ഏഷ്യൻ പാരാ ഗെയിംസ് 2023: പ്രാചി യാദവിന് സ്വർണം, മനീഷ് കൗരവിന് വെങ്കലം
എഷ്യൻ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് രണ്ട് മെഡൽ കൂടി. വനിതകളുടെ തുഴച്ചിൽ മത്സരത്തിൽ കെഎൽ2 കാനോ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാചി യാദവ് സ്വർണം കരസ്ഥമാക്കി. ചൈനയെ മറികടന്നാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. 54.962 സെക്കന്‍ഡാണ് പ്രാചിയുടെ സമയം. നേരത്തെ വനിതകളുടെ വിഎൽ 2 വിൽ വെള്ളിമെഡലും പ്രാചി സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗത്തിൽ മനീഷ് കൗരവാണ് ഇന്ത്യയ്ക്കുവേണ്ടി മെഡൽ സ്വന്തമാക്കിയത്. കെഎൽ 3 കനോയിൽ 44.605 സെക്കൻഡിൽ വെങ്കല മെഡൽ ആണ് മനീഷ് സ്വന്തമാക്കിയത്. രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ സ്വന്തമാക്കിയ മനീഷിന്റെ എഷ്യൻ ഗെയിംസിലെ ആദ്യ മെഡലാണിത്.
കഴിഞ്ഞ വർഷം മുതൽ തന്നെ മികച്ച ഫോമിലുള്ള പ്രാചി നേരത്തെ പാരാലിമ്പിക്‌സ് ലോകകപ്പിൽ രാജ്യത്തിന് വേണ്ടി വെങ്കലം നേടിയിരുന്നു. എഷ്യൻ ഗെയിംസിലെ മികച്ച പ്രകടനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിലേക്ക് പ്രാചിക്ക് യോഗ്യത നേടാനായി.
പാരാ സ്വിമ്മറായി കരിയർ ആരംഭിച്ച പ്രാചി 2018 ൽ പരിശീലകന്റെ മാർഗനിർദേശപ്രകാരമാണ് തുഴച്ചിലേക്ക് മാറിയത്. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന 2020 സമ്മർ പാരാലിമ്പിക്സ് ഗെയിംസിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ പാരാ കാനോ അത്ലറ്റും പ്രാചിയായിരുന്നു.
12.190 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനത്തെത്തിയ രജനി ഝായാണ് കെഎൽ2 വനിതാ വിഭാഗത്തിൽ മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം.