'ബോണ്ട് വില്ലൻ'- ക്യാൻസർ പടർത്തുന്ന ഡിഎൻഎ കണ്ടെത്തി ശാസ്ത്രജ്ഞർ, ചികിത്സാരംഗത്ത് പുത്തൻ കുതിപ്പ്
ക്യാൻസർ അതിവേഗം പടരാൻ ഇടയാക്കുന്ന ഡിഎൻഎ ശകലങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. 'ബോണ്ട് വില്ലന്‍' എന്ന് വിളിപ്പേരുള്ള ഡിഎൻഎകള്‍ക്ക് ക്യാന്‍സര്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിലും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. എക്‌സ്ട്രാ ക്രോമൊസോമല്‍ ഡിഎന്‍എ അല്ലെങ്കിൽ എക്‌ഡിഎൻഎ എന്നറിയപ്പെടുന്ന ഈ ജനിതക വസ്തുക്കളുടെ കണ്ടെത്തലിലൂടെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ടു തന്നെ ഈ ഡിഎൻഎ ശകലങ്ങളെ 'ഗെയിം ചെയ്ഞ്ചര്‍' എന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ഇവയുടെ പ്രവർത്തനം തടയാൻ കഴിഞ്ഞാൽ, ക്യാൻസറുകളുടെ വ്യാപനവും തടയാൻ കഴിയും
ഗുരുതരമായ ക്യാൻസറുകളുടെ വലിയൊരു ശതമാനത്തിനും ഉത്തരവാദികള്‍ ഈ ഡിഎൻഎയാണെന്ന് വിശ്വസിക്കുന്നു. അവയുടെ പ്രവർത്തനം തടയാൻ കഴിഞ്ഞാൽ, ക്യാൻസർ വ്യാപനവും തടയാൻ കഴിയുമെന്നും പോള്‍ മിഷേല്‍ വ്യക്തമാക്കുന്നു. ഡിഎൻഎയുടെ ചെറിയ ലൂപ്പുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ജനിതക വില്ലന്മാർ മനുഷ്യ ശരീരത്തിലെ ക്രോമസോമുകൾക്ക് പുറത്താണ് നിലനിൽക്കുന്നത്, അവ നമ്മുടെ ശരീരത്തിന്റെ വളർച്ചയെ നയിക്കുകയും നമ്മുടെ വ്യക്തിഗത സവിശേഷതകൾ നിർണ്ണയിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഡിഎൻഎകളെ കണ്ടെത്തിയിരുന്നു, എന്നാല്‍ ക്യാന്‍സര്‍ ചികിത്സയിലെ ഇവയുടെ പ്രാധാന്യം ശാസ്ത്രലോകത്തിന് ഇപ്പോഴാണ് മനസ്സിലാക്കാനാകുന്നത്.
ശരീരത്തിലെ ക്രോമസോമുകളിൽ നിന്ന് വേർപെട്ട്, ജനിതകശാസ്ത്രത്തിന്റെ സ്വാഭാവിക നിയമങ്ങളെ മറികടക്കുന്ന രീതിയിൽ പെരുമാറുന്ന, ക്യാൻസറിന് കാരണമാകുന്ന ജീനുകളായി ecDNA പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ ജനിതക ശാസ്ത്രജ്ഞനായ ഹോവാർഡ് ചാങ് പറയുന്നു. ഒരു ജെയിംസ് ബോണ്ട് സിനിമയിലെ വില്ലന്മാരെപ്പോലെയാണ് അവർ പെരുമാറുന്നതെന്നും അതിനാലാണ് ബോണ്ട് വില്ലൻ എന്ന പേര് നല്‍കിയതെന്നും ചാങ് പറയുന്നു. ജെയിംസ് ബോണ്ട് സിനിമയിൽ ആദ്യം സ്ഫോടനങ്ങളും കൊലപാതകങ്ങളും ദുരന്തങ്ങളുമൊക്കെ സംഭവിക്കുന്നത് നിങ്ങൾ കാണും, എന്തുകൊണ്ടാണ് അവ സംഭവിക്കുന്നതെന്നോ ആരാണ് ഉത്തരവാദികളെന്നോ നിങ്ങൾക്കറിയില്ല. ഒടുവിൽ ഈ കുഴപ്പത്തിന്റെ എല്ലാം കാരണക്കാരനായ വില്ലനെ നിങ്ങൾ കണ്ടുമുട്ടുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ട്യൂമറുകൾ അപ്രതീക്ഷിതമായ വേഗതയിൽ പടരുക അല്ലെങ്കിൽ ക്യാൻസറുകൾ മരുന്നുകളെ പ്രതിരോധിക്കുക തുടങ്ങിയ സംഭവങ്ങളൊക്കെ ഉണ്ടായി. ഇപ്പോൾ, ഒടുവിൽ, ഈ സംഭവങ്ങളുടെയൊക്കെ കാരണക്കാരെ കണ്ടെത്തി. ഇത് ecDNA ആണ്
ക്യാൻസർ റിസർച്ച് യുകെയുടെയും യുഎസ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെ ആരംഭിച്ച 'ക്യാൻസർ ഗ്രാൻഡ് ചലഞ്ചസ്' എന്നറിയപ്പെടുന്ന സംരംഭത്തിന്റെ ഭാഗമാണ് ഈ മുന്നേറ്റം . ക്യാൻസറിനെ നേരിടാൻ പുതിയ വഴികൾ വികസിപ്പിക്കാൻ കഴിയുന്ന മൾട്ടി ഡിസിപ്ലിനറി റിസർച്ച് പ്രോഗ്രാമുകൾക്ക് ധനസഹായം നൽകുന്നതിനായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ക്യാൻസറുകളിൽ ecDNA-യുടെ പങ്കാളിത്തം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 20 മില്യൺ ഡോളറാണ് പദ്ധതി വഴി ലഭിച്ചത്. കലിഫോർണിയ, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രസതന്ത്രജ്ഞർ, ജീവശാസ്ത്രജ്ഞർ, ജനിതകശാസ്ത്രജ്ഞർ, ഗണിതശാസ്ത്രജ്ഞർ, ഇമ്മ്യൂണോളജിസ്റ്റുകൾ എന്നിവരും ഗവേഷക സംഘത്തിലുണ്ട്