തമോഗര്‍ത്തത്തില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഈ വീഡിയോ നല്‍കും ഉത്തരം
തമോഗര്‍ത്തത്തില്‍ എന്നെങ്കിലും അകപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഒരുക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൂപ്പര്‍ കംപ്യൂട്ടറില്‍ തമോദ്വാരത്തിന്‌റെ ആഴത്തിലുള്ള സ്റ്റിമുലേഷൻ വീഡിയോയാണ് നാസ ഒരുക്കിയിരിക്കുന്നത്. പ്രകാശം പോലും കടന്നെത്താത്ത അതിര്‍ത്തികളില്ലാത്ത ചക്രവാളത്തിനുള്ളിലേക്ക് കാഴ്ചക്കാര്‍ക്ക് ആഴ്ന്നിറങ്ങാന്‍ സാധിക്കുന്ന അനുഭവമാണ് ഈ ദൃശ്യം സമ്മാനിക്കുന്നത്.
നാസയുടെ ഗൊദാർദ് ഫ്ളൈറ്റ് സെന്‌ററിലെ ജ്യോതിശാസ്ത്രജ്ഞന്‍ ജെര്‍മി ഷ്‌നിറ്റ്മാന്‍, ശാസ്ത്രജ്ഞനായ ബ്രയാന്‍ പവലുമായി സഹകരിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്. 'ഡിസ്കവർ സൂപ്പർ കമ്പ്യൂട്ടർ' ഉപയോഗിച്ചാണ് സ്റ്റിമുലേഷൻ ഒരുക്കിയത്. സൂര്യൻ്റെ പിണ്ഡത്തേക്കാൾ 43 ലക്ഷം മടങ്ങ് കൂടുതലുള്ള ക്ഷീരപഥ മധ്യത്തിലുള്ളതിനു സമാനമായ അതിബൃഹത്തായ തമോദ്വാരമാണ് ലക്ഷ്യസ്ഥാനം.
40 കോടി മൈല്‍ അകലെനിന്ന് തമോഗര്‍ത്തത്തെ സമീപിക്കുമ്പോള്‍ അവിശ്വസീനയമായ കാഴ്ചകളാണ് ലഭ്യമാകുക. ചുറ്റുപാടുമുള്ള അക്രിഷൻ ഡിസ്കും (ചൂടുള്ള വാതകത്തിൻ്റെ ചുഴലിക്കാറ്റ്) പശ്ചാത്തലത്തിൽ നക്ഷത്രങ്ങളും ഒരു ഫൺഹൗസ് കണ്ണാടിയിൽ നോക്കുന്നത് പോലെ ചുറ്റും കാണാനാകും.
ക്യാമറ കുറച്ചുകൂടി അടുത്തേക്ക് എത്തുമ്പോള്‍ ഒരു റെയ്‌സ് കാറിന്‌റെ വേഗത കൂട്ടുമ്പോഴുണ്ടാക്കുന്നതിനു സമാനമായ ഇരമ്പൽ ശബ്ദം കേൾക്കാം. നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശവും തമോഗര്‍ത്തത്തിനു ചുറ്റുമുള്ള വാതക വലയവും കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടുന്നു.
ക്യാമറയ്ക്ക് ഈ ചക്രവാളത്തിലെത്താന്‍ മൂന്ന് മണിക്കൂര്‍ എടുക്കും. എന്നാല്‍ ദൂരെനിന്ന് നോക്കുന്ന ഒരാള്‍ക്ക് ക്യാമറ അതിലേക്ക് എത്തുന്നതായി തോന്നുകയുമില്ല. അടുത്തുവരുമ്പോൾ, പതുക്കെ നീങ്ങുന്നതായും തുടർന്ന് നിലയ്ക്കുന്നതായും തോന്നുന്നു.
വീഡിയോ കാണാം: