ജിപിഎസ് ചോദിച്ചു, തന്നില്ല;
'നാവിക് 'കൊണ്ട് ഇന്ത്യയുടെ മധുരപ്രതികാരം

ജിപിഎസ് ചോദിച്ചു, തന്നില്ല; 'നാവിക് 'കൊണ്ട് ഇന്ത്യയുടെ മധുരപ്രതികാരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആറ്റോമിക് ക്ലോക്കാണ് ഇന്ന് വിക്ഷേപിച്ച എന്‍ വി എസ് - 1 ഉപഗ്രഹത്തിലെ ഏറ്റവും പ്രധാന ഘടകം
Updated on
3 min read

ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണ കാര്യത്തില്‍ നിര്‍ണായകമായ ഒരു ചുവടുവയ്പ് കൂടി നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. അമേരിക്കയുടെ ജി പി എസിനോടും (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) റഷ്യയുടെ ഗ്‌ളാനോസിനോടും ചൈനയുടെ ബേദൗനോടും യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോടും കിടപിടിക്കുന്ന ദിശനിര്‍ണയ സംവിധാനം ഒരുക്കുന്നതിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് വിക്ഷേപിക്കപ്പെട്ട എന്‍ വി എസ് - 1 എന്ന ഉപഗ്രഹം.

ജിപിഎസ് ചോദിച്ചു, തന്നില്ല;
'നാവിക് 'കൊണ്ട് ഇന്ത്യയുടെ മധുരപ്രതികാരം
എന്‍വിഎസ് 01 ഭ്രമണപഥത്തിൽ; നാവിക്കിന് അധിക കരുത്ത്

'നാവിക്'എന്ന ഇന്ത്യയുടെ സ്വന്തം വഴികാട്ടി

നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റല്ലേഷന്‍ അഥവാ നാവിക് എന്ന പേരിലാണ് ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം അറിയപ്പെടുന്നത്. നാവിക് പരമ്പരയില്‍പ്പെട്ട ഒന്നാം ഘട്ട ഉപഗ്രഹ വിക്ഷേപണം ഒന്‍പതു തവണകളായി നടന്നിരുന്നു. ഐ ആര്‍ എന്‍ എസ് എസ് (ഇന്ത്യന്‍ റീജിണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) എന്നായിരുന്നു ആ ശ്രേണിയിലെ ഉപഗ്രഹങ്ങളുടെ പേര്. ഒമ്പതെണ്ണം വിക്ഷേപിച്ചെങ്കിലും ഏഴെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമം. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലായിരുന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ പരിധിയിലാക്കുന്നുവെന്നതാണ് നാവിക് ശ്രേണിയിലെ ഉപഗ്രഹങ്ങളുടെ പ്രത്യേകത. സൈനിക - സൈനികേതര ആവശ്യങ്ങളാണ് പ്രധാനമായും ഈ ഉപഗ്രഹങ്ങള്‍ വഴി നിറവേറ്റുന്നത്. ഐ ആര്‍ എന്‍ എസ് എസ് ശ്രേണിയിലെ വിക്ഷേപണം അവസാനിച്ചതോടെയാണ് രണ്ടാം ശ്രേണിയായി എന്‍ വി എസ് 01 എത്തുന്നത്. നിലവില്‍ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ഐ ആര്‍ എന്‍ എസ് എസ് പരമ്പരയിലെ ഏഴു ഗതിനിര്‍ണയ ഉപഗ്രഹങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണ് പുതിയവയുടെ ദൗത്യം.

2004 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു ഇതേക്കുറിച്ചു സാധ്യതാ പഠനം നടത്താനും പദ്ധതി നടപ്പിലാക്കാനും ഐ എസ് ആര്‍ ഒ യ്ക്ക് നിര്‍ദേശം നല്‍കിയത്

ഇന്ത്യയുടെ മധുരപ്രതികാരം

1999 മെയ് മുതല്‍ ജൂലൈ വരെ നീണ്ട കാര്‍ഗില്‍ യുദ്ധ കാലം. നിയന്ത്രണരേഖ ലംഘിച്ച് തീവ്രവാദികളും പാക് സൈനികരും ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറിയ സമയം. തിരിച്ചടി നല്‍കാന്‍ സൈനിക നീക്കങ്ങള്‍ക്ക് ദിശനിര്‍ണയം നിര്‍ണായക ഘടകം. ഉപഗ്രഹസഹായത്തോടെ ഭൂമിയെ മുഴുവന്‍ 'പരിധിയിലാക്കിയ' അമേരിക്കയോട് പ്രദേശത്തെ ശത്രുനീക്കമറിയാന്‍ ഇന്ത്യ ജിപിഎസ് (അമേരിക്കയുടെ നാവിഗേഷന്‍ സംവിധാനം) സഹായം ചോദിച്ചു. അമേരിക്ക സഹായിച്ചില്ല. ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കി അന്ന് ഇന്ത്യയെ സഹായിച്ചത് ഇസ്രായേല്‍ ആയിരുന്നു.

ഈ സംഭവത്തോടെ ഇന്ത്യ സ്വന്തമായൊരു ഗതിനിര്‍ണയ ഉപഗ്രഹത്തിന്റെ അനിവാര്യതയും സാധ്യതയും മനസിലാക്കി. 2004 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു ഇതേക്കുറിച്ചു സാധ്യത പഠനം നടത്താനും പദ്ധതി നടപ്പിലാക്കാനും ഐ എസ് ആര്‍ ഒ യ്ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യത്തിനായി ഗതിനിര്‍ണയ സംവിധാനമൊരുക്കാന്‍ 2006 ല്‍ പദ്ധതിക്ക് കേന്ദ്രാനുമതിയായി. നാവിക് ഉപഗ്രഹശ്രേണിയിലെ ആദ്യ ഘട്ട ഉപഗ്രഹങ്ങളില്‍ ഒന്നാമത്തേത് ഐ ആര്‍ എന്‍ എസ് എസ്- 1 2013 ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതോടെ ഗതി നിര്‍ണയ ഉപഗ്രഹം വിക്ഷേപിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഉയരം കൂടിയ പര്‍വതങ്ങള്‍, മഞ്ഞുമലകള്‍, കൊടും കാടുകള്‍, കടല്‍ തുടങ്ങി ഭൂപ്രകൃതി തടസ്സമാകുന്ന സൈനിക നീക്കങ്ങള്‍ക്കെല്ലാം നാവിക് ഉപഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സഹായകമാകും

എന്താണ് 'നാവിക്' കൊണ്ടുള്ള നേട്ടങ്ങള്‍

ഇന്ത്യക്കു ചുറ്റുമുള്ള 1500 കിലോമീറ്റര്‍ പ്രദേശം മൊത്തം നാവിക് ഉപഗ്രഹക്കണ്ണുകളുടെ പരിധിയില്‍ വരും. സൈനിക ആവശ്യങ്ങള്‍ക്കാണ് മുന്തിയ പരിഗണനയെങ്കിലും ഇന്ത്യയിലെ ജീവിതത്തിന്റെ സമസ്തമേഖലകളെയും സഹായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഉപഗ്രഹ രൂപകല്‍പ്പനയും ബഹിരാകാശത്തുള്ള ഇവയുടെ വിന്യാസവും. ഉയരം കൂടിയ പര്‍വതങ്ങള്‍, മഞ്ഞുമലകള്‍, കൊടുംകാടുകള്‍, കടല്‍ തുടങ്ങി ഭൂപ്രകൃതി തടസ്സമാകുന്ന സൈനിക നീക്കങ്ങള്‍ക്കെല്ലാം നാവിക് ഉപഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സഹായകമാകും.

സമുദ്ര ഗതാഗതം, ചരക്കുനീക്കം, വ്യോമഗതാഗതം, വ്യക്തിഗത യാത്രകള്‍, മൊബൈല്‍ ഫോണില്‍ ഉള്‍പ്പടെയുള്ള ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, സര്‍വേകള്‍, നിരീക്ഷണം, ദുരന്ത നിവാരണം, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം നാവിക്കിന്റെ കയ്യില്‍ ഭദ്രം.

ഇപ്പോള്‍ നാം മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന അമേരിക്കയുടെ ജിപിഎസിന് പകരം സമാന സേവനം നാവികിന് ഭാവിയില്‍ നല്‍കാന്‍ കഴിയും. 2019 മുതല്‍ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിച്ച് വരുന്ന വെഹിക്കിള്‍ ട്രാക്കിങ് സംവിധാനവും മത്സ്യ തൊഴിലാളികള്‍ക്കായുള്ള 'മ്യാപ് മൈ ഇന്ത്യ മൊബൈല്‍ 'ആപ്ലിക്കേഷനുമൊക്കെ നിലവില്‍ നാവിക്കിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

സാധാരണയുള്ള ലൊക്കേഷന്‍ കണ്ടുപിടിക്കലിന് പുറമെ സൈനികര്‍ക്കു കൂടുതല്‍ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ കൈമാറാനാണ് ഈ സംവിധാനം

സാങ്കേതികവിദ്യയില്‍ കില്ലാഡി

മൂന്നാം തലമുറ ജിപിഎസ് സിഗ്‌നലായ ശക്തമായ ആവൃത്തിയുള്ള (ഫ്രീക്വന്‍സി) എല്‍-5 ബാന്‍ഡിലാണ് നാവിക് പ്രവര്‍ത്തിക്കുക. ഇന്ന് വിക്ഷേപിച്ച എന്‍ വി എസ് - 1 ഉപഗ്രഹം എല്‍ -1, എല്‍ - 5 , എസ് ബാന്‍ഡുകള്‍ എന്നിവയെ സ്വീകരിക്കാന്‍ പാകത്തില്‍ രൂപകല്പന ചെയ്തതാണ്. കൃത്യതയാര്‍ന്ന ഫലം തരാന്‍ ഇത് സഹായിക്കും. സാധാരണയുള്ള ലൊക്കേഷന്‍ കണ്ടുപിടിക്കലിനുപുറമെ സൈനികര്‍ക്കു കൂടുതല്‍ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ കൈമാറാനാണ് ഈ സംവിധാനം. പ്രതികൂലമായ ഒരു കാലാവസ്ഥയും തന്ത്രപ്രധാനമേഖലകളിലെ സൈനികരുടെ ജോലിമുടക്കില്ലെന്നര്‍ത്ഥം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആറ്റോമിക് ക്ലോക്കാണ് എന്‍ വി എസ് - 1 ഉപഗ്രഹത്തിലെ ഏറ്റവും പ്രധാന ഘടകം. കാര്യങ്ങള്‍ കിറുകൃത്യമാകാനും സമയ നിര്‍ണയത്തില്‍ അണുവിട വ്യതിയാനം സംഭവിക്കാതിരിക്കാനും ഇത് സഹായിക്കും.

ഭൂസ്ഥിര ഭ്രമണപഥത്തിലാണ് എന്‍ വി എസ് - 1 ഉപഗ്രഹത്തിന്റെ സ്ഥാനം. ജിഎസ്എൽവി എഫ്12 റോക്കറ്റ് താൽക്കാലിക ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹത്തെ ഉടൻ യഥാർഥ ഭ്രമപണഥത്തിലേക്ക് മാറ്റിത്തുടങ്ങും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണത്തിലാണ് നാവിക് ഉപഗ്രഹങ്ങള്‍ ആകാശ വിതാനത്തില്‍നിന്ന് ഭൂമിയിലേക്ക് മിഴി തുറക്കുക.

നാവിക്കിന്റെ രണ്ടാം ശ്രേണിയില്‍ അഞ്ചു ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ രൂപകല്‍പന ചെയ്തിരിക്കുന്നത്. താരതമ്യേന ഭാരം കൂടിയ ഉപഗ്രഹങ്ങളായതിനാല്‍ ജിഎസ്എല്‍ വി മാര്‍ക്ക് മൂന്നിന്റെ സഹായത്തോടെയാണ് വിക്ഷേപണം. വൈകാതെ അടുത്ത ഉപഗ്രഹങ്ങളും കുതിച്ചുയരും. 12 വര്‍ഷമാണ് ഉപഗ്രഹങ്ങളുടെ കാലാവധി.

logo
The Fourth
www.thefourthnews.in