റഷ്യയുടെ ലൂണ 25 ചാന്ദ്രഭ്രമണപഥത്തില്‍, ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ ദൗത്യം; സോഫ്റ്റ് ലാന്‍ഡിങ് 21ന്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ ദൗത്യമെന്ന ലക്ഷ്യവുമായി പുറപ്പെട്ട റഷ്യയുടെ പേടകം ലൂണ 25 ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചു. റഷ്യൻ സമയം രാവിലെ 8.57(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.27)നാണ് പേടകം ഭ്രമണപഥത്തിലെത്തിയത്. അഞ്ച് ദിവസം ചന്ദ്രനെ വലയം ചെയ്യുന്ന പേടകം 21 നാണ് സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.
ഇന്ത്യയില്‍ ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് നാലാഴ്ചകള്‍ക്ക് ശേഷമാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്.
ചന്ദ്രനിലുള്ള ഗര്‍ത്തങ്ങളില്‍ ഘനീഭവിച്ച ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ് ലൂണ 25 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാസയിലെയും മറ്റ് ബഹിരാകാശ ഏജന്‍സികളിലെയും ശാസ്ത്രജ്ഞര്‍ സമീപവര്‍ഷങ്ങളില്‍ ഗര്‍ത്തങ്ങളില്‍ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏകദേശം ചെറിയ കാറിന്റെ വലിപ്പമുള്ള ലൂണ 25 ദക്ഷിണധ്രുവത്തില്‍ ഏകദേശം ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ലൂണ 25 ബഹിരാകാശത്തുനിന്ന് പകർത്തിയ ആദ്യ ചിത്രങ്ങള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഈ ചിത്രങ്ങൾക്ക് പിന്നാലെ ഇന്ന് മറ്റൊരു കളര്‍ ചിത്രം കൂടി പേടകം അയച്ചു.
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യവും ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. ലൂണ 25 ഇറങ്ങി രണ്ട് ദിവസത്തിന് ശേഷം 23ന് വൈകീട്ട് 5.47നാണ് ചന്ദ്രയാൻ-3ലെ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. ദക്ഷിണ ധ്രുവത്തിൽ തന്നെയാണെങ്കിലും ഇരു ദൗത്യങ്ങളുടെയും ലാൻഡിങ് സ്ഥലം വ്യത്യസ്തമാണ്. അതിനാല്‍ ഇരു ഏജൻസികളുടെയും പദ്ധതികളെ പരസ്പരം ബാധിക്കില്ലെന്ന് റോസ്‌കോസ്മോസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് നാലാഴ്ചയ്ക്കുശേഷമാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. ഓഗസ്റ്റ് 11 ന് പുലര്‍ച്ചെ നാലിനായിരുന്നു ലൂണ 25 ന്റെ വിക്ഷേപണം. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 153 കിലോ മീറ്ററും കൂടിയ അകലം 163 കിലോ മീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണുള്ളത്. നാളെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും.
നിലവില്‍ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമേ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളൂ. അതിലൊരു പടികൂടി കടന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനാണ് ഇന്ത്യയും റഷ്യയും ശ്രമിക്കുന്നത്. 47 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25. അതായത് 1976 ന് ശേഷമുള്ള റഷ്യയുടെ ആദ്യ ദൗത്യം.