ചന്ദ്രയാന്‍ 3ന്റെ ഡീബൂസ്റ്റിങ് പൂര്‍ത്തിയായി; ഇനി ലാൻഡിങ്ങിനായുള്ള കാത്തിരിപ്പ്
രണ്ട് ദിവസത്തിനപ്പുറം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് തയാറെടുക്കുന്ന ചന്ദ്രയാന്‍ 3 ലാന്‍ഡർ മൊഡ്യൂളിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയായി. ചന്ദ്രോപരിതലത്തിൽ നിന്നും കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററും വരുന്ന ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. ഇനി എല്ലാ കണ്ണുകളും സോഫ്റ്റ് ലാൻഡിങ് നിമിഷത്തിലേക്ക്. 23ന് വൈകീട്ട് 5:47നാണ് സോഫ്റ്റ് ലാൻഡിങ്.
രണ്ട് ഘട്ടമായാണ് ഡീ ബൂസ്റ്റിങ് പ്രക്രിയ പൂത്തിയാക്കിയത്. വെള്ളിയാഴ്ത വൈകീട്ട് 4നായിരുന്നു ആദ്യത്തേത്. ഇന്ന് പുലർച്ചെ 2ന് നടന്ന രണ്ടാംഘട്ടവും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ എക്സിൽ അറിയിച്ചു. മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിങ്ങെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ് സൂഗമമാക്കുന്നതിന് വേണ്ടി പേടകത്തിന്റെ വേഗത കുറച്ച് ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയെയാണ് ഡീബൂസ്റ്റിങ് എന്ന് പറയുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് അതുവരെ അതിനെ നയിച്ചിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിത്. ഡീബൂസ്റ്റിങ്ങിന് പിന്നാലെ പേടകത്തെ പൂർണ നിയന്ത്രണത്തിലാക്കി സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഐഎസ്ആർഒ. സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്തിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക.
ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന 30 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേടകം ലംബമാവുകയും ഉപരിതലത്തിലേക്ക് നീങ്ങുകയും ചെയ്യും. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ലാന്‍ഡറിന്റെ വേഗത കുറയ്ക്കുകയാണ് ലാന്‍ഡിങ്ങിലെ നിര്‍ണായക ഘട്ടം. ഓഗസ്റ്റ് 23 ഉച്ചയോടെ ലാന്‍ഡിങ്ങ് പ്രക്രിയ ആരംഭിക്കും. വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാന്‍ഡിങ്. മുഴുവന്‍ സെന്‍സറുകളും രണ്ട് എഞ്ചിനും തകരാറിലായാലും സോഫ്റ്റ്ലാന്‍ഡിങ് വിജയകരമായി നടത്താനാകുംവിധം വിവിധ പരീക്ഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ലാന്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്.