കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; നാല് കോടി പിഴയടയ്ക്കണം, അപ്പീൽ തള്ളി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് പിഴ വിധിച്ചതിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തളളി. നാല് കോടി രൂപ പിഴയെന്നത് കുറയ്ക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് 5 ലക്ഷം രൂപ പിഴയും 10 കളികളിൽ നിന്ന് വിലക്കുമായിരുന്നു വിധിച്ചിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കണമെന്ന് നിർദേശിച്ച അപ്പീൽ കമ്മിറ്റി അച്ചടക്ക സമിതിയുടെ തീരുമാനങ്ങൾ ശരിവയ്ക്കുകയും ചെയ്തു.
മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടിയതിന് പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടത്.
ആദ്യമായാണ് ഐഎസ്എല്ലിൽ ഒരു ടീം കളി ബഹിഷ്കരിച്ച് മൈതാനം വിടുന്നത്. നോക്കൗട്ട് മത്സരത്തിൽ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എക്സ്ട്രാടൈമിൻറെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിനെ തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കും മുമ്പേ സുനിൽ ഛേത്രി ഗോളടിക്കുകയായിരുന്നു. നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു എഫ്സി ജയിച്ചത് അനുവദിക്കാനാകില്ലെന്നും മത്സരം വീണ്ടും നടത്തണം എന്നുമായിരുന്നു ബ്ലാസ്റ്റേഴ്സ് ഉന്നയിച്ച ആവശ്യം. എന്നാൽ, റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിയുടേത് ഗോളായി അനുവദിച്ചതോടെ എക്‌സ്‌ട്രാ ടൈം ലീഡിന്റെ ബലത്തിൽ ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിക്കുകയും ഐഎസ്‌എൽ സെമിഫൈനലിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. റഫറിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് രംഗത്ത് വന്നിരുന്നു. വിസിൽ അടിക്കും മുമ്പ് നായകൻ സുനിൽ ഛേത്രിക്ക് ഫ്രീ കിക്ക് എടുക്കാൻ റഫറി സമ്മതിച്ചുവെന്നായിരുന്നു അച്ചടക്ക സമിതിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാതിപ്പെട്ടിരുന്നത്.
എന്നാൽ വൈഭവ് ഗഗ്ഗാറിൻറെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സ് ഉന്നയിച്ച പരാതി പ്രത്യക്ഷത്തിൽ തന്നെ തളളിയിരുന്നു. റഫറിയുടെ തീരുമാനം അന്തിമമാണെന്നും റഫറിക്കെതിരെ പ്രതിഷേധിക്കുന്നത് നിയമപ്രകാരം ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നുമായിരുന്നു അച്ചടക്ക സമിതിയുടെ തീരുമാനം. പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൽ 70.5ന് കീഴിൽ പോലും വരുന്ന സംഭവങ്ങളല്ല ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ ഉളളതെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ക്ലബും പരിശീലകനും പരസ്യമായി മാപ്പ് പറയേണ്ടതുണ്ടെന്നും ഇതിന്റെ അഭാവത്തിൽ പിഴ യഥാക്രമം 6 കോടി രൂപയായും 10 ലക്ഷം രൂപയായും വർധിപ്പിക്കുമെന്നും അച്ചടക്ക സമിതി വ്യക്തമാക്കിയിരുന്നു.