ലക്ഷ്യബോധത്തോടെ ടാറ്റ തുടങ്ങി; ലക്ഷ്യം തെറ്റി വീണ്ടുമൊരു ദേശീയ ഗെയിംസ്
ദേശീയ ഒളിംപിക് സംഘടന നിലവിലില്ലാതിരുന്നിട്ടും 1920 ലെ ആൻ്റ് വെർപ് ഒളിംപിക്സിൽ ഇന്ത്യയിൽ നിന്ന് ഏതാനും അത് ലിറ്റുകളും ഗുസ്തിക്കാരും പങ്കെടുത്തു. ദൊറാബ്ജി ജംഷഡ്ജി ടാറ്റ സ്വന്തം ചെലവിൽ അയച്ചതായിരുന്നു ആ സംഘത്തെ. ടാറ്റയുടെ വ്യക്തിപ്രഭാവത്തോടുള്ള ആദര സൂചകമായി ഇന്ത്യൻ താരങ്ങളെ മൽസരിക്കുവാൻ അനുവദിക്കുകയായിരുന്നു.പക്ഷേ, താമസിയാതെ രാജ്യാന്തര ഒളിംപിക് സമിതി (ഐ.ഒ.സി.) അംഗീകരിച്ച ദേശീയ ഒളിംപിക് സമിതി നിലവിൽ ഉണ്ടെങ്കിലേ ഒളിംപിക്സിൽ മത്സരിക്കാനാകൂ എന്ന നിയമം കർശനമായി.ഇതോടെ 1924 ലെ പാരിസ് ഒളിംപിക്സിനു മുൻപ് അത്തൊരമൊരു സംഘടനയ്ക്കായി ശ്രമം തുടങ്ങി. സർ ദൊറാബ്ജി ജംഷഡ് ജി ടാറ്റ പ്രസിഡൻറും വൈ .എം.സി.എ. സ്പോർട്സ് ഡയറക്ടർ ഡോ. എ.ജി. നൊറേൻ ജനറൽ സെക്രട്ടറിയുമായി 1923 ൽ അഖിലേന്ത്യാ ഒളിംപിക് കമ്മിറ്റി (ഇപ്പോൾ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ )നിലവിൽ വന്നു.
പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുകയായി അടുത്ത ലക്ഷ്യം. അതിനായി 1924 ഫെബ്രുവരി എട്ട്, ഒൻപത് തീയതികളിൽ ഡൽഹിയിൽ പ്രഥമ ഇന്ത്യൻ ഗെയിംസ് ( അത് ലറ്റിക് ചാംപ്യൻഷിപ് എന്ന് രേഖകളിൽ ) നടത്തി. ഹർഡിൽസ് താരം കണ്ണൂർ സ്വദേശി സി.കെ. ലക്ഷ്മണൻ ഉൾപ്പെടെ ഒൻപത് അത്ലിറ്റുകളെ പാരിസ് ഒളിംപിക്സിന് അയച്ചു. ഇവരുടെ യാത്രാച്ചെലവ് ടാറ്റ തന്നെ വഹിച്ചിരിക്കണം. കാരണം ഇന്ത്യയിലെങ്ങും പര്യടനം നടത്തി കായിക വികസന രേഖയുണ്ടാക്കാൻ വിദഗ്ദ്ധരെ (ഡോ. എ.ജി. നൊറേനും ഹാരി ക്രോ ബക്കും) ചുമതലപ്പെടുത്തിയതും ചെലവ് വഹിച്ചതും ടാറ്റയായിരുന്നു.
1927 ൽ കൽക്കട്ടയിൽ രണ്ടാം ഗെയിംസ് നടന്നു. അടുത്ത ഒളിംപിക്സ് ലക്ഷ്യമിട്ട് 28 ൽ അടുത്ത ഗെയിംസും നടത്തപ്പെട്ടു. പിന്നീട് രണ്ടു വർഷത്തെ ഇടവേളകളിൽ ഏതാണ്ട് കൃത്യമായി സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യൻ ഒളിംപിക് ഗെയിംസ് ആയി ഇതു വിശേഷിപ്പിക്കപ്പെട്ടു. 1950 ൽ മുടങ്ങിയെങ്കിലും 1951 ൽ പ്രഥമ ഏഷ്യൻ ഗെയിംസ് ഡൽഹിയിൽ നടന്നതോടെ, ഏഷ്യയുടെ മഹാമേളയ്ക്ക് ഏഷ്യൻ ഗെയിംസ് എന്നു പേരിട്ട പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ദേശീയ ഗെയിംസ് നടത്തിപ്പിൽ പ്രത്യേക താല്പര്യമെടുത്തു. 1970 ( കട്ടക്ക്) വരെ സമർപ്പണത്തോടെ സംഘടിപ്പിക്കപ്പെട്ടു. പിന്നെ മുടങ്ങിയെങ്കിലും 1979ൽ ഹൈദരാബാദിൽ പുന:രാരംഭിച്ചു.
ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ,ഒളിംപിക്സ് എന്നിവയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിക്കവാറും ഫെബ്രുവരിയിൽ ഗെയിംസ് സംഘടിപ്പിച്ചു പോന്നു.
ദേശീയ ഗെയിംസ് ഇന്നത്തെപ്പോലെ മഹാമേളയായത് 1985 ൽ ന്യൂഡൽഹിയിലാണ്. പരിഷ്കരിച്ച മേളയുടെ രണ്ടാം പതിപ്പ് 1987 ൽ കേരളത്തിൽ നടന്നു.പിന്നെയിത് ലക്ഷ്യം മറന്നു. 2015ൽ കേരളം ആതിഥ്യമരുളിയ ശേഷം ഏഴു വർഷത്തെ ഇടവേള. 2015ലെ ഗെയിംസ് പോലെ ഈ മാസം 29 മുതൽ ഗുജറാത്തിൽ നടക്കുന്ന (ചില മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞു) ഗെയിംസും ലക്ഷ്യമില്ലാത്തതാണ്. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നു. ഏഷ്യൻ ഗെയിംസ് അടുത്ത വർഷത്തേക്കു മാറ്റിവച്ചു. പിന്നെ എന്തിന് ഈ ഗെയിംസ് ? കളിക്കാരെല്ലാം അവരുടെ മികവു തെളിയിച്ച ശേഷം അല്പം ആലസ്യത്തിൽ കഴിയുന്ന സമയത്ത് ആർക്കുവേണ്ടി നടത്തുന്നു.
അടിസ്ഥാന സൗകര്യ വികസനം സാധ്യമാകും. കുറേപ്പേർക്ക് കാഷ് അവാർഡും ജോലിയും കിട്ടും. പക്ഷേ, ദേശീയ ഗെയിംസിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചവർ തഴയപ്പെടും.'