പരിഷ്കരിച്ച ഡിഎന്‍എ മാപ്പ് പ്രസിദ്ധീകരിച്ചു; ജനിതക രോഗ ചികിത്സയില്‍ നിർണായകമെന്ന് ശാസ്ത്ര ലോകം

പരിഷ്കരിച്ച ഡിഎന്‍എ മാപ്പ് പ്രസിദ്ധീകരിച്ചു; ജനിതക രോഗ ചികിത്സയില്‍ നിർണായകമെന്ന് ശാസ്ത്ര ലോകം

2024ന്റെ പകുതിയോടെ ഡാറ്റയില്‍ ഉള്‍ക്കൊള്ളിച്ച ആളുകളുടെ എണ്ണം 350 ആയി വർദ്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ
Updated on
1 min read

മനുഷ്യരാശിയുടെ വൈവിധ്യം കൂടുതല്‍ വെളിപ്പെടുത്തുന്ന പുതിയ ഡിഎന്‍എ മാപ്പുമായി ശാസ്ത്ര ലോകം. ബുധനാഴ്ചയാണ് പരിഷ്കരിച്ച മാപ്പായ 'പാന്‍ജെനോം' പുറത്തുവിട്ടത്. രോഗനിര്‍ണയത്തിനും രോഗങ്ങളുടെ ജനിതക അടിത്തറ കണ്ടെത്തുന്നതിനും, അതുവഴി, ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും പാന്‍ജെനോം സഹായകമാകും. മനുഷ്യരാശിയുടെ നിലനില്‍പ്പിനാകെ പാന്‍ജെനോം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

2024ന്റെ പകുതിയോടെ ഡാറ്റയില്‍ പ്രതിഫലിക്കുന്ന ആളുകളുടെ എണ്ണം 350 ആയി വർദ്ധിപ്പിക്കാനാവുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രതീക്ഷ

പ്രധാനമായും ഓട്ടിസം, സ്‌കീസോഫ്രീനിയ, മൈക്രോസെഫല്ലി, മാക്രോസെഫല്ലി തുടങ്ങിയ ന്യൂറോ ഡെവലപ്മെന്‍റ് ഡിസോര്‍ഡറുകളും, മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുള്ള പ്രശ്നങ്ങളും മനസിലാക്കുന്നതിന് പരിഷ്കരിച്ച മാപ്പ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്ക,ഏഷ്യ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 47 ആളുകളുടെ ജനിതക വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. 2024ന്റെ പകുതിയോടെ ഡാറ്റയില്‍ പ്രതിഫലിപ്പിക്കുന്ന ആളുകളുടെ എണ്ണം 350 ആയി വർദ്ധിപ്പിക്കാനാവുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രതീക്ഷ.

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യന്‍റെ യഥാര്‍ഥ ജനിതക ഘടനയെകുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യന്‍റെ യഥാര്‍ഥ ജനിതക ഘടനയെകുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒരാളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അത്. ഒരാളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ തന്നെ മനുഷ്യന്‍റെ മുഴുവന്‍ വൈവിധ്യങ്ങള്‍ പൂര്‍ണമായും അതില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

പുതിയ ഡിഎന്‍എ മാപ്പ് ദുരുപയോഗം ചെയ്യപ്പെടുമോ എന്നും , തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്നുമൊക്കെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്

മേരിലാന്‍ഡിലെ നാഷണല്‍ ഹ്യൂമന്‍ ജീനോം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഡോ. എറിക്ക് ഗ്രീനിന്‍റെ അഭിപ്രായത്തില്‍ പുതിയ ഡിഎന്‍എ മാപ്പിന് ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള കഴിവുണ്ട്. ജനിതക വ്യതിയാനം ആരോഗ്യത്തേയും, രോഗത്തേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന വ്യക്തമായ ചിത്രം നല്‍കാനും ഇതിനാകുമെന്ന് എറിക് ഗ്രീന്‍ വ്യക്തമാക്കി.

പരിഷ്കരിച്ച ഡിഎന്‍എ മാപ്പ് പുറത്തുവിട്ടെങ്കിലും ഗവേഷണ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്നതിനെ കുറിച്ചും, തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്നതിനെ കുറിച്ചുമൊക്കെ ജനിതക ശാസ്ത്ര ലോകത്തിന് ആശങ്കകളുണ്ട്. പക്ഷേ അതിനുമപ്പുറത്ത്, പുതിയ നിരീക്ഷണത്തില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് ശാസ്ത്രലോകം.

logo
The Fourth
www.thefourthnews.in