്ങള്‍. ഐ എസ് ആര്‍ ഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററി(വി എസ് എസ് സി)ലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടിയും ഏവിയോണിക്‌സ് എന്റിറ്റിയും ചേര്‍ന്നാണ് പാപ പേലോഡ് വികസിപ്പിച്ചെടുത്തത്.

സെപ്തംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എല്‍-1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 126 ദിവസത്തെ യാത്രയ്ക്കുശേഷം ലഗ്രാഞ്ച് ഒന്ന്  എന്ന ബിന്ദുവിലെത്തിയ ആദിത്യ എല്‍-1ന് മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  ആദിത്യ എൽ1ന് സാധിക്കും.

യാത്രക്കിടെ പേടകത്തിലെ സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്റർ (സ്വിസ്) എന്ന ഉപകരണം സൗരവാത അയോണുകൾ, പ്രധാനമായും പ്രോട്ടോണുകളും ആൽഫ കണങ്ങളും ഉപകരണം വിജയകരമായി അളന്നിരുന്നു.

logo
The Fourth
www.thefourthnews.in