ആശ ശോഭന: ലോകകപ്പില്‍ ഇന്ത്യ കാത്തുവെച്ച 'മല്ലു ഗൂഗ്ലി'
''പലകാരണങ്ങള്‍ കൊണ്ട് ഇരുപതുകളില്‍ കരിയർ ഉപേക്ഷിക്കുന്നവർക്കും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നവർക്കും ഞാൻ ഒരു ഉദാഹരണമായെന്നാണ് കരുതുന്നത്. നിങ്ങള്‍ ക്രിക്കറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുക, ഒരിക്കലും വിട്ടുകൊടുക്കരുത്''
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിളിക്കായി 33-ാം വയസുവരെ കാത്തിരിക്കേണ്ടി വന്നിരുന്നു തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയ്ക്ക്. കൃത്യമായി പറയുകയാണെങ്കില്‍ കഴിഞ്ഞ ഏപ്രിലില്‍. അന്ന് ആശ പറഞ്ഞ വാക്കുകളാണ് മേല്‍പ്പറഞ്ഞത്.
ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിലേക്കായിരുന്നു ആശയെ തിരഞ്ഞെടുത്തത്. വനിത ക്രിക്കറ്റില്‍ ലോകകിരീടമെന്ന സ്വപ്നവുമായി ഹർമൻപ്രീത് കൗറും സംഘവും ഇക്കുറി ദുബായിലേക്ക് പറന്നപ്പോള്‍ ആശയ്ക്കുമുണ്ടായിരുന്നു ആ യാത്രയിലൊരു സീറ്റ്.
വനിത പ്രീമിയർ ലീഗില്‍ നേടിയ 17 വിക്കറ്റുകളുടെ മിന്നും പ്രകടനം ദുബായ്‌ലെ വിക്കറ്റില്‍ ആശയ്ക്ക് ആവർത്തിക്കാൻ കഴിയുമോയെന്ന് സംശയമുന്നയിച്ചവർക്കുള്ളതാണ് ട്വന്റി 20 ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്ന് ആശ നേടിയ അഞ്ച് വിക്കറ്റുകള്‍. ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാം താരം, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ആറാമതുമാണ് നിലവില്‍ ആശ.
എന്തുകൊണ്ട് ആശ മറ്റ് ബൗളർമാരില്‍നിന്ന് വ്യത്യസ്തമാകുന്നുവെന്ന ചോദ്യത്തിന് ഉത്തരം ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലുണ്ട്. ബാറ്റർമാർക്ക് ആധിപത്യം സ്ഥാപിക്കാൻ സാധിച്ച ചുരുക്കം ചില മത്സരങ്ങളിലൊന്നായിരുന്നു അത്.
ന്യൂസിലൻഡ് സ്കോറിങ്ങിന് വേഗത സമ്മാനിച്ച പ്ലിമ്മറിനെ (23 പന്തില്‍ 34 റണ്‍സ്) വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയുടെ കൈകളിലെത്തിച്ചത് മാത്രമായിരുന്നില്ല ആ മത്സരത്തിലെ ആശയുടെ നേട്ടം. അന്ന് പന്തെടുത്ത ഇന്ത്യൻ ബൗളർമാരെല്ലാം റണ്‍വിട്ടുനല്‍കുന്നതില്‍ പിശുക്കുകാണിക്കാതിരുന്നപ്പോള്‍ ആശ അങ്ങനെയായിരുന്നില്ല. ടീമിലെ ഒന്നാം നമ്പർ സ്പിന്നറായ ദീപ്തി ശർമ നാല് ഓവറില്‍ വഴങ്ങിയത് 45 റണ്‍സായിരുന്നു. യുവതാരം ശ്രയങ്ക പാട്ടീലാകട്ടെ മൂന്ന് ഓവറില്‍ 25 റണ്‍സും. ദീപ്തിയുടെ എക്കോണമി 11നും ശ്രയങ്കയുടേത് എട്ടിനും മുകളിലായിരുന്നു.
ഇതേ വിക്കറ്റില്‍ നാല് ഓവർ എറിഞ്ഞ ആശ വിട്ടുനല്‍കിയത് കേവലം 22 റണ്‍സ് മാത്രമായിരുന്നു. നേടിയത് ഒരു വിക്കറ്റും. ആശയുടെ എക്കോണമി 5.5 ആയിരുന്നു. മറ്റ് ഏത് ഇന്ത്യന്‍ താരങ്ങളേക്കാള്‍ മികച്ച പ്രകടനം. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയ രേണുകയായിരുന്നു രണ്ടാമത്തെ മികച്ച പ്രകടനം ഇന്ത്യയ്ക്കായി പുറത്തെടുത്തത്.
പാകിസ്താനെതിരെയും ആശയുടെ മികവ് കണ്ടു. പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയുടെ വിക്കറ്റായിരുന്നു താരം നേടിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രമായിരുന്നു പാകിസ്താനെതിരെ ആശ വഴങ്ങിയത്. പക്ഷേ, ടൂർണമെന്റിലെതന്നെ ഇന്ത്യയുടെ ഏറ്റവും നിർണായക മത്സരമായിരുന്നു ശ്രീലങ്കയ്ക്കെതിരായത്. അവിടെയാണ് ആശയെന്ന ലെഗ്‍ സ്പിന്നറുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് തുണയായത്.
ലങ്കയ്ക്കെതിരെ കൂറ്റൻ വിജയം ലക്ഷ്യമാക്കിയ ഇന്ത്യ 172 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 90 റണ്‍സിന് മടക്കി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളായിരുന്നു ആശ നേടിയത്.
അനുഷ്ക സഞ്ജീവനിയായിരുന്നു ആശയുടെ ആദ്യ ഇരയായത്. വിക്കറ്റിന് തൊട്ടുമുൻപുള്ള പന്ത് ഫുള്‍ ലെങ്‌ത് ലൈനിലായിരുന്നു ആശയെറിഞ്ഞത്. എന്നാല്‍ വിക്കറ്റ് നേടിയ പന്ത് ഔട്ട്‌സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ലെങ്ത് ബോളായിരുന്നു. ഷോട്ടിനായി ക്രീസുവിട്ടിറങ്ങിയ അനുഷ്കയ്ക്ക് പിഴച്ചു. റിച്ച ഘോഷിന്റെ മിന്നല്‍ സ്റ്റമ്പിങ്ങില്‍ ആശയ്ക്ക് ടൂർണമെന്റിലെ മൂന്നാം വിക്കറ്റ്. ക്ലെവർ ബൗളിങ് എന്നായിരുന്നു കമന്ററിയില്‍ നിന്നുയർന്ന ശബ്ദം.
സുഗന്ദിക കുമാരിയെ ഗുഗ്ലിയിലൂടെയായിരുന്നു ആശ പുറത്താക്കിയത്. പന്ത് ജഡ്ജ് ചെയ്യുന്നതില്‍ പിഴച്ച സുഗന്ദിക സ്വീപ്പ് ഷോട്ടിന് ശ്രമിക്കുകയും പന്ത് ബാറ്റിലുരസി റിച്ചയുടെ കൈകളിലെത്തുകയുമായിരുന്നു. റിച്ചയുടെ ഡൈവിങ് ക്യാച്ചാണ് വിക്കറ്റ് പൂർണമാക്കിയത്. ആശയ്ക്കെതിരെ സ്വീപ്പ് ഷോട്ടിന് ശ്രമിച്ചാണ് ഇനോഷി പ്രിയദർശനിയും മടങ്ങിയത്.
മധ്യഓവറുകളില്‍ എതിർ ബാറ്റിങ്ങ് നിരയുടെ താളം തെറ്റിക്കാൻ തനിക്ക് സാധിക്കുമെന്ന് ആശ ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു. ഹർമൻപ്രീത് ആശയുടെ ഈ മികവിനെ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നതിന് തെളിവാണ് മധ്യ ഓവറുകളില്‍ എതിരാളികളുടെ റണ്ണൊഴുക്ക് കുറയുന്നത്. ഓസ്ട്രേലിയക്കെതിരായ ജീവൻ മരണ പോരാട്ടത്തിലും സമാനമായ പ്രകടനം ആവർത്തിക്കാൻ ആശയ്ക്ക് കഴിഞ്ഞാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ നിലനിർത്താൻ കഴിയും.