അചിന്ത ഷൂലി.
അചിന്ത ഷൂലി.

ആ മെഡല്‍ അചിന്തയുടേത് മാത്രമല്ല; അലോകിന്റേതുമാണ്

പ്രതീക് ഷൂലി-പൂര്‍ണിമ ഷൂലി ദമ്പതികളുടെ രണ്ടു മക്കള്‍... അലോകും അചിന്തയും. ഇരുവരും ചെറുപ്പം മുതല്‍ക്കേ കായിക രംഗത്തേക്കു തിരിഞ്ഞവര്‍...
Updated on
2 min read

കൊല്‍ക്കത്തയുടെ മുഖമുദ്രയായ ഹൗറ പാലത്തില്‍ നിന്ന് രണ്ടു മണിക്കൂര്‍ ദൂരമുണ്ട് ദേയുല്‍പ്പൂര്‍ ഗ്രാമത്തിലേക്ക്. മെട്രോ നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നുമറിയാത്ത ഒരു സാധാരണ ബംഗാളി ഗ്രാമം. ഇന്നലെ ആ ഗ്രാമത്തിനൊപ്പം ഉറക്കമൊഴിച്ചിരുന്നത് ഇന്ത്യയൊന്നടങ്കമാണ്. കാരണം 8,033 കിലോമീറ്ററകലെ ബിര്‍മിങ്ഹാമില്‍ ദേയുല്‍പ്പൂരിന്റെ മകന്‍ രാജ്യത്തിനായി മെഡലണിയാന്‍ ഒരുങ്ങുകയായിരുന്നു.

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 73 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ആ താരത്തിന്റെ പേര് അചിന്ത ഷൂലി. ദേയുല്‍പ്പൂരിന്റെ സ്വന്തം അചിന്ത. രാജ്യത്തിന്റെ അഭിമാനമായി തങ്ങളുടെ പ്രിയപ്പെട്ടവന്‍ മാറിയപ്പോള്‍ ആഹ്‌ളാദിക്കുകയാണ് ദേയുല്‍പ്പൂര്‍. പക്ഷേ, എല്ലാവരേക്കാളും മനംനിറഞ്ഞ് ആഹ്‌ളാദിക്കുന്ന മറ്റൊരാളുണ്ട് അവര്‍ക്കിടയില്‍... തന്റെ കരിയറും സ്വപ്‌നങ്ങളുമെല്ലാം അനുജനു വേണ്ടി ത്യജിച്ച അലോക് ഷൂലി!

പ്രതീക് ഷൂലി-പൂര്‍ണിമ ഷൂലി ദമ്പതികളുടെ രണ്ടു മക്കള്‍... അലോകും അചിന്തയും. ഇരുവരും ചെറുപ്പം മുതല്‍ക്കേ കായിക രംഗത്തേക്കു തിരിഞ്ഞവര്‍. ഭാരോദ്വഹനത്തിലായിരുന്നു ഇരുവരുടെയും കമ്പം. പരസ്പരം പ്രോത്സാഹിപ്പിച്ചും മത്സരിച്ചും അവര്‍ കരിയര്‍ കെട്ടിപ്പടുത്തു, ഏറെ സ്വപ്നങ്ങള്‍ കണ്ടു.

എന്നാല്‍ അതെല്ലാം ഇരുട്ടിലായത് വളരെപ്പെട്ടന്നാണ്. 2014 ഏപ്രിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രതീക് ഷൂലി മരിച്ചതോടെ ആ കുടുംബം നിരാലംബമായി. ഡ്രൈവറായിരുന്ന പ്രതീക് കാര്യമായി ഒന്നും സമ്പാദിച്ചു വച്ചിരുന്നുമില്ല. ഇതോടെ പട്ടിണിയിലായ കുടുംബത്തെ കരകയറ്റാന്‍ മുതിര്‍ന്നവനായ അലോകിന് തന്റെ പഠനവും കരിയറുമെല്ലാം ഉപേക്ഷിച്ചു ജോലിക്കിറങ്ങേണ്ടി വന്നു.

ജ്യേഷ്ഠന്‍ അലോക് ഷൂലി(ഇടത്)ക്കൊപ്പം അചിന്ത ഷൂലി.
ജ്യേഷ്ഠന്‍ അലോക് ഷൂലി(ഇടത്)ക്കൊപ്പം അചിന്ത ഷൂലി.

അമ്മയെയും സഹോദരനെയും കഷ്ടപ്പാട് അറിയിക്കാതിരിക്കാന്‍ കഠിനമായി അധ്വാനിക്കുമ്പോഴും അലോകിന്റെ ഉള്ളില്‍ തന്റെ ഇഷ്ടകായികയിനമായ ഭാരോദ്വഹനമുണ്ടായിരുന്നു. ഇനിയൊരിക്കലും അതിലേക്കൊരു തിരിച്ചുപോക്ക് ഇല്ലെന്നറിയാമായിരുന്ന അലോക് തന്റെ സ്വപ്നങ്ങള്‍ അനുജനിലൂടെ സാക്ഷാത്കരിക്കാനാണ് ശ്രമിച്ചത്.

അചിന്തയ്ക്കു മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്യാനും അലോകിനു മടിയുണ്ടായില്ല. ദിവസത്തില്‍ 12 മണിക്കൂറും, ആഴ്ചയില്‍ ഏഴു ദിവസവും അലോക് ജോലി ചെയ്തു. മികച്ച രീതിയില്‍ തുന്നല്‍ ചെയ്യാനറിയാമായിരുന്ന അമ്മ പൂര്‍ണിമ എംബ്രോയിഡറി ജോലികള്‍ ചെയ്തു അലോകിന്റെയും അചിന്തയുടെയും സ്വപ്‌നങ്ങള്‍ക്കൊപ്പം നിന്നു.

അച്ഛന്‍ പ്രതീകിനും അമ്മ പൂര്‍ണിമയ്ക്കുമൊപ്പം അലോകും അചിന്തയും. ബാല്യകാല ചിത്രം.
അച്ഛന്‍ പ്രതീകിനും അമ്മ പൂര്‍ണിമയ്ക്കുമൊപ്പം അലോകും അചിന്തയും. ബാല്യകാല ചിത്രം.

അമ്മയുടെയും ജ്യേഷ്ഠന്റെയും കഷ്ടപ്പാടുകള്‍ വെറുതേയാകാന്‍ അചിന്ത അനുവദിച്ചില്ല. 2014-ല്‍ തന്റെ 13-ാം വയസില്‍ ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തി അചിന്ത വരവറിയിച്ചു. ആ പ്രകടനം അചിന്തയുടെ കരിയറിലെ വഴിത്തിരിവായി. കാരണം അതിലൂടെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു പ്രവേശനം ലഭിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിച്ച നാലു വര്‍ഷത്തെ ശാസ്ത്രീയ പരിശീലനത്തിലൂടെ അചിന്തയുടെ കരിയര്‍ തെളിഞ്ഞു. 2018-ല്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിത്തുടങ്ങിയ അചിന്തയ്ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തൊട്ടടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ നേടിയത് സ്വര്‍ണമെഡല്‍.

2020-ല്‍ അചിന്ത വീണ്ടും ഞെട്ടിച്ചു. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. അടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണമണിഞ്ഞ അചിന്ത ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും പ്രതീക്ഷ കാത്ത് രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറി.

ബിര്‍മിങ്ഹാമിലെ മെഡല്‍പ്പോഡിയത്തില്‍ സ്വര്‍ണ മെഡല്‍ മാറിലണിഞ്ഞ് ദേശീയ ഗാനത്തിനു കാതോര്‍ത്ത് അചിന്ത നില്‍ക്കുമ്പോള്‍ അലോക് ഹൃദയം നിറഞ്ഞ് ആഹ്‌ളാദിക്കുകയായിരുന്നു. കാരണം ആ ജയവും മെഡലും അചിന്തയുടേതു മാത്രമല്ല, അലോകിന്റേതു കൂടിയാണ്.

logo
The Fourth
www.thefourthnews.in