ചൊവ്വയുടെ ഉപരിതലത്തിൽ ആദ്യ നിർമാണ പ്രവൃത്തി; ചരിത്രം കുറിച്ച് പെഴ്‌സെവറന്‍സ് റോവർ
ചൊവ്വാ ദൗത്യത്തില്‍ പുതിയ ചരിത്രം കുറിച്ച് നാസയുടെ പെഴ്‌സെവറന്‍സ് റോവര്‍. ചൊവ്വയുടെ ഉപരിതലത്തില്‍ ആദ്യ നിര്‍മാണം നടത്തിയിരിക്കുകയാണ് പെഴ്‌സെവറന്‍സ്. വിശദ പഠനങ്ങള്‍ക്കായി ഭൂമിയിലെത്തിക്കാന്‍ ശേഖരിച്ച സാമ്പിളുകളുടെ സംഭരണ കേന്ദ്രമാണ് (ഡിപ്പോ) പെഴ്‌സെവറന്‍സ് ചൊവ്വയില്‍ സ്ഥാപിച്ചത്. നിര്‍മിതിയുടെ പനോരമ ചിത്രം നാസ പുറത്തുവിട്ടു. റോവര്‍ അയച്ച 368 ചിത്രങ്ങള്‍ യോജിപ്പിച്ചാണ് പനോരമ ചിത്രം തയ്യാറാക്കിയത്. സാമ്പിളുകള്‍ റോവറിലുണ്ടെങ്കിലും അത് ഉപയോഗിക്കാനിയില്ലെങ്കിലുള്ള ബാക്ക് അപ്പ് പദ്ധതിയുടെ ഭാഗമാണ് ഡിപ്പോ നിര്‍മാണം.
എന്താണ് പെഴ്‌സെര്‍വറന്‍സ് ?
പെഴ്‌സി എന്ന് വിളിപ്പേരുള്ള പെഴ്‌സെവറന്‍സ്, നാസയുടെ മാര്‍സ് 2020 ദൗത്യത്തിന്‌റെ ഭാഗമാണ്. ചക്രങ്ങളാല്‍ ഉപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ വിഭാഗത്തില്‍ പെട്ട പെഴ്‌സി 2020 ജൂലൈ 30 നാണ് വിക്ഷേപിക്കുന്നത്. ചൊവ്വയിലെ ജെസറോ ക്രാറ്ററിനെ (ജെസറോ ഗര്‍ത്തം) കുറിച്ച് കൂടുതല്‍ പഠനം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2021 ഫെബ്രുവരിയിലാണ് ചൊവ്വാ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുന്നത്.
ചൊവ്വയുടെ ഉപരിതലത്തേക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമാക്കാന്‍ പാറകളുടെയും അന്തരീക്ഷത്തിന്‌റെയും സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിലേക്ക് അയക്കാനാണ് പദ്ധതി. 'സാമ്പിള്‍ കാച്ചിങ്' എന്നറിയപ്പെടുന്ന ഈ പ്രക്രിയയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. സാമ്പിളുകള്‍ ശേഖരിക്കുക, അത് സീല്‍ ചെയ്ത് റോവറില്‍ സൂക്ഷിക്കുക, തുടര്‍ന്ന് ചൊവ്വയുടെ ഉപരിതലത്തില്‍ അവ നിക്ഷേപിക്കുക. ഇതില്‍ മൂന്നാം ഘട്ടമാണ് ഭൂമിക്ക് പുറത്ത് ആദ്യ നിര്‍മാണ പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് റോവര്‍. ചൊവ്വാ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ട ഈ സാമ്പിള്‍ ശേഖരം ഭാവി ദൗത്യത്തിലൂടെ ഭൂമിയിലെത്തിക്കും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള വിശദമായ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാകും സാമ്പിളുകളുടെ പഠനം.
43 സാമ്പിള്‍ റ്റ്യൂബുകളും അഞ്ച് വിറ്റ്‌നസ് റ്റ്യൂബുകളുമാണ് റോവറില്‍ ഉള്ളത്. ഉപരിതലത്തിലെ പാറകള്‍ തുരന്നെടുത്ത മണ്ണിന്‌റെയും അന്തരീക്ഷ വായുവിന്‌റെയും സാമ്പിളുകള്‍ ശേഖരിക്കാനാണ് സാമ്പിള്‍ ട്യൂബുകള്‍. ഈ ശേഖരിക്കുന്ന സാമ്പിളുകളില്‍ ഭൂമിയില്‍ നിന്നുള്ള ഘടകങ്ങള്‍ ( റോവര്‍ വഴിയോ ഭൂമിയില്‍ നിന്നുള്ള മറ്റ് ദൗത്യപേടകങ്ങള്‍ വഴിയോ) ഉണ്ടോ എന്ന് നിരീക്ഷിക്കാനാണ് വിറ്റ്‌നസ് റ്റ്യൂബുകള്‍.
ഡിപ്പോ നിര്‍മാണം
10 റ്റ്യൂബുകളാണ് പെഴ്‌സെവറന്‍സ് ചൊവ്വാ ഉപരിതലത്തില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചത്. ഓരോന്നും തമ്മില്‍ അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ അകലമുണ്ട്. എട്ട് സാമ്പിള്‍ റ്റ്യൂബുകളില്‍ ഉപരിതലത്തിലെ മണ്ണിന്‌റെയും പാറയുടെയും സാമ്പിളുകളാണ്. ഒന്നില്‍ ചൊവ്വയുടെ അന്തരീക്ഷ സാമ്പിളും. മറ്റൊന്ന് ഒരു വിറ്റ്‌നസ് റ്റ്യൂബാണ്. ജെസറോ ഗര്‍ത്തത്തിലെ ത്രീ ഫോര്‍ക്‌സ് എന്ന പ്രദേശത്താണ് ഡിപ്പോകള്‍ നിര്‍മിച്ചത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇതെന്ന് നാസ വിശദീകരിക്കുന്നു. പരന്ന പ്രതലം കണ്ടെത്തുക, പാറകളില്ലാത്ത ഉപരിതലം കണ്ടെത്തി നിക്ഷേപം നടത്തുക എന്നിങ്ങനെ വെല്ലുവിളികള്‍ ഏറെയായിരുന്നു എന്ന് നാസ വ്യക്തമാക്കി. 2022 ഡിസംബര്‍ 21 ന് ആരംഭിച്ച ഈ പ്രവര്‍ത്തനം അഞ്ച് ആഴ്ചയോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.
ഭാവി പദ്ധതി
പെഴ്‌സെവറന്‍സ് നിക്ഷേപിച്ച സാമ്പിളുകള്‍ ശേഖരിക്കാന്‍ നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സംയുക്ത ദൗത്യമാണ് ചൊവ്വയിലെത്തുക. ഉപരിതലത്തില്‍ ഇറങ്ങുന്ന ഒരു ലാന്‍ഡറും , ചൊവ്വയ്ക്ക് ചുറ്റും ഭ്രമണപഥത്തില്‍ കറങ്ങുന്ന ഒരു ഓര്‍ബിറ്ററുമാണ് പദ്ധതിയിൽ ഉണ്ടാവുക. 2027 ലും 2028 ലുമായാണ് ഇവയുടെ വിക്ഷേപണം. നിലവില്‍ നൂറു ശതമാനം പ്രവര്‍ത്തനക്ഷമമാണ് പെഴ്‌സെവറന്‍സ്. എന്നാല്‍ സാമ്പിള്‍ ശേഖരിക്കാനെത്തുന്ന പുതിയ ദൗത്യം വിക്ഷേപിക്കപ്പെടും വരെ പെഴ്‌സി പ്രവര്‍ത്തനക്ഷമമായി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. അതിനാലാണ് പെഴ്‌സെവറന്‍സിലുള്ള സാമ്പിളുകള്‍ക്ക് പുറമെ ബാക്ക്അപ്പ് പദ്ധതിയായി 10 സാമ്പിളുകള്‍ ചൊവ്വാ ഉപരിതലത്തില്‍ നിക്ഷേപിച്ചത്.