ഇനി ആണ്‍ ഈച്ചകള്‍ വേണ്ട; ജീന്‍ പരിഷ്‌കരണത്തിലൂടെ പഴയീച്ചകളില്‍ അലൈംഗിക പ്രത്യുത്പാദനം സാധ്യമാക്കി ഗവേഷകര്‍
ജീവികളിലെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട അപൂര്‍വ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഒരിനം പഴയീച്ചകളിലാണ് 'കന്യകാ ജനനം' കൃത്രിമമായി സാധ്യമാക്കിയത്. പുരുഷ ഈച്ചകളില്ലെങ്കിലും പെൺ പഴയീച്ചകളിൽ ജനിതകമാറ്റം വരുത്തി പ്രത്യുത്പാദനം നടത്താനാകുമെന്നതാണ് വസ്തുത.
'കറന്റ് ബയോളജി' എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ വിവരങ്ങള്‍. 2,20,000 പഴയീച്ചകളില്‍ ആറ് വര്‍ഷം നടത്തിയ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും ഫലമാണ് കണ്ടെത്തല്‍. ബീജസങ്കലനം കൂടാതെ പ്രത്യുത്പാദനം നടത്തുന്ന പഴയീച്ചകളുടെ ഒരു സ്പീഷീസിന്റെ പ്രത്യേക ജീന്‍ കണ്ടെത്തുകയും, മറ്റൊരു സ്പീഷിസില്‍ സമാനമായ ജീന്‍ തിരിച്ചറിഞ്ഞ് പരിഷ്‌കരിച്ച് പാര്‍തെനോജെനെസിസ് സാധ്യമാക്കുകയുമായിരുന്നു.
ഡ്രോസോഫില മാര്‍കറ്റോറിയം എന്ന വിഭാഗത്തില്‍പ്പെട്ട പഴയീച്ചയിലാണ് പാര്‍തെനോജെനെസിസ് സ്ഥിരീകരിച്ചത്. ഇതില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍, സദൃശ്യമുള്ള ജീന്‍ ഡ്രോസോഫില മെലനോഗാസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട പഴയീച്ചയില്‍ കണ്ടെത്തുകയും പരിഷ്‌കരിക്കുകയുമായിരുന്നു. ഇങ്ങനെ ഡ്രോസോഫില മെലനോഗാസ്റ്റര്‍ പഴയീച്ചയിലും അലൈംഗിക പ്രത്യുത്പാദനം സാധ്യമാക്കി.
ജനിതകമാറ്റം വരുത്തിയ ഇത്തരം പെണ്‍ പഴയീച്ചകള്‍ക്ക് ഇണയെ ലഭിക്കുന്നുണ്ടോ എന്ന് 40 ദിവസം കാത്തിരുന്ന ശേഷമാണ് 'കന്യകാ ജനന'ത്തിന് തുടക്കമിട്ടത്. ഇത്തരത്തില്‍ ജനിക്കുന്ന പഴയീച്ച കുഞ്ഞുങ്ങള്‍ക്ക് ലൈംഗികമായും അലൈംഗികമായും പ്രത്യുത്പാദനം നടത്താനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഒറ്റപ്പെട്ട പെണ്‍ ഈച്ചകളില്‍ പ്രത്യുത്പാദനം സാധ്യമാക്കാന്‍ ഈ പ്രക്രിയ സഹായിക്കും. എന്നാല്‍ ആവസവ്യവസ്ഥയോട് പൊരുത്തപ്പെടാനുള്ള ജീവിവര്‍ഗത്തിന്‌റെ കഴിവ് കുറയ്ക്കുമെന്നത് ഇത്തരം പ്രത്യത്പാദന രീതിയുടെ പരിമിതിയാണ്.
''കീടങ്ങളില്‍ കന്യകാ ജനനം പ്രോത്സാഹിപ്പിച്ചാല്‍, ഈ രീതിയില്‍ മാത്രം പ്രത്യുത്പാദനം നടത്തുന്ന സാഹചര്യം ഉണ്ടാകും. ഇത് കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കും. കാരണം പെണ്‍ ഈച്ചകള്‍ പെണ്‍ ഈച്ചകളെ മാത്രമേ ഇത്തരത്തില്‍ ഉണ്ടാക്കൂ. എന്നാല്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ ജീവി വിഭാഗങ്ങളില്‍ കന്യകാ ജനനം സാധ്യമാകുമെന്ന് ആദ്യമായി തെളിയിക്കാന്‍ ഞങ്ങള്‍ക്കായി, '' ഗവേഷണത്തില്‍ പങ്കാളിയായ ഡോ. അലക്‌സിസ് സ്‌പെര്‍ലിങ് പറഞ്ഞു.
കീടങ്ങളില്‍ ഇത്തരം ജനനം സാധ്യമാകുമെങ്കിലും സസ്തനികളില്‍ ഇത് സാധ്യമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികളില്‍ പ്രത്യുത്പാദനത്തിന് ആണ്‍- പെണ്‍ ജീനുകള്‍ ആവശ്യമാണ്.