ചന്ദ്രയാന്‍-3 ന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്
ചന്ദ്രനെ വലംവയ്ക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ചാണ് ഈ പ്രക്രിയ.
സോഫ്റ്റ് ലാന്‍ഡിങ് പ്രതിസന്ധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലെത്തിയ പേടകത്തിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ ഞായറാഴ്ച നടന്നിരുന്നു. 170 കിലോമീറ്റർ, 4,313 കിലോമീറ്റർ പരിധിയുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകമുള്ളത്. ഇവിടെ നിന്ന് ചന്ദ്രന് കുറച്ചുകൂടി അടുത്ത പാതയിലേക്ക് പേടകത്തെ എത്തിക്കും. ഓഗസ്റ്റ് 14, 16 തീയതികളിലും ഭ്രമണപഥം താഴ്ത്തല്‍ നടക്കും.
ദീര്‍ഘവൃത്താകൃതിയില്‍ ചന്ദ്രനെ വലയം ചെയ്യുന്ന പേടകത്തിന്റെ ഭ്രമണപഥം കുറച്ച് കൊണ്ട് വന്ന് 100 കിലോമീറ്റര്‍ ഉരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും വേര്‍പ്പെടുന്നതാണ് അടുത്ത ഘട്ടം. ഓഗസ്റ്റ് 23 നാണ് സോഫ്റ്റ് ലാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് പ്രതിസന്ധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ.