സ്പേസ് എക്സിന്റെ സൂപ്പർ റോക്കറ്റ് സ്റ്റാർഷിപ്പിന്റെ ആദ്യ ഭ്രമണപഥ വിക്ഷേപണം ഇന്ന്
ഗ്രഹാന്തര പര്യവേഷണം ലക്ഷ്യംവച്ച് സ്‌പേസ് എക്‌സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്‌റെ ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 ന് ടെക്‌സാസിലെ വിക്ഷേപണത്തറയില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് കുതിച്ചുയരും.
വര്‍ഷങ്ങളെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം സ്‌പേസ് എക്‌സിന് ഇന്ന് ചരിത്ര ദിനമാണ്. ഉപഗ്രഹങ്ങളും പേടകങ്ങളും മാത്രമല്ല, മനുഷ്യനെയും വഹിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ വിക്ഷേപണവാഹനമാണ് ഇത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കാന്‍ കഴിയുന്ന റോക്കറ്റിന് , നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റത്തേക്കാള്‍ കരുത്തുണ്ടെന്നാണ് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‌റെ ലൈസന്‍സ് ലഭിച്ചതോടെയാണ് വിക്ഷേപണം പ്രഖ്യാപിച്ചത്.
സ്‌പേസ് എക്‌സിന്‌റെ സുപ്രധാന റോക്കറ്റായ ഫാല്‍ക്കണ്‍ 9 ന് സമാനമാണ് സ്റ്റാർഷിപ്പിന്‌റെയും ഡിസൈന്‍. പൂര്‍ണമായും പുനരുപയോഗിക്കാനാകും എന്നതാണ് ഇതിന്‌റെ പ്രത്യേകത. റാപ്റ്റര്‍ എഞ്ചിനുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്‌റെ ഇന്ധനം ദ്രവീകൃത മീഥേനും ദ്രവീകൃത ഓക്‌സിജനുമാണ്. 120 മീറ്റര്‍ പരമാവധി ഉരമുള്ള വിക്ഷേപണവാഹനത്തിന് 150 മെട്രിക് ടണ്‍ വരെ ഭാരം വഹിക്കനാകും. തിങ്കളാഴ്ച നടക്കുന്ന ആദ്യ പരീക്ഷണ പറക്കലില്‍ കുതിച്ചുയരുന്ന സ്റ്റാര്‍ഷിപ്പ്, ഭ്രമണപഥത്തില്‍ വലയംവെച്ചതിന് ശേഷം, ഭൂമിയില്‍ തിരിച്ചിറക്കും.