ലോകത്തെ പഴക്കം ചെന്ന പരാഗണകാരികളുടെ 
ഫോസിലുകൾ കണ്ടെത്തി റഷ്യൻ ശാസ്ത്രജ്ഞർ

ലോകത്തെ പഴക്കം ചെന്ന പരാഗണകാരികളുടെ ഫോസിലുകൾ കണ്ടെത്തി റഷ്യൻ ശാസ്ത്രജ്ഞർ

ടില്യാര്‍ഡെംബിയിഡ്‌സ് എന്നറിയപ്പെടുന്ന പ്രാണികളുടെ ഫോസിലുകളാണ് കണ്ടെത്തിയത്
Updated on
1 min read

ലോകത്തിലെ ആദ്യത്തെ സസ്യ പരാഗണകാരികളെന്ന് കരുതപ്പെടുന്ന പ്രാണികളുടെ ഫോസിലുകള്‍ കണ്ടെത്തിയിരിക്കുകയാണ് റഷ്യന്‍ പാലിയൻ്റോളജിസ്റ്റുകള്‍. റഷ്യയിലെ ചെക്കാര്‍ഡ ഗ്രാമത്തിന് സമീപത്തുള്ള നദിക്കരയില്‍ പാലിൻ്റോളജിസ്റ്റുകൾ പാറകള്‍ പൊട്ടിച്ചപ്പോഴാണ് പൂമ്പൊടിയില്‍ പൊതിഞ്ഞു കിടന്ന അപൂര്‍വ ഫോസിലുകള്‍ കണ്ടെത്തിയത്. ഡെര്‍മാപ്‌റ്റെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇയര്‍വിഗ് പ്രാണികളുടേതായി സാമ്യമുള്ളതാണ് പാലിയൻ്റോളജിസ്റ്റുകള്‍ കണ്ടെത്തിയ ഫോസിലുകള്‍. ടില്യാര്‍ഡെംബിയിഡ്‌സ് എന്ന പ്രാണികളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഫോസിലുകളുടെ കണ്ടെത്തല്‍ ചരിത്രനിമിഷമായാണ് ശാസ്ത്രഞ്ജർ കാണുന്നത്.

പാലിയോസോയി കാലഘട്ടത്തിലുള്ള പ്രാണികളുടെ പരാഗണത്തിൻ്റെ കൃത്യമായ തെളിവുകള്‍ പുതിയ കണ്ടുപിടിത്തം നല്‍കുന്നുണ്ട്. ഇതുവഴി, ടില്യാര്‍ഡെംബിയിഡ്‌സ് പ്രാണികൾ ചില ആതിഥേയ സസ്യങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള പിക്കി ഈറ്റേഴ്‌സുകളാണെന്നും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സ്, പാലിയന്റോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനായ അലക്‌സാണ്ടര്‍ ക്രാമോവ് പറയുന്നു.

പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തിയ 28 കോടി വര്‍ഷം പ്രായമുള്ള ഫോസിലുകള്‍ ലോകത്തിലെ ആദ്യത്തെ പരാഗണകാരികളെന്ന് കരുതിയ പ്രാണികളെക്കാള്‍ 12 കോടി വര്‍ഷം മുമ്പുള്ളതാണ്. ടില്യാര്‍ഡെംബിയിഡ്‌സ് എന്നറിയപ്പെടുന്ന ഈ പ്രാണികളുടെ തലയിലും, ശരീരത്തും, കാലുകളിലുമായി പാലിയന്റോളജിസ്റ്റുകള്‍ പൂമ്പൊടികള്‍ കണ്ടെത്തുകയുണ്ടായി. ഫ്‌ളൂറസെന്റ് മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഇവ ക്രിസ്മസിന് തൂക്കുന്ന വർണഗോളങ്ങൾ പോലെയായിരിക്കും കാണുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പെര്‍മിയന്‍ കാലഘട്ടത്തില്‍ ഈ പ്രാണികള്‍ പരാഗണത്തിന് സഹായിച്ചിരുന്നോ എന്നറിയുക സാധ്യമല്ലെന്നാണ് റഷ്യയിലെയും പോളന്‍ഡിലെയും പാലിയൻ്റോളിസ്റ്റുകൾ പറയുന്നത്. എന്നാല്‍ പ്രാണികള്‍ പൂമ്പൊടികള്‍ ഭക്ഷിച്ചിരുന്നതായും അത് പ്രാണികളുടെ ശരീരത്തില്‍ പറ്റിപിടിക്കുന്നത് പരാഗണത്തിന് കാരണമായിട്ടുണ്ടാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.

ടില്യാര്‍ഡെംബിയിഡ്‌സുകളുടേത് വലിയ ചിറകുകള്‍ ആയതിനാല്‍ പരാഗണത്തിന് എളുപ്പത്തിന് സാധിക്കും. എന്നാല്‍ ജിംനോസ്‌പേമുകളുടെ പരാഗണനത്തിന് ഇവ സഹായിച്ചിരുന്നോ എന്നത് ഇപ്പോഴും നിഗൂഢമാണ്. ജിംനോസ്പെര്‍മുകള്‍ എന്ന് വിളിക്കുന്നത് പൂക്കാത്തതും, എന്നാല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നതുമായ ചെടികളെയാണ്. ഇവയില്‍ നിന്നാണ് പൂമ്പൊടികള്‍ ഉത്പാദിപ്പിക്കുന്നത്.

കണ്ടെത്തിയ പുതിയ ഫോസിലുകള്‍ സൂചിപ്പിക്കുന്നത്, പരാഗണ പ്രക്രിയ പുരോഗമിക്കുന്നതിന് കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാണികള്‍ സസ്യങ്ങളുടെ പൂമ്പൊടികൾ ഭക്ഷിച്ചിരുന്നു എന്നാണ്. പ്രാണികള്‍ എല്ലാ ചെടികളില്‍ നിന്നും പൂമ്പൊടികള്‍ ശേഖരിച്ചിരുന്നതിനാല്‍ ഒരു ചെടിയില്‍ നിന്ന് മറ്റ് ചെടികളിലേയ്ക്ക് സ്വഭാവികമായി പരാഗണം നടന്നിരുന്നു. ഇത് ഒടുവില്‍ പ്രാണികള്‍ക്കും ചെടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധം പരാഗണമായി മാറുകയായിരുന്നെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in