സ്വപ്‌നത്തിലേക്ക് പന്ത് തട്ടി അഭിരാം

കോഴിക്കോട് ജില്ലാ ടീമിലെത്താനായത് ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള യാത്ര എളുപ്പമാക്കി

കോഴിക്കോട് മാത്തറ സ്വദേശി കെ അഭിരാം കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ്. കാസര്‍ ഗോഡ് വെച്ച് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് അഭിരാമിന് കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേക്ക് വഴിയൊരുക്കിയത്. പതിനേഴ് വയസ്സുള്ള അഭിരാം താമസിയാതെ മികച്ച പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് അഭിരാം ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. പ്രതിരോധ നിരയിൽ കളിക്കുന്ന അഭിരാം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്. ജ്യേഷ്ഠന്‍ ഫുട്‌ബോള്‍ കളിക്കുമെങ്കിലും വലിയ കായിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത താരത്തിന് കോഴിക്കോട് ജില്ലാ ടീമിലെത്താനായത് ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള യാത്ര എളുപ്പമാക്കി .ചെറുപ്പം മുതല്‍ എച്ച് എം സി അക്കാദമിയിലെ സലാമിനു കീഴിലായിരുന്നു പരിശീലനം. ഏഴ് വര്‍ഷത്തെ പരിശീലനത്തിന് ശേഷം കോഴിക്കോട് ജില്ലാടീമില്‍ എത്തിയപ്പോള്‍ നവാസ് ആയിരുന്നു അഭിരാമിന്റെ പരിശീലകന്‍. കോഴിക്കോട് നിന്ന് ഇതിനകം ബാസിത്, ആദില്‍ അഷ്‌റഫ്,അജ്‌സല്‍ എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലിടം നേടിയവരാണ്. ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം ഡ്യൂറന്റ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിക്കാനായ സന്തോഷത്തിലാണ് അഭിരാം. വിദേശ കോച്ചുമാർ ഉള്‍പ്പെടെയുള്ളവരുടെ പരിശീലനമികവ് തന്റെ കരിയറില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് താരം. അച്ഛന്‍ അനില്‍ കുമാര്‍, അമ്മ മീനു, സഹോദരന്‍ അമിത് എന്നിവരെല്ലാം അഭിരാമിന് പിന്തുണയുമായി കൂടെയുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in