ഏഷ്യന്‍ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം; മത്സരങ്ങള്‍ പൊന്മുടിയില്‍ നാളെ മുതല്‍

ഏഷ്യന്‍ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഔദ്യോഗിക തുടക്കം; മത്സരങ്ങള്‍ പൊന്മുടിയില്‍ നാളെ മുതല്‍

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടൻ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്
Updated on
2 min read

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് നടക്കുന്ന ചടങ്ങോടെയാണ് ചാമ്പ്യന്‍ഷിപ്പിന്റെ 28-ാം പതിപ്പിന് ഔദ്യോഗികമായി തുടക്കമാകുന്നത്.

ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ വ്യാഴാഴ്ച പൊന്മുടിയില്‍ വച്ചാണ് ആരംഭിക്കുന്നത്. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പതാക ഉയർത്തുന്നത്.

ഇന്ത്യക്ക് പുറമെ ചൈന, പാകിസ്താന്‍, ജപ്പാൻ, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്‌, കസാക്കിസ്താന്‍, ചൈനീസ് തായ്‌പേയ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്താന്‍, വിയറ്റ്‌നാം, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

എലൈറ്റ് വിഭാഗം മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇത്രയധികം പങ്കാളിത്തമുണ്ടാകുന്നത്.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മിക്ക ടീമുകളും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ പൊന്മുടിയിൽ മത്സരത്തിനായി തയാറാക്കിയ ട്രാക്കിൽ പരിശീലനം നടത്തുന്നുണ്ട്.

31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ അണിനിരത്തുന്നത്. 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍.

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള റഫറിമാർക്കുള്ള എലൈറ്റ് നാഷണൽ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇന്ത്യയിൽവെച്ച് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പും പൊന്മുടിയിലെ വേദിയിൽ നടക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് 29ന് സമാപിക്കും.

logo
The Fourth
www.thefourthnews.in