മനുഷ്യരെപ്പോലെ ചെടികളും സംസാരിക്കും; ശബ്ദം റെക്കോഡ് ചെയ്ത് ഗവേഷകര്‍

മനുഷ്യരെപ്പോലെ ചെടികളും സംസാരിക്കും; ശബ്ദം റെക്കോഡ് ചെയ്ത് ഗവേഷകര്‍

മനുഷ്യന്റെ ശ്രവണപരിധിക്ക് അപ്പുറമായതിനാലാണ് ചെടികളുടെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ സാധിക്കാത്തതെന്ന് ഗവേഷകര്‍
Updated on
2 min read

മനുഷ്യരെപ്പോലെ ചെടികളും സംസാരിക്കുമോയെന്നത് മനുഷ്യര്‍ക്ക് എന്നും കൗതുകമുള്ളതാണ്. ഫാന്റസി സിനിമകളിലും കാര്‍ട്ടൂണുകളിലും കഥകളിലുമൊക്കെ സംസാരിക്കുന്ന ചെടികള്‍ മനുഷ്യന്റെ ഭാവനകളില്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ചെടികള്‍ സംസാരിക്കുന്നുണ്ടെന്നും ദുഃഖം വരുമ്പോള്‍ കരയുന്നുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചെടികള്‍ സംസാരിക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. മനുഷ്യരെപ്പോലെ തന്നെ മാനസിക പിരിമുറുക്കമനുഭവിക്കുന്ന ചെടികള്‍ ശബ്ദമുണ്ടാക്കുന്നുണ്ടെന്നാണ് ഇസ്രായേൽ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പോപ്‌കോണ്‍ പോപ് ചെയ്യുന്നതിന് സമാനമാണെന്ന് തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു. ഇത് മനുഷ്യര്‍ സംസാരിക്കുന്നതിന് സമാനമായ അളവിലാണെങ്കിലും ഉയര്‍ന്ന ആവൃത്തിയിലാണ്. അതായത് മനുഷ്യന്റെ ശ്രവണപരിധിക്ക് അപ്പുറമായതിനാലാണ് ചെടികളുടെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ സാധിക്കാത്തതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

സെല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെടികള്‍ അന്തരീകഷത്തില്‍ അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിപ്പിക്കുന്നുണ്ടെന്നും അവയെ അകലെനിന്ന് റെക്കോഡ് ചെയ്യാനും വേര്‍തിരിക്കാനും സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തക്കാളി,പുകയില എന്നിവയുടെ അൾട്രോസോണിക് ശബ്ദം സൗണ്ട് പ്രൂഫ് ചേംബറിലും ഗ്രീന്‍ഹൗസിലും ചെടികളുടെ സൈക്കോളജിക്കല്‍ പരാമീറ്ററുകള്‍ക്കൊപ്പം രേഖപ്പെടുത്തിയതായി ഗവേഷകര്‍ പറയുന്നു.

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദത്തിന്റെ ഉയര്‍ന്ന പരിധി 16 കിലോഹെട്‌സ് മാത്രമാണ്

തക്കാളി, പുകയില എന്നിവയ്‌ക്കൊപ്പം ഗോതമ്പ്, ചോളം, കള്ളിമുള്‍ച്ചെടി, ഹെന്‍ബിറ്റ് തുടങ്ങിയ ചെടികളുടെ ശബ്ദവും ഗവേഷകര്‍ റെക്കോര്‍ഡ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് ഈ ചെടികളെ വിവിധ സാഹചര്യങ്ങളിലാക്കിയിരുന്നു. ചിലത് അഞ്ച് ദിവസത്തോളം നനച്ചില്ല. ചിലതിന്റെ തണ്ടുകള്‍ മുറിച്ചുകളഞ്ഞു. മറ്റു ചിലത് തൊടാതെ വച്ചു. പിന്നീട് ഗവേഷകര്‍ മറ്റ് അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കുന്നതിനായി ഇവയെ സൗണ്ട്പ്രൂഫ് ചേമ്പറുകളിള്‍ സൂക്ഷിക്കുകയും ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന 20-250 കിലോഹെട്‌സ് അള്‍ട്രാസോണിക് ശബ്ദം റെക്കോഡ് ചെയ്യുന്നതിനായി ചേംബറിനകത്ത് അള്‍ട്രാസോണിക് മൈക്ക് ഘടിപ്പിക്കുകയുെ ചെയ്തു.

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദത്തിന്റെ ഉയര്‍ന്ന പരിധി 16 കിലോ ഹെട്‌സ് മാത്രമാണ്. പരീക്ഷണത്തില്‍ വ്യക്തമായത് ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം 40-80 കിലോഹെട്‌സ് വരെയാണ്. മാസിക പിരിമുറുക്കം അനുഭവപ്പെടാത്ത ചെടികള്‍ മാനസിക പിരിമുറുക്കമുള്ളവയേക്കാള്‍ കുറഞ്ഞ ശബ്ദമാണ് പുറപ്പെടുവിക്കുന്നതെന്നും അത് മണിക്കൂറില്‍ ശരാശരി ഒന്ന് എന്ന തോതിലാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ നനയ്ക്കാത്തതും തണ്ട് മുറിച്ചതുമായ ചെടികള്‍ ഡസന്‍ കണക്കിന് ശബ്ദമാണ് പുറപ്പെടുവിക്കുന്നതെന്ന് സ്‌കൂള്‍ ഓഫ് പ്ലാന്റ് സയന്‍സസ് ആന്‍ഡ് ഫുഡ് സെക്യൂരിറ്റിയിലെ പ്രൊഫസര്‍ ലിലാച്ച് ഹഡാനി, വൈസ് ഫാക്കല്‍റ്റി ഓഫ് ലൈഫ് സയന്‍സസിലെ പ്രൊഫ. ജോര്‍ജ് എസ് എന്നിവര്‍ വ്യക്തമാക്കി.

സസ്യങ്ങള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് ഞങ്ങള്‍ തെളിയിച്ചു

വിവിധ തരത്തിലുള്ള ചെടികളെയും ശബ്ദങ്ങളേയും വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടിയണ് ഗവേഷകര്‍ റെക്കോഡ് ചെയ്ത ശബ്ദങ്ങള്‍ പഠനവിധേയമാക്കിയത്. വളരെ പഴയ ശാസ്ത്രീയ തര്‍ക്കത്തിന് ഈ പഠനത്തിൽ പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെട്ടു. സസ്യങ്ങള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് ഞങ്ങള്‍ തെളിയിച്ചു. ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് നമുക്ക് ചുറ്റുമുള്ള ലോകം സസ്യശബ്ദങ്ങള്‍ നിറഞ്ഞതാണെന്നും ഈ ശബ്ദങ്ങളില്‍ ജലദൗര്‍ലഭ്യം, പരുക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in