പ്രഗ്യാൻ റോവറിന്റെ 'വഴിമുടക്കി' ഗർത്തം; പുതിയ പാതയിൽ സുരക്ഷിതമായി നീങ്ങുന്നുവെന്ന് ഐഎസ്ആർഒ
ചന്ദ്രനില്‍ പഠനം നടത്തുന്ന പ്രഗ്യാന്‍ റോവറിന്റെ വഴിയില്‍ വലിയ ഗര്‍ത്തം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ഗര്‍ത്തം 'കണ്ണിൽപ്പെട്ട'തോടെ സഞ്ചാരപാതമാറ്റി യാത്ര തുടരുകയാണ് റോവര്‍. റോവറിലെ നാവിഗേഷൻ കാമറ പകര്‍ത്തിയ ഗര്‍ത്തത്തിന്‌റെയും സഞ്ചാരപാതയുടെയും എല്ലാം പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ഗര്‍ത്തങ്ങളും വലിയ പാറക്കൂട്ടങ്ങളും ഉള്ളതാണ് ചന്ദ്രോപരിതലം, പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവം. അവിടെയുള്ള നിരപ്പല്ലാത്ത പ്രതലം ചന്ദ്രയാന്‍-3 ലാന്‍ഡിങ്ങിൽ വലിയ ആശങ്കയായിരുന്നു. എന്നാല്‍ കണക്കുകൂട്ടിയത് പോലെ സമതലമായ ഇടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി. ലാന്‍ഡറില്‍ നിന്ന് പുറത്തുകടന്ന പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ കറങ്ങി നടന്ന് പഠനം നടത്തുകയാണ്. ഇതിനിടയിലാണ് ഇന്നലെ റോവറിന്റെ പാതയില്‍ വലിയൊരു ഗര്‍ത്തം കണ്ടെത്തിയത്.
റോവര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കെ നേരെ മുന്‍പില്‍ ഗര്‍ത്തം കണ്ടതോടെ വഴിമാറ്റുകയായിരുന്നു. മൂന്ന് മീറ്റര്‍ അടുത്തെത്തിയപ്പോഴാണ് റോവറിന് ഗര്‍ത്തം മനസിലായത്. നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിലേക്ക് വീണിരുന്നെങ്കില്‍ റോവര്‍ ചിലപ്പോള്‍ പണിമുടക്കിയേനേ. റോവര്‍ പുതിയ പാതയിലൂടെ സുരക്ഷിതമായി നീങ്ങുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
'' 2023 ഓഗസ്റ്റ് 27 ന് റോവറിന് മൂന്ന് മീറ്റര്‍ മുന്നിലായി നാല് മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടു. പാത തിരിച്ച് വിടാന്‍ ഉടന്‍ തന്നെ റോവറിന് നിര്‍ദേശം നല്‍കി. റോവര്‍ ഇപ്പോള്‍ സുരക്ഷിതമായി പുതിയ പാതയിലൂടെ സഞ്ചരിക്കുന്നു, '' ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.
ചന്ദ്രോപരിതലത്തിന്റെ താപനില രേഖപ്പെടുത്തിയതടക്കം നിര്‍ണായക ശാസ്ത്രീയ വിവരങ്ങളാണ് പ്രഗ്യാന്‍ റോവര്‍ പുറത്തുവിടുന്നത്. ഉപരിതലത്തില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് എന്നും എട്ട് സെന്‌റീമീറ്റര്‍ താഴുമ്പോഴേക്ക് നെഗറ്റീവ് താപനിലയിലേക്ക് പോകുന്നുവെന്നും നിരീക്ഷണത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ചന്ദ്രന്‌റെ ഉപരിതലത്തിന് തൊട്ടുതാഴെ തണുത്തുറഞ്ഞ ഐസ് പാളിയെന്ന അനുമാനത്തിലാണ് ശാസ്ത്രലോകം. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങളും അപഗ്രഥനങ്ങളും തുടരുകയാണ് ഐഎസ്ആര്‍ഒ.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. മണിക്കൂറുകള്‍ക്കകം റോവര്‍ പുറത്തിറങ്ങി.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഗ്യാന് 14 ദിവസമാണ് ആയുസ്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തിന് സമീപം കറങ്ങി നടന്നാണ് റോവര്‍ സാമ്പിളുകളും മറ്റ് വിവരങ്ങളും ശേഖരിക്കുന്നത്. ഇനി ഒന്‍പത് ദിവസമാണ് പഠനങ്ങള്‍ക്കായുള്ളത്.