'അനുഭവങ്ങൾ നഷ്ടമായി'; ലൂണ 25 തകർന്നതിന്റെ കാരണം വ്യക്തമാക്കി റഷ്യൻ ബഹിരാകാശ ഏജൻസി
റഷ്യൻ ചാന്ദ്രദൗത്യം 'ലൂണ 25' തകർന്നതിന്റെ കാരണം വ്യക്തമാക്കി ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്. ദശാബ്ദങ്ങളായി രാജ്യം ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങൾ നിർത്തിവച്ചതാണ് ലൂണയെ പരാജയത്തിലേക്ക് നയിച്ചതെന്ന് റോസ്‌കോസ്‌മോസ് മേധാവി യൂറി ബോറിസോവ് പറയുന്നു. പ്രതിസന്ധിയിൽ തളരില്ലെന്നും തുടർന്നും പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഏകദേശം 50 വർഷത്തോളമായി ചാന്ദ്രദൗത്യം തടസ്സപ്പെടുത്തിയതാണ് ലൂണ 25ന്റെ പരാജയത്തിന്റെ പ്രധാന കാരണം. കാലതാമസം വന്നതോടെ 1960കളിലും 1970കളിലും നടന്ന പരീക്ഷണങ്ങളിൽ നിന്ന് നേടിയ അനുഭവങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ ഒരു സാഹചര്യത്തിലും ചാന്ദ്രദൗത്യം നിർത്തിവയ്ക്കില്ല, അങ്ങനെ ചെയ്താൽ, അത് ഏറ്റവും മോശം തീരുമാനമായിരിക്കും," - ബോറിസോവ് പറഞ്ഞു. 47 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമാകാൻ തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത സാങ്കേതിക തകരാർ സംഭവിച്ചത്.
ആഗസ്റ്റ് 11നാണ് ലൂണ 25 വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതല പദാർത്ഥത്തിന്റെ ഘടനയും എക്സോസ്ഫിയറിലെ പ്ലാസ്മയും പൊടി ഘടകങ്ങളും പഠിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ദൗത്യം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് മുന്നോടിയായി ഓഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ലാൻഡിങ്ങിന് മുൻപായുള്ള പ്രീ ലാൻഡിങ് പ്രക്രിയയ്ക്കിടെയാണ് പേടകം തകർന്ന് വീണത്.
ലാൻഡിങ്ങിന് മുൻപ് പേടകത്തെ ഭ്രമണപഥത്തിൽ എത്തിക്കേണ്ട എഞ്ചിൻ, 84 സെക്കൻഡിന് പകരം 127 സെക്കൻഡ് പ്രവർത്തിച്ചതാണ് കാരണമെന്ന് കണ്ടെത്തിയതായി റഷ്യ അറിയിച്ചിരുന്നു. വിശദമായ കാരണങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിച്ചതായും റോസ്‌കോസ്‌മോസ് മേധാവി വ്യക്തമാക്കി.