ചന്ദ്രോപരിതലത്തിലെ ഗ്ലാസ് ഗോളങ്ങളില്‍ ജലാംശമുണ്ടെന്ന് കണ്ടെത്തല്‍

ചന്ദ്രോപരിതലത്തിലെ ഗ്ലാസ് ഗോളങ്ങളില്‍ ജലാംശമുണ്ടെന്ന് കണ്ടെത്തല്‍

ചൈനയുടെ റോബോട്ടിക് ചാങ്ഇ 5 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിൽ എത്തിച്ച ചന്ദ്രോപരിതലത്തിലെ മണ്ണ് പരിശോധിച്ചാണ് കണ്ടെത്തല്‍
Updated on
1 min read

ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്ന ചെറിയ ഗ്ലാസ് ഗോളങ്ങളില്‍ ജലതന്മാത്രകൾ കണ്ടെത്തിയതിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ചൈനയുടെ 2020ലെ റോബോട്ടിക് ചാങ്ഇ 5 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിൽ എത്തിച്ച ചന്ദ്രോപരിതലത്തിലെ മണ്ണും മറ്റ് അവശിഷ്ടങ്ങളും വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ചന്ദ്രോപരിതലം ഏഴടിയോളം കുഴിച്ച് ചൈനീസ് പേടകം ശേഖരിച്ച മണ്ണിൽ പരിശോധന നടത്തിയാണ് ഗ്ലാസ് ഗോളങ്ങൾ കണ്ടെത്തിയത്. ഇവ ഏതാണ്ട് 100 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ ജലം പുറത്തുവരുമെന്നാണ് കണ്ടെത്തല്‍

ചന്ദ്രോപരിതലം വരണ്ടതാണെന്നായിരുന്നു ശതാബ്ദങ്ങളായി കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദശകങ്ങളായി നടന്ന ചാന്ദ്ര ദൗത്യങ്ങൾ ചന്ദ്രനിൽ ജലാംശത്തിന്റെ സാധ്യത തുറന്നിട്ടിരുന്നു. ചന്ദ്രോപരിതലത്തിൽ ഏഴടിയോളം കുഴിച്ചാണ് ചൈനീസ് പേടകം പാറക്കല്ലുകളും മണ്ണും ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച മണ്ണിൽ നടത്തിയ പരിശോധനയിലാണ് ഗ്ലാസ് ഗോളങ്ങൾ കണ്ടെത്തിയത്. ഇവ ഏതാണ്ട് 100 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ ജലം പുറത്തുവരുമെന്ന് ബ്രിട്ടനിലെ ഓപ്പൺ സർവകലാശാലയിലെ പ്ലാനറ്ററി സയൻസ് ആൻഡ് എക്സ്പ്ലോറേഷൻ പ്രൊഫസർ മഹേഷ് ആനന്ദ് പറഞ്ഞു.

ചൈനയുടെ ചാങ്ഇ-5 പേടകം
ചൈനയുടെ ചാങ്ഇ-5 പേടകം

സൗരക്കാറ്റിന്റെയും ഉൽക്കകളുടെയും പ്രവർത്തനത്തിലൂടെ പാറ ഉരുകുകയും തണുക്കുകയും ചെയ്തതിലൂടെ രൂപപ്പെട്ട ചെറിയ ഗ്ലാസ് ഗോളങ്ങൾക്കുള്ളിലാണ് ജല തന്മാത്രകൾ ഉള്ളത് എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയത്. ഇത് ഭാവിയിൽ ചന്ദ്രനിലെ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

മൈക്രോ മെറ്റീരിയോയ്ഡുകളും വലിയ ഉൽക്കകളും ചന്ദ്രനുമായി നിരന്തരം കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഉയർന്ന ഫ്ലാഷ്-ഹീറ്റിങ്ങിലൂടെയാണ് മുടിനാരിന്റെ വിസ്തൃതിയിലുള്ള ഗ്ലാസ് ഗോളങ്ങൾ രൂപപ്പെട്ടതെന്നാണ് നിഗമനം. ഗോളങ്ങളുടെ ഉപരിതലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജനുമായി സോളാർ ഹൈഡ്രജൻ പ്രതിപ്രവർത്തിച്ചാണ് ജലം ഉല്പാദിപ്പിക്കുന്നതെന്ന് നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ സഹ-രചയിതാവായ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞൻ സെൻ ഹു പറഞ്ഞു. ബഹിരാകാശയാത്രികരുള്ള ദീർഘകാല ചാന്ദ്ര താവളങ്ങൾ ഉൾപ്പെടെ ഭാവിയിലെ ചന്ദ്ര പര്യവേക്ഷണത്തിന് ജല തന്മാത്രകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ളമെന്ന നിലയിൽ മാത്രമല്ല, ഇന്ധന ഘടകമായും ഇതുപയോഗിക്കാൻ സാധിക്കുമെന്നും സെൻ ഹു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in