തിരുവനന്തപുരം ഓട്ടത്തിന് റെഡി; രണ്ടാം കോവളം മാരത്തൺ സെപ്തംബർ 29ന്

തിരുവനന്തപുരം ഓട്ടത്തിന് റെഡി; രണ്ടാം കോവളം മാരത്തൺ സെപ്തംബർ 29ന്

അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണാണ്‌ ഈ വർഷത്തെ മുഖ്യ ആകർഷണം
Updated on
1 min read

ലണ്ടൻ, ടോക്കിയോ, ബെർലിൻ, ചിക്കാഗോ മുതൽ മുബൈ, ബെംഗളൂരു ഹൈദരാബാദ് വരെയുള്ള നഗരങ്ങൾ സ്വന്തമായി വാർഷിക മാരത്തൺ ഓട്ടം അവയുടെ പേരിനൊപ്പം ചേർത്തവയാണ്. മാരത്തൺ നഗരങ്ങളുടെ പട്ടികയിലേക്ക് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും ചേരുകയാണ്. 

കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച കോവളം മാരത്തൺ ഇത്തവണയും നടത്തുവാൻ സംഘാടകർ തീരുമാനിച്ചു. ഇനി മുതൽ എല്ലാ വർഷവും അന്താരാഷ്ട്ര കോവളം മാരത്തൺ തിരുവനന്തപുരത്ത് നടത്തും. 

രണ്ടാമത്  കോവളം മാരത്തൺ 2024 സെപ്തംബർ 29 ന് സംഘടിപ്പിക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണാണ്‌ ഈ വർഷത്തെ മുഖ്യ ആകർഷണം. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, 5 കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഓട്ടത്തിന് റെഡി; രണ്ടാം കോവളം മാരത്തൺ സെപ്തംബർ 29ന്
അര്‍ജന്റീനയെ വിമര്‍ശിക്കാന്‍ വരട്ടെ; കളിച്ചുജയിച്ചത് ഏഴു ദിവസം പ്രായമുള്ള പുല്ലിനോട്‌!

കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സു മുതലുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും പങ്കെടുക്കുവാൻ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൽ പങ്കെടുക്കുവാൻ വേണ്ടിയുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. https://kovalammarathon.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി മൂവായിരത്തോളം താരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ തീരദേശ പറുദീസയായ, രാജ്യത്തിന്റെ വിനോദ സഞ്ചാരത്തിന്റെ മനോഹര മുഖമായ കോവളത്തിന്റെ ശാന്തതയും സൗന്ദര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ അന്താരാഷ്ട്ര മാരത്തോണിലൂടെ സാധിക്കും.

യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകർ. കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ്, കേരള പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്.  

ഈ വർഷത്തെ മരത്തോണിനുള്ള രജിസ്‌ട്രേഷൻ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണർ സി നാഗരാജു കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ, വൈസ് ചെയർ ശങ്കരി ഉണ്ണിത്താൻ, അന്താരാഷ്ട്ര കോവളം മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ തുടങ്ങിയവർ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in