യുഎഇ സുല്‍ത്താൻ അല്‍ നെയാദിയും സംഘവും ഭൂമി തൊട്ടു; ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷം

യുഎഇ സുല്‍ത്താൻ അല്‍ നെയാദിയും സംഘവും ഭൂമി തൊട്ടു; ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്നത് ആറ് മാസങ്ങള്‍ക്ക് ശേഷം

ഇന്ത്യന്‍ സമയം 9.47ന് ഫ്‌ലോറിഡയില്‍ ജാക്‌സണ്‍വില്ല തീരത്തോട് ചേർന്ന കടലിലാണ് സംഘം ഇറങ്ങിയത്.
Updated on
1 min read

ആറുമാസത്തെ ബഹിരാകാശവാസത്തിനു ശേഷം യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി. ഇന്ത്യന്‍ സമയം 9.47ന് ഫ്‌ലോറിഡയില്‍ ജാക്‌സണ്‍വില്ല തീരത്തോട് ചേർന്ന കടലിലാണ് സംഘം ഇറങ്ങിയത്. ബഹിരാകാശ യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തിറക്കി. നെയാദിയെ കൂടാതെ സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോസ്ബര്‍ഗ്(അമേരിക്ക), ആന്ദ്രേ ഫെഡ് യാവേവ് (റഷ്യ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഭൂമിയിൽ നിന്ന്​ 400 കിലോമീറ്റർ അകലെയാണ് ​അന്താരാഷ്ട ബഹിരാകാശ നിലയം.

അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ സഞ്ചാരി എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി

ബഹിരാകാശ വാഹനമായ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ എയർക്രാഫ്റ്റ് ഇന്നലെയാണ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചത്. 17 മണിക്കൂര്‍ പറക്കലിനു ശേഷമാണ് അവര്‍ ഭൂമിയിലെത്തുന്നത്. നെയാദി ഉള്‍പ്പെട്ട നാലംഗ സംഘം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് നാസയുടെ കെന്നഡി സ്‌പോസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യാത്ര തിരിച്ചത്. മൂന്നിന് ബഹിരാകാശ നിലയത്തിലെത്തുകയും ചെയ്തു. 186 ദിവസങ്ങളാണ് നെയദി ബഹിരാകാശത്ത് കഴിഞ്ഞത്. ഇതോടെ അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ സഞ്ചാരി എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരികൂടിയാണ് അദ്ദേഹം.

200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങളടക്കം പൂര്‍ത്തിയാക്കിയാണ് സംഘത്തിന്റെ മടക്കം. ഇതില്‍ 19 പരീക്ഷണങ്ങള്‍ നെയാദി സ്വയം പൂര്‍ത്തിയാക്കിയതാണ്. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് പൗരന്‍ എന്ന റെക്കോര്‍ഡും ഇപ്പോള്‍ നെയാദിയുടെ പേരിലാണ്. ഏഴ് മണിക്കൂറും ഒരു മിനിറ്റും കൊണ്ടാണ് നെയാദി നടത്തം പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് താമസിച്ചിരുന്ന സമയത്ത് അദ്ദേഹം അവിടെ നിന്നുള്ള ഭൂമിയുടെ ചിത്രങ്ങളും മറ്റ് അപൂര്‍വ്വ ദൃശ്യങ്ങളുമെല്ലാം പങ്കുവച്ചിരുന്നു. ശനിയാഴ്ച മടക്കയാത്ര ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in