വരവ് ആരും കണ്ടില്ല! വെള്ളിയാഴ്ച ഭൂമിയിൽ പതിച്ചത് തീവ്ര സൗരക്കൊടുങ്കാറ്റ്
അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഭൂമിയിൽ പതിച്ച ജിയോ മാഗ്നെറ്റിക് സോളാർ കൊടുങ്കാറ്റിൻറെ വരവ് അപ്രതീക്ഷിതമായിരുന്നു. ഏജൻസികൾക്ക് ഒന്നും തന്നെ കൊടുങ്കാറ്റിന്റെ വിവരങ്ങൾ മുൻകൂട്ടി പ്രവചിക്കാനായില്ല.
യുഎസ് നാഷണൽ ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിന് ജി4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇത്തരം സോളാർ കൊടുങ്കാറ്റുകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗ്രേഡാണിത്. ഈ സോളാർ പ്രതിഭാസം മണിക്കൂറിൽ മൂന്ന് ദശലക്ഷം മൈൽ വേഗതയിൽ ഭൂമിയിലേക്ക് വൈദ്യുത ചാർജുകളുടെയും കാന്തിക ക്ഷേത്രങ്ങളുടെയും (Magnetic Field) പ്രവാഹം പുറപ്പെടുവിക്കുന്നു.
സൗരക്കൊടുങ്കാറ്റ് കാരണം, ബഹിരാകാശ യാത്രാ സ്ഥാപനമായ റോക്കറ്റ് ലാബിന് ഇലക്ട്രോൺ റോക്കറ്റിന്റെ വിക്ഷേപണം കൊടുങ്കാറ്റ് ശമിക്കുന്നതുവരെ വൈകിപ്പിക്കേണ്ടി വന്നു. ഒന്നര മണിക്കൂറാണ് ദൗത്യം നിർത്തിവച്ചത്
സൂര്യനിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ ആഘാതങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് സൗരക്കൊടുങ്കാറ്റ് (Solar Storm). സൂര്യൻ സൗരജ്വാലകളുടെയും കൊറോണൽ മാസ് എജക്ഷന്റെയും (സൂര്യന്റെ പുറം പാളിയായ കോറോണയിൽ നിന്ന് സൂര്യന്റെ അന്തരീക്ഷത്തിലെ പുറംപാളിയായ ഹീലിയോസ്ഫിയറിലേക്കുള്ള പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും വലിയ പുറംതള്ളൽ) രൂപത്തിൽ വലിയ ഊർജസ്ഫോടനങ്ങൾ പുറപ്പെടുവിക്കുമ്പോഴാണ് സൗരക്കൊടുങ്കാറ്റുകളുണ്ടാകുന്നത്.
ജി4 ഗ്രേഡിലുള്ള സൗരക്കൊടുങ്കാറ്റ്, പവർ ഗ്രിഡുകളുടെ വോൾട്ടേജ് നിയന്ത്രണത്തിന് വ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിനു പുറമെ ഗ്രിഡിന്റെ സംരക്ഷണ സംവിധാനങ്ങളുടെ തകരാറിനും കാരണമാകും. കൂടാതെ അത്തരം ഒരു കൊടുങ്കാറ്റ്, ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ഉപരിതല ചാർജിങ്ങും ട്രാക്കിങ്ങും തകരാറിലാക്കുകയും ചെയ്യും. ബഹിരാകാശ യാത്രാ സ്ഥാപനമായ റോക്കറ്റ് ലാബിന് ഇലക്ട്രോൺ റോക്കറ്റിന്റെ വിക്ഷേപണം കൊടുങ്കാറ്റ് ശമിക്കുന്നതുവരെ വൈകിപ്പിക്കേണ്ടി വന്നു. ഒന്നര മണിക്കൂറാണ് ദൗത്യം നിർത്തിവച്ചത്.
മാർച്ച് 22 ന് NOAA ഒരു ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റ് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് യുഎസ് നാഷണൽ ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നൽകിയിരുന്നുവെങ്കിലും അതിന് G2 തീവ്രത മാത്രമേ ഉണ്ടാവൂയെന്നാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാൻ കഴിയാതിരുന്നത് ഒരു പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റ്
നാസയുടെ അഭിപ്രായത്തിൽ സൗര ബഹിർഗമനം (emission) മൂലമുണ്ടാകുന്ന ഭൂമിയുടെ കാന്തികക്ഷേത്രത്തിലെ തടസ്സങ്ങളെയാണ് ജിയോമാഗ്നെറ്റിക്ക് കൊടുങ്കാറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നു. ഒരു കൊറോണൽ മാസ് എജക്ഷൻ അല്ലെങ്കിൽ അതിവേഗ സോളാർ സ്ട്രീം നമ്മുടെ ഗ്രഹത്തിലെത്തുമ്പോൾ, അത് കാന്തികമണ്ഡലത്തിലേക്ക് പതിക്കുന്നു. ഭൂമിയുടെ കാന്തികമണ്ഡലം (Magnetosphere) കാന്തികക്ഷേത്രങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. ഈയൊരു പാളിയാണ് സാധാരണയായി ഭൂമിയെ സൂര്യൻ പുറപ്പെടുവിക്കുന്ന കണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.