ഏഷ്യന്‍ ഗെയിംസ്: മലയാളി താരം ആന്‍സി സോജന് വെള്ളി

ഏഷ്യന്‍ ഗെയിംസ്: മലയാളി താരം ആന്‍സി സോജന് വെള്ളി

വനിതകളുടെ ലോങ് ജമ്പില്‍ ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു.

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു.

9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതിയാകട്ടെ 9:43.63 മിനിറ്റില്‍ ഓടിയെത്തിയാണ് വെങ്കലമണിഞ്ഞത്. 9:18.28 മിനിറ്റില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈന്റെ മ്യൂറ്റില്‍ വിന്‍ഫ്രഡ് യാവി ഗെയിംസ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 4-400 മീറ്ററിലായിരുന്നു അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍നേട്ടം.

മലയാളി താരം മുഹമ്മദ് അജ്മല്‍, തമിഴ്‌നാട് താരങ്ങളായ വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേഷ് എന്നിവര്‍ അണിനിരന്ന ടീം 3:15.34 മിനിറ്റില്‍ വെങ്കലമാണ് ഓടിയെടുത്തത്. 3:14.25 മിനിറ്റില്‍ ശ്രീലങ്ക വെള്ളി നേടിയപ്പോള്‍ 3:14.02 മിനിറ്റില്‍ ബഹ്‌റൈനാണ് സ്വര്‍ണം.

ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ രണ്ടു സ്വര്‍ണവും ഏഴു വെള്ളി ഏഴു വെങ്കലുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 58 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 22 വെള്ളിയും 23 വെങ്കലുമായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 143 സ്വര്‍ണം നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 33 സ്വര്‍ണവുമായി ജപ്പാനും 31 സ്വര്‍ണവുമായി ദക്ഷിണ കൊറിയയുമാണ് ഇന്ത്യക്കു മുന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in