വീണ്ടും സൗരക്കൊടുങ്കാറ്റ്; ഭൂമിക്ക് ആശങ്ക
ഭൂമിക്ക് ആശങ്കയായി വീണ്ടും സൗരക്കൊടുങ്കാറ്റ്. മണിക്കൂറിൽ ദശലക്ഷത്തിലധികം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കൊറോണൽ മാസ് എജക്ഷൻ (സിഎംഇ) സൂര്യനിൽ നിന്ന് പുറപ്പെട്ടതായി ഗവേഷകർ വ്യക്തമാക്കി. ഇത് ഭൂമിയിൽ ചെറുതല്ലാത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭൂമിയിൽ പതിക്കുമെന്ന് അമേരിക്ക ആസ്ഥാനമായ സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ പറഞ്ഞു.
സൂര്യനിൽ നിന്നുള്ള ഈ പ്ലാസ്മ കിരണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ തടസങ്ങളുണ്ടാക്കുമെന്നും ഭൗമകാന്തിക കാറ്റിന് കാരണമാകാമെന്നുമാണ് മുന്നറിയിപ്പ്. ഭൂമിയിലെ റേഡിയോ റേഡിയോ തരംഗങ്ങളെ ബാധിച്ചേക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. എആര്‍3296 എന്ന സൗരകളങ്കത്തില്‍ നിന്ന് മെയ് ഏഴിനാണ് സൗരക്കൊടുങ്കാറ്റ് രൂപപ്പെട്ടത്.
സൂര്യനിൽ നിന്നുള്ള പ്ലാസ്മയുടെയും കാന്തിക ക്ഷേത്രങ്ങളുടെയും പുറന്തള്ളലാണ് കൊറോണൽ മാസ് എജക്ഷൻ. സിഎംഇയുടെ കാന്തികക്ഷേത്രങ്ങളും ഭൂമിയുടെ കാന്തികക്ഷേത്രവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് ഭൗമകാന്തിക കാറ്റ് ഉണ്ടാകുന്നത്. ജി 1 വിഭാഗത്തിൽപെട്ട താരതമ്യേന ദുർബലമായ ഭൗമകാന്തിക കാറ്റാണ് രൂപപ്പെടുക. ഇത് ഭൂമിയിൽ ചെറിയ തോതിലുള്ള വൈദ്യുത തടസങ്ങൾ സൃഷ്ടിക്കും. ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളെയും ചെറിയ രീതിയിൽ ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഓരോ കൊറോണൽ മാസ് എജക്ഷനും വളരെ വേഗത്തിലാണ് ബഹിരാകാശത്തേക്ക് കോടിക്കണക്കിന് വൈദ്യുത കണങ്ങളെ അയക്കുന്നത്. ഈ കണങ്ങൾക്ക് മണിക്കൂറിൽ 30 ലക്ഷം കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അവ ഭൂമിയുടെ ദിശയിലേക്കാണ് വരുന്നതെങ്കിൽ വളരെയധികം പ്രശ്നങ്ങളാണ് സൃഷ്ടിക്കുക.
ഭൗമകാന്തിക കാറ്റിന്റെ തീവ്രത, G1 മുതൽ G5 വരെയാണ് രേഖപ്പെടുത്തുന്നത്. G1 ഏറ്റവും ദുർബലമായതും G5 ഏറ്റവും ശക്തിയേറിയതുമാണ്. മാർച്ച് 25ന് അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചിരുന്നു. ജി4 തീവ്രതയാണ് ഇതിന് രേഖപ്പെടുത്തിയിരുന്നത്.
സൗര കൊടുങ്കാറ്റ് വ്യാഴാഴ്ച വരെ തുടരാം. ഇത്, ദേശാടന പക്ഷികളെ ബാധിക്കും. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സഹായത്തോടെയാണ് അവ സഞ്ചാരത്തിന്റെ ഗതി നിർണയിക്കുന്നത് എന്നതിനാലാണ് ഇത്. ധ്രുവപ്രദേശങ്ങളോട് ചേർന്ന മേഖലകളിൽ അറോറ ദൃശ്യമാകാനും സാധ്യതയുണ്ട്.