ആ വേഗം ഇനിയില്ല; ലിഡിയ ഡി വേഗ വിടവാങ്ങി

ആ വേഗം ഇനിയില്ല; ലിഡിയ ഡി വേഗ വിടവാങ്ങി

ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ താരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
Updated on
1 min read

ഏഷ്യന്‍ സ്പ്രിന്റ് റാണി എന്നറിയപ്പെട്ടിരുന്ന ഫിലിപ്പീന്‍സ് കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു.

ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതയായിരുന്നു ഡി വേഗ 1980കളില്‍ പി.ടി.ഉഷയുടെ പ്രധാന എതിരാളിയായിരുന്നു. ലിഡിയയും ഉഷയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് പലകുറി ലോകം സാക്ഷ്യം വഹിച്ചു. 100 മീറ്ററില്‍ 11.28 സെക്കന്‍ഡും 200 മീറ്ററില്‍ 23.35സെക്കന്‍ഡുമാണ് താരത്തിന്റെ മികച്ച സമയം. 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട് ലിഡിയ. നാല് സ്വര്‍ണം മൂന്ന് വെള്ളി മൂന്ന് വെങ്കലം എന്നിവയാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ താരത്തിന്റെ നേട്ടം. ഒമ്പത് തവണ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ അണിഞ്ഞിട്ടുണ്ട്.

1984, 1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്ത താരം 1994ല്‍ മത്സരരംഗത്തുനിന്ന് വിരമിച്ചു.

1982, 1986 ഏഷ്യന്‍ ഗെയിംസുകളില്‍ 100 മീറ്റര്‍ സ്വര്‍ണം നേടുകയും 1983, 1987 വര്‍ഷങ്ങളിലെ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഡബിള്‍ വിജയിക്കുകയും ചെയ്തു. ലോങ് ജംപിലും ലിഡിയ പങ്കെടുത്തിട്ടുണ്ട്. 1987ലെ ജക്കാര്‍ത്ത ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ലോങ്ജംപില്‍ ലിഡിയ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. 1984, 1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്ത താരം 1994ല്‍ മത്സരരംഗത്തുനിന്ന് വിരമിച്ചു.

2018-ല്‍ രോഗം കണ്ടെത്തിയതിന് ശേഷം മസ്തിഷ്‌ക ശസ്ത്രക്രിയ ഉള്‍പ്പെടെ താരത്തിന് നടത്തിയിരുന്നു.2019 ദക്ഷിണേഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഫിലിപ്പീന്‍സിന്റെ പതാകവാഹകരില്‍ ഒരാളായാണ് ലിഡിയ ഡി വേഗ അവസാനമായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

logo
The Fourth
www.thefourthnews.in