കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം
ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
പേടകം ഇപ്പോൾ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീർഘ വൃത്താകൃതിയിലുള്ള പാതയിലാണ്. പേടകത്തിന്‌റെ പ്രവർത്തനം സാധാരണ നിലയിലെന്നും ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഭ്രമണപഥം ഉയർത്തൽ നാളെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാകും നടക്കുക.
ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച് പുറത്തുകടക്കാൻ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് അധിക ശക്തി നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ആദ്യ ഭ്രമണപഥമുയർത്തൽ മുൻനിശ്ചയിച്ച പ്രകാരം ജൂലൈ 15ന് പൂർത്തിയായിരുന്നു.
ജൂലൈ 14നായിരുന്നു ചാന്ദ്രയാൻ3ന്റെ വിക്ഷേപണം. വിക്ഷേപണവാഹനമായ എല്‍വിഎം3 റോക്കറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് പേടകത്തെ എത്തിച്ചിരുന്നത്. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയാണ് ഇത്.
15ന് ഭൂമിയോട് അടുത്ത ദൂരം 173 കിലോമീറ്ററും അകലെയുള്ള ദൂരം 41,762 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കായിരുന്നു പേടകത്തെ ഉയർത്തിയത്. ഇത്തരത്തിൽ അഞ്ച് തവണ ഭ്രമണപഥമുയർത്തി ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽനിന്ന് പേടകത്തെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഇനി ഇത്തരം മൂന്ന് ഭ്രമണപഥ ഉയർത്തൽ ഭൂമിയുടെ ഗുരത്വാകർഷണ മണ്ഡലത്തിൽ നടത്തണം.
ഓഗസ്റ്റ് ഒന്നിന് പേടകം ചന്ദ്രനിലേക്ക് കുതിക്കും.പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടുത്തുന്നത് ഓഗസ്റ്റ് 17 നാണ്. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ഭൂമിയുമായി ബന്ധപ്പെട്ട ഘട്ടമാണ് പിന്നീട് ലൂണാർ ഓർബിറ്റിലേക്ക് ഘടിപ്പിച്ച് ലാൻഡർ പുറം തള്ളുന്നതാണ് അടുത്ത ഘട്ടം.