ഫെഡററുടെ കണ്ണീരും മെസിയുടെ പുഞ്ചിരിയും
കോവിഡിനു ശേഷം ജനജീവിതം വീണ്ടും ഉരുണ്ടുതുടങ്ങിയ വര്‍ഷമാണ് 2022. ഒരു കൊമേഴ്‌സ്യല്‍ ബ്രേക്കിനു ശേഷം മത്സരം പുനരാരംഭിക്കും പോലെയായിരുന്നു അത്. കായിക ലോകത്തും അതങ്ങനെ തന്നെ. ആരവങ്ങള്‍ നിലച്ച രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗ്യാലറിയും മനസും നിറഞ്ഞ വര്‍ഷത്തില്‍ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുണ്ട്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന്റെ കണ്ണീരും ലയണല്‍ മെസിയുടെ വിജയസ്മിതവുമെല്ലാം കണ്ട വര്‍ഷം ഒടുവില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മരണവാര്‍ത്തയോടെയാണ് വിടപറയുന്നത്.
വെസ്റ്റിന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പോടു കൂടിയാണ് കായിക ലോകത്തിന്റെ 2022 ആരംഭിച്ചത്. പിന്നീട് വനിതാ ക്രിക്കറ്റ് ലോകകപ്പ്, വനിതാ ഹോക്കി ലോകകപ്പ്, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയ്ക്കും ഈ വര്‍ഷം സാക്ഷികളായി. 2022-ന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒന്നുകൂടി കടന്നുപോകാം.
മെസിയുടെ 2022, അര്‍ജന്റീനയുടെയും
മൂന്നര പതിറ്റാണ്ട് നീണ്ട അര്‍ജന്റീനയുടെ കാത്തിരുപ്പ് അവസാനിച്ച വര്‍ഷമാണ് 2022. അതുപോലെ തന്നെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കരിയറിന് പൂര്‍ണത കൈവന്ന വര്‍ഷവും. വര്‍ഷാവനത്തില്‍ ഡിസംബര്‍ 18-ലെ തണുപ്പുള്ള രാത്രിയില്‍ ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളും ലോകമൊന്നടങ്കവും ആ കാഴ്ച കണ്ടു. അര്‍ജന്റീന കാല്‍പ്പന്ത് കളിയിലെ ലോക ജേതാക്കളായി സ്ഥാനാരോഹണം നടത്തുന്നത്. ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലില്‍ ഫ്രാന്‍സിനെ 4-2ന് തോല്‍പിച്ച് അവര്‍ കിരീടം ചൂടുമ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച് നായകസ്ഥാനത്ത് മെസിയുണ്ടായിരുന്നു. എട്ടു വര്‍ഷം മുമ്പ് കൈകളില്‍ നിന്നു വഴുതിയ ആ കനക കിരീടം ഏറ്റുവാങ്ങി മെസി തന്റെ കരിയറിന് പൂര്‍ണത് നല്‍കുകയും ചെയ്തു. 1986-ല്‍ ഡീഗോ മറഡോണയുടെ നേതൃത്വത്തിലായിരുന്നു ഇതിനു മുമ്പ് അവസാനം ലോകകപ്പ് നേടിയത്.
ഇംഗ്ലീഷ് ഡബിള്‍
നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ എല്ലാ ലോകകിരീടവും ഒന്നിച്ച് ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ടിലേക്ക് എത്തിയ വര്‍ഷം കൂടിയാണ് 2022. മൂന്നു വര്‍ഷം മുമ്പ് ഏകദിന ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ അവര്‍ ഇൗ വര്‍ഷം ട്വന്റി 20 ലോകകപ്പ് കൂടി നേടിയതോടെ അതൊരു അപൂര്‍വതയുമായി. രണ്ട് വൈറ്റ് ബോള്‍ ലോകകപ്പുകള്‍ ഒരേസമയം കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇംഗ്ലണ്ട് നേടി.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചായിരുന്നു ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ കിരീടധാരണം. സാം കറന്റെ മികച്ച ബൗളിങ്ങും നായകന്‍ സ്‌റ്റോക്‌സിന്റെ മികച്ച ബാറ്റിങ്ങുമാണ് ഫൈനലില്‍ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.
കോഹ്ലി ബ്രില്യന്‍സ്
പക, അത് വീട്ടാനുള്ളതാണ് എന്നാണ് സിനിമാ ഡയലോഗ്. കായിക ലോകത്ത് ആ ഡയലോഗ് ഈ വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ്. ഒരു വര്‍ഷം മുമ്പ് ചിരവൈരികളായ പാകിസ്താന്റെ പക്കല്‍ നിന്നേറ്റ തോല്‍വിക്ക് അതേ നാണയത്തിലുള്ള ഒരു മറുപടി.
2021-ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ അതാദ്യമായാണ് പാകിസ്താനു മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്. ആ തോല്‍വിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പകവീട്ടാനുള്ള അവസരമായിരുന്നു ഇന്ത്യക്ക് ഈ വര്‍ഷം ഓസ്‌ട്രേലിയില്‍ നടന്ന ടി20 ലോകകപ്പ്.
തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ അത് സാധിക്കുകയും ചെയ്തു. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് നിശ്ചയദാര്‍ഡ്യത്തോടെ ബാറ്റുവീശിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഇന്നിങ്‌സായിരുന്നു. നാലിന് 31 എന്ന നിലയില്‍ പതറിയ ഇന്ത്യയെ അവസാന പന്തു വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ കോഹ്ലി വിജയതീരത്തെത്തിക്കുകയായിരുന്നു. 82 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു.
കോമണ്‍വെല്‍ത്തിലെ മെഡല്‍ക്കൊയ്ത്ത്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കണ്ടതും 2022-ലാണ്. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ നടന്ന ഗെയിംസില്‍ ഇന്ത്യ വാരിക്കൂട്ടിയത്. ഈ മെഡലുകളില്‍ ഒരു സ്വര്‍ണം ഉള്‍പ്പടെ ആറെണ്ണം സംഭാവന ചെയ്തത് മലയാളി താരങ്ങളാണെന്നത് കേരളത്തിനും അഭിമാനമായി.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയ മലയാളി താരം എല്‍ദോസ് പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമായപ്പോള്‍ വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബൂബക്കര്‍, ലോങ്ജമ്പില്‍ വെള്ളിയണിഞ്ഞ എം. ശ്രീശങ്കര്‍, ബാഡ്മിന്റണില്‍ ടീമിനത്തില്‍ വെള്ളിയും വെങ്കലും നേടിയ ട്രീസ മരിയ ജോളി, വെള്ളി നേടിയ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷ് എന്നിവരും മലയാളത്തിന്റെ അഭിമാനമായി.
ഫെഡക്‌സ് യുഗത്തിന്റെ അന്ത്യം
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന്റെ വിരമിക്കല്‍ കണ്ടതും 2022-ലാണ്. ഈ വര്‍ഷം നടന്ന ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായി മറ്റൊരു ഇതിഹാസ താരം റാഫേല്‍ നദാലിനൊപ്പം ഡബിള്‍സ് മത്സരത്തിലാണ് ഫെഡറര്‍ അവസാനമായി റാക്കറ്റേന്തിയത്. 20 ഗ്രാന്‍ഡ്സ്ലാം നേടിയ ഇതിഹാസ താരം കണ്ണീരണിഞ്ഞാണ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ചടങ്ങില്‍ ഫെഡററും നദാലും ഒന്നിച്ചിരുന്നു കരയുന്ന ചിത്രം ആരാധകരുടെ മനസില്‍ എന്നും മായാതെ നില്‍ക്കും.
അനിശ്ചിതത്വത്തില്‍ സെറീന
സെറീനാ വില്യംസ് ഇനി ടെന്നീസ് കോര്‍ട്ടിലേക്ക് എത്തുമോയെന്ന ആകാംക്ഷ സമ്മാനിച്ചാണ് 2022 കടന്നു പോകുന്നത്. സെറീനയുടെ തന്നെ വാക്കുകളാണ് ഈ ആകാംക്ഷയ്ക്കു കാരണം. ''ജീവിതത്തില്‍ പ്രത്യേക തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ വരും. അത്തരത്തിലൊന്നിലൂടെയാണ് ഞാന്‍ കടന്നു പോയത്. ടെന്നീസാണ് എന്റെ ജീവന്‍. പക്ഷേ ഇനി എനിക്ക് ജീവതത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കണം. ഒരമ്മ കൂടിയാണ് ഞാനിപ്പോള്‍. യു.എസ്. ഓപ്പണ്‍ ജയിച്ചു തന്നെ മടങ്ങണമെന്നാണ് ആഗ്രഹം. എന്തായാലും വരുന്ന ദിനങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിക്കും''- ഇക്കഴിഞ്ഞ യുഎസ് ഓപ്പണിനു തൊട്ടുമുമ്പ് സെറീന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത് ഇങ്ങനെയാണ്.
ഇതോടെ യുഎസ് ഓപ്പണിനു ശേഷം സെറീന വിരമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. അതു നിഷേധിക്കാനോ സ്ഥിരീകരിക്കാനോ താരം തയാറായതുമില്ല. യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ താരം അയ്ല ടൊമിയാനോവിക്കിനോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തലകുനിച്ച് ഇതിഹാസ താരം മടങ്ങുകയും ചെയ്തു. സ്‌കോര്‍ 6-7, 7-5, 1-6.
അതിനു ശേഷം സെറീന ടെന്നീസ് കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ താന്‍ ടെന്നീസില്‍ നിന്നു വിരമിച്ചിട്ടില്ലെന്നും കോര്‍ട്ടിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും ഒക്‌ടോബറില്‍ സെറീന വ്യക്തമാക്കി. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഓര്‍മപ്പൂക്കളായി വോണും സൈമണ്ട്‌സും
ലോക ക്രിക്കറ്റിനു പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് കണ്ണീരിന്റെ വര്‍ഷമായിരുന്നു 2022. സുവര്‍ണ തലമുറയിലെ രണ്ടു സുപ്രധാന താരങ്ങളെയാണ് ഓസീസിന് ഈ വര്‍ഷം നഷ്ടമായത്, സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സും.
മാര്‍ച്ചില്‍ തായ്‌ലന്‍ഡിലെ കോ സമുയി ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് വോണ്‍ മരണമടഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകളും ഏകദിന ക്രിക്കറ്റില്‍ 293 വിക്കറ്റുകളും നേടിയ വോണിന്റെ അപ്രതീക്ഷിത മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
വോണിന്‍െ മരണത്തിനു പിന്നാലെ മേയില്‍ കാറപകടത്തെത്തുടര്‍ന്നായിരുന്നു സൈമണ്ട്‌സിന്റെ ആകസ്മിക അന്ത്യം. വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയന്‍ നഗരമായ ടൗണ്‍സ്‌വില്ലിനു സമീപം സൈമണ്ട്‌സ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്നു തെന്നിമാറി താഴേക്ക് മറിയുകയായിരുന്നു. സൈമണ്ട്‌സ് മാത്രമാണ് കാറിലുണ്ടായിരുന്നത്. 1998-ല്‍ അരങ്ങേറി 2009-ല്‍ വിരമിച്ച സൈമണ്ട്‌സ് ഓസ്‌ട്രേലിയയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്.
അരങ്ങേറ്റത്തില്‍ ടൈറ്റില്‍ നേടി ടൈറ്റന്‍സ്
കളിച്ച ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ കിരീടം. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കാട്ടിയ അദ്ഭുതം ഇക്കഴിഞ്ഞ വര്‍ഷം ആവര്‍ത്തിച്ചത് ഗുജറാത്ത് ടൈറ്റന്‍സ് ആണ്. ലീഗില്‍ പുതുതായി എത്തിയ രണ്ടു ടീമുകളിലൊന്നായ ടൈറ്റന്‍സ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് കിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത്.
ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചായിരുന്നു അവരുടെ കിരീടനേട്ടം. രാജസ്ഥാന്‍ മുന്നോട്ടു വച്ച 131 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ നായകന്‍ ഹാര്‍ദ്ദിക്കായിരുന്നു അവരുടെ വിജയശില്‍പി. സീസണില്‍ 863 റണ്‍സ് നേടിയ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ ഓറഞ്ച് ക്യാപും 27 വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്റെ തന്നെ യൂസ്‌വേന്ദ്ര ചഹാല്‍ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.
വിംബിള്‍ഡണില്‍ വിസ്മയമായി എലേന
വിഖ്യാതമായ വിംബിള്‍ഡണ്‍ ടെന്നീസ് കോര്‍ട്ടില്‍ പുതിയയൊരു വനിതാ ചാമ്പ്യനെ കണ്ടെത്തിയ വര്‍ഷം കൂടിയായിരുന്നു 2022. സീഡ് ചെയ്യപ്പെടാത്ത രണ്ടു താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് യാബിറിനെ തോല്‍പിച്ച് കസാഖിസ്ഥാന്‍ താരം എലേന റെയ്ബാക്കിനയാണ് ചരിത്രം കുറിച്ചത്.
വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാന്‍ താരമെന്ന ബഹുമതിയും ഇതിലൂടെ റെയ്ബാക്കിന സ്വന്തമാക്കി. തോറ്റെങ്കിലും വടക്കന്‍ ആഫ്രിക്കയിലെ അറബ് രാജ്യമായ ടുണീഷ്യയില്‍ നിന്ന് ആധുനിക ഗ്രാന്‍ഡ് സ്ലാം ടെന്നീസില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരമായാണ് യാബിര്‍ മടങ്ങിയത്.
കാള്‍സനെ കടത്തി'വെട്ടി' പ്രഗ്യാനന്ദ
ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെതിരേ മൂന്നു തുടര്‍ജയങ്ങള്‍ നേടിയ ചെന്നൈയില്‍ നിന്നുള്ള കൗമാരക്കാരന്‍ ആര്‍. പ്രഗ്യാനന്ദ ഇന്ത്യയുടെ അഭിമാനവും ലോകത്തിന്റെ വിസ്മയവുമായതും 2022-ലാണ്. യുഎസിലെ മയാമിയില്‍ നടന്ന എഫ്ടിഎക്‌സ് ക്രിപ്‌റ്റോകപ്പിലായിരുന്നു ഇന്ത്യന്‍ കൗമാര താരത്തിന്റെ മിന്നും പ്രകടനം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ ഒരു ലോക ചെസ് ചാമ്പ്യന്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥാനായ രമേഷ് ബാബുവിന്റെയും വീട്ടമ്മയായ നാഗലക്ഷ്മിയുടെയും രണ്ടു മക്കളില്‍ ഇളയവനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പ്രഗ്ഗ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും ഇന്ന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 2016 ല്‍ 10 വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി മാറി, 2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സനെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്ഗ ലോകശ്രദ്ധ നേടിത്തുടങ്ങിയത്.
സഹോദരിയുടെ കാര്‍ട്ടൂണ്‍ ഭ്രമം അവസാനിപ്പിക്കാനാണ് മാതാപിതാക്കള്‍ ആ വീട്ടില്‍ ആദ്യമായ ചെസ് ബോര്‍ഡ് വാങ്ങിക്കൊണ്ടുവന്നത്. ചേച്ചിക്കൊപ്പം കരുനീക്കിത്തുടങ്ങിയ പ്രഗ്ഗയുടെ വളര്‍ച്ച അതവേഗമായിരുന്നു. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്ഗ, ഏഴാമത്തെ വയസ്സില്‍ ഫിഡെ 'മാസ്റ്റര്‍' പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രഗ്ഗ 'ഗ്രാന്‍ഡ് മാസ്റ്റര്‍' പദവിയും നേടിയെടുത്തു. ഇങ്ങനെ ഉയരങ്ങളോരോന്നായി കീഴടക്കുമ്പോഴും അമിതാവേശമൊട്ടുമില്ലാതെ തികഞ്ഞ സമചിത്തതയോടെ മുന്നേറുകയാണ് പ്രഗ്‌നാനന്ദ.
അഭിമാനമായി നീരജ് ചോപ്ര
കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ രാജ്യത്തിന്റെ അഭിമാനമായ ജാവലിന്‍ താരം നീരജ് ചോപ്ര ഈ വര്‍ഷം ലോക അത്‌ലറ്റിക്‌സിലെ ചാമ്പ്യന്മാരുടെ ചാമ്പ്യന്‍ഷിപ്പ് എന്നറിയപ്പെടുന്ന ഡയമണ്ട് ലീഗിലും സുവര്‍ണനേട്ടം സ്വന്തമാക്കി. ആവേശകരമായ ഫൈനലില്‍ 88.44 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്. ആദ്യ ശ്രമം ഫൗള്‍ ആക്കിയതിനു ശേഷം രണ്ടാം ശ്രമത്തിലാണ് നീരജ് സുവര്‍ണദൂരം കണ്ടെത്തിയത്.
പിന്നീടുള്ള ശ്രമങ്ങളില്‍ തന്റെ മികച്ച വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ച നീരജിനു പക്ഷേ 88.00, 86.11, 87.00, 83.60 എന്നിങ്ങനെയാണ് കണ്ടെത്താനായത്. ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ നീരജ് സ്വന്തമാക്കി. ഈ വര്‍ഷം നടന്ന വിവിധ ഡയമണ്ട് ലീഗ് മീറ്റുകളില്‍ മികച്ച പ്രകടനം നടത്തിയ ആറ് താരങ്ങളാണ് ഫൈനലില്‍ പങ്കെടുത്തത്. ലുസേന്‍ ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്.
ഇതിഹാസമേ വിട; ഓര്‍മയായി പെലെ
സംഭവബഹുലമായ ഒരു വര്‍ഷം കണ്ണീരോടെയാണ് അവസാനിക്കുന്നത്. ഡിസംബറിന്റെ അവസാന ദിവസങ്ങളിലൊന്നായ ഇന്നലെ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചെന്ന വാര്‍ത്ത ഫുട്‌ബോള്‍ ലോകത്തെയെന്നല്ല കായിക ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു പെലെ. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായതോടെ വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു പെലെയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാനായിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ കറുത്ത മുത്തെന്ന് വാഴ്ത്തിയ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കിട്ടുണ്ട്. 18 വര്‍ഷത്തോളം ബ്രസീല്‍ ഫുട്ബോള്‍ രംഗത്ത് നിറഞ്ഞു നിന്ന പെലെ 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ട്. 1977 ല്‍ തന്റെ നാല്‍പതാം വയസിലായിരുന്നു പെലെ തന്റെ ഫുട്ബോള്‍ കരിയന്‍ അവസാനിപ്പിച്ചത്. ഫുട്ബോളില്‍ നിന്നും വിരമിച്ചത് പിന്നാലെ ബ്രസീല്‍ കായിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 - 1998 കാലയളവിലായിരുന്നു ചുമതല.