സ്കൂൾ കായികരംഗം വീണ്ടും ഉണരുമ്പോൾ

സ്കൂൾ കായികരംഗം വീണ്ടും ഉണരുമ്പോൾ

64-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തിരുവനന്തപുരത്തു തുടക്കം. നാലു ദിനങ്ങളിലായി 14 റവന്യു ജില്ലകളിൽ നിന്ന് 2737 അത്‌ലറ്റുകള്‍ 98 ഇനങ്ങളിൽ മത്സരിക്കുന്നു.
Updated on
2 min read

മൂന്നു വർഷം മുൻപ് കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക്സിൽ സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ സ്വർണം നേടിയ ആൻസി സോജൻ പിന്നിട്ട ദൂരം 6.24 മീറ്റർ. കെനിയയിലെ നെയ്റോബിയിൽ 20 20 ലെ അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ വേണ്ട യോഗ്യത 6.15 മീറ്റർ. പക്ഷേ, ദേശീയ ക്യാംപിൽ പങ്കെടുത്തില്ല എന്നത് ആൻസിക്കു വിനയായി. കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് പ്രധാനം സംസ്ഥാന സ്കൂൾ കായികമേള തന്നെ. അവിടെ നേടുന്ന തങ്കപ്പതക്കത്തിന് അവർ അത്രയേറെ പ്രാധാന്യം നൽകുന്നു. ഇതൊരു ആൻസിയുടെ മാത്രം കഥയല്ല.

ആന്‍സി സോജനും അപര്‍ണാ റോയിയും.
ആന്‍സി സോജനും അപര്‍ണാ റോയിയും.

2018ൽ ബ്യൂനസ് ഐറിസിലെ യൂത്ത് ഒളിംപിക്സ് സാധ്യത തള്ളി അപർണ റോയി സംസ്ഥാന സ്കൂൾ അത്ലറ്റിക്സിൽ മൽസരിച്ചതും ഓർമയിൽ എത്തുന്നു. ആൻസിയും അപർണയുമൊക്കെ ഇന്ത്യൻ താരങ്ങളായി മാറിയപ്പോൾ കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാന സ്കൂൾ കായികമേള നടന്നില്ല. 2020ൽ കോവിഡ് മഹാമാരി തടസമായി. 21ൽ കളിക്കളങ്ങൾ ഉണർന്നെങ്കിലും നമ്മുടെ സ്കൂൾ കായികരംഗം നിർജീവമായിരുന്നു. കൗമാര താരങ്ങൾക്ക് അവസരം നിഷേധിക്കപ്പെട്ടു.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ അത് ലറ്റിക്സിന് തിരിതെളിയുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കായിക പ്രേമികൾ യൂണിവേഴ്സിറ്റി, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയങ്ങളിലേക്ക് നോക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 1957 ൽ തുടക്കമിട്ട മഹാമേളയുടെ അറുപത്തിനാലാം പതിപ്പാണ് അടുത്ത നാലു ദിവസങ്ങളിൽ നടക്കുന്നത്. പതിനാല് റവന്യു ജില്ലകളിൽ നിന്ന് 2737 അത്‌ലറ്റുകള്‍ 98 ഇനങ്ങളിൽ മത്സരിക്കുന്നു. മൂന്നു പ്രായ വിഭാഗങ്ങളിലാണു മത്സരം. ഒരു ജില്ലയിൽ നിന്ന് ആദ്യ മൂന്നു സ്ഥാനക്കാർ സംസ്ഥാന മീറ്റിൽ മത്സരിക്കുന്ന സംവിധാനം മടങ്ങിയെത്തിയത് ആശ്വാസകരമാണ്. ആദ്യമായി ഫ്ളഡ് ലൈറ്റിലും മത്സരം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര മെഡലുകൾ നേടിയ താരങ്ങൾ കടന്നുവന്നത് ഈ മീറ്റിലൂടെയാണ്. നാളെയുടെ താരങ്ങളെയാണ് നാലു ദിവസങ്ങളിൽ കാണാൻ കഴിയുക. സ്കൂൾ കായിക മത്സരങ്ങൾ പുനരാരംഭിച്ചതിൽ സന്തോഷിക്കുമ്പോഴും ഖത്തറിൽ ലോകകപ്പ് നടക്കുന്ന സമയത്തുതന്നെ ഇതു സംഘടിപ്പിക്കണമായിരുന്നോയെന്ന ചോദ്യം ഉയരുന്നു. ഒക്ടോബർ, നവംബറിൽ പലപ്പോഴും മീറ്റ് നടന്നിട്ടുണ്ട്. 2019ലെ മീറ്റ് നവംബർ മധ്യത്തിലായിരുന്നു. ലോക കപ്പ് ഫുട്ബോളിൻ്റെ തീയതി  ഇന്നും ഇന്നലെയും നിശ്ചയിച്ചതല്ല. വർഷങ്ങൾക്കു മുമ്പേ അറിവായ കാര്യം. എന്നിട്ടും സംഘാടകർ ശ്രദ്ധിച്ചില്ല. ഇതു കൊണ്ടുള്ള നഷ്ടം താരങ്ങൾക്കാണ്. അവർക്കു ലഭിക്കേണ്ട മാധ്യമ ശ്രദ്ധ തീർത്തും കുറയും.

സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് നടക്കുമ്പോൾ സാധാരണ മാധ്യമ ശ്രദ്ധ മുഴുവൻ ആ വേദിയിലാണ്. ഇത്തവണ അത് വിഭജിക്കപ്പെടുന്നു. വായനക്കാർ കൂടുതൽ ലോക കപ്പ് വിശേഷങ്ങൾക്കായിരിക്കും.സംശയം വേണ്ട.ഡിസംബർ അവസാനത്തേക്ക് മാറ്റിയാൽ ദേശീയ മീറ്റിന് ഒരുങ്ങാൻ സമയമില്ലെന്ന് വാദിക്കാം. പക്ഷേ, നവംബർ 20ന്നു മുമ്പ് നടത്താമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. താരത്തിളക്കം കുറയാതിരിക്കട്ടെ. തിളങ്ങുന്നവർക്ക് അംഗീകാരവും പ്രോത്സാഹനവും കിട്ടട്ടെ.

സംസ്ഥാന സ്കൂൾ കായികമേള വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ ആയിരിക്കെ കോരുത്തോട് സി.കെ.എം. എച്ച്.എസിൻ്റയും കെ.പി. തോമസിൻ്റയും മികവിൽ കാഞ്ഞിരപ്പള്ളിയുടെ ആധിപത്യം കണ്ടു. 1986-87ൽ  അരുവിത്തുറയിൽ തുടങ്ങിയ കുതിപ്പ് 2003 വരെ തുടർന്നു. അതിനിടയിൽ മത്സരം റവന്യു ജില്ലാ അടിസ്ഥാനത്തിലായപ്പോൾ കോട്ടയം ആയി ചാംപ്യൻമാർ. 2004 ൽ കോതമംഗലം സെയ്ൻ്റ് ജോർജ് സ്കൂൾ മുന്നിലെത്തി. 2018 ൽ  കായികാധ്യാപകൻ രാജു പോൾ വിരമിച്ചത് പത്താം കിരീട നേട്ടത്തോടെയാണ്.2009 ൽ മുന്നിൽ വന്ന മാർ ബേസിൽ ഇന്നും കരുത്തരാണ്. 2004 ൽ കോട്ടയത്തെ പിൻതള്ളി ചാംപ്യൻമാരായ എറണാകുളം മൂന്നു തവണ പാലക്കാടിനു വഴിമാറി. നിലവിൽ പാലക്കാടാണ് ചാംപ്യൻമാർ. കല്ലടിയും പുല്ലൂരാംപാറയും പറളിയും നാട്ടികയുമൊക്കെ പഴയ കാലത്തെ കോരുത്തോടിൻ്റെ സ്ഥാനമലങ്കരിക്കുന്നു. മറുവശത്ത് സായ്യുടേത് ഉൾപ്പെടെ സ്പോർട്സ് ഹോസ്റ്റലുകളും. പോരാട്ടം മുറുകട്ടെ. റെക്കോർഡുകൾ തകരട്ടെ. കായിക കേരളം കരുത്താർജിക്കട്ടെ.

logo
The Fourth
www.thefourthnews.in