ആരാദ്യം തൊടും? ചന്ദ്രയാൻ 3 vs ലൂണ 25: ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റഷ്യന്‍ പേടകത്തിന്റെ വിക്ഷേപണം വിജയം
ഏകദേശം അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിൽ ഇറക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് റഷ്യ. വെള്ളിയാഴ്ച പുലർച്ചെ 4.30 കഴിയവെയായിരുന്നു ലൂണ 25ന്റെ വിക്ഷേപണം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സമാനമാണ് ലൂണ 25 ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമെന്ന പദവി കരസ്ഥമാക്കുകയാണ് ഈ ദൗത്യത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ഈ സ്വപ്നവുമായി പറന്നുയര്‍ന്ന ചന്ദ്രയാൻ 3ന് വെല്ലുവിളിയാണ് ലൂണ 25.
ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കുള്ള അപ്രമാദിത്വം അവസാനിപ്പിക്കുക കൂടിയാണ് 1976ന് ശേഷമുള്ള റഷ്യയുടെ ദൗത്യത്തിന്റ ലക്ഷ്യം
റഷ്യയിലെ വിക്ഷേപണകേന്ദ്രമായ വാസ്‌ടോക്‌നി കോസ്‌മോഡ്രോമിൽനിന്നാണ് സൂയസ് 2.1 ബി റോക്കറ്റ് വിക്ഷേപിച്ചത്. 800 കിലോഗ്രാം ഭാരമുള്ള ലാൻഡർ ചന്ദ്രനിലിറക്കി പഠനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 31 കിലോഗ്രാം ഭാരമുള്ള വിവിധ ഉപകരണങ്ങൾ ശാസ്ത്രീയ പഠനങ്ങൾക്കായി ലാൻഡറിലുണ്ട്. ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറക്കാൻ പദ്ധതിയിടുന്ന അതേദിവസം തന്നെയാകും ലൂണ 25ഉം ചന്ദ്രനെ തൊടുക.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറക്കാൻ പദ്ധതിയിടുന്ന അതേദിവസം തന്നെയാകും ലൂണ 25ഉം ചന്ദ്രനെ തൊടുക
ചാന്ദ്രദൗത്യത്തിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കുള്ള അപ്രമാദിത്വം അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് 1976ന് ശേഷമുള്ള റഷ്യയുടെ ദൗത്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഗുരുത്വാകർഷണബലത്തിന്റെ കൂടി സഹായത്തോടെയാണ് ചന്ദ്രയാൻ 3ന്റെ യാത്ര. അതേസമയം ലൂണ 25ൽ കരുത്തുറ്റ സൂയസ് റോക്കറ്റായതിനാൽ അഞ്ചര ദിവസത്തിൽ ചന്ദ്രോപരിതലത്തിലെത്തും. തുടർന്ന് മൂന്നുമുതൽ ഏഴ് ദിവസം വരെ ചന്ദ്രനെ വലംവച്ച ശേഷമാകും പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുക.
നിലവിൽ സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ വിജയകരമായി ലാൻഡിങ് നടത്തിയിട്ടുള്ളൂ. അതിലൊരു പടികൂടി കടന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ഇന്ത്യയും റഷ്യയും ശ്രമിക്കുന്നത്. അവിടെയുള്ള ഗർത്തങ്ങളിൽ ജലം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ലൂണ-25 ന്‌റെയും ചന്ദ്രയാൻ-3ന്‌റെയും ലാൻഡിങ് ഏറെക്കുറേ ഒരേസമയത്ത് നടക്കാനാണ് സാധ്യതയെങ്കിലും ലാൻഡിങ് സ്ഥലം വ്യത്യസ്തമാണ്. അതിനാൽ പദ്ധതികളെ പരസ്പരം ബാധിക്കില്ലെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2021 ഒക്ടോബറിലാണ് ലൂണ- 25 ന്റെ വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് പല കാരണങ്ങൾകൊണ്ട് ഇത് വൈകുകയായിരുന്നു.
ദൗത്യത്തിന്‌റെ ഭാഗമായി യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പൈലറ്റ്-ഡി നാവിഗേഷൻ ക്യാമറയുടെ പരീക്ഷണവും നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ നടത്തിയ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസി പിന്മാറുകയായിരുന്നു.