'മരിച്ചാലും വിടരുത്'; ഇന്ത്യയെ അഭിമാനത്തിൻ്റെ കൊടുമുടി കയറ്റിയ റിലേ ടീമിൻ്റെ വിജയ മന്ത്രം

'മരിച്ചാലും വിടരുത്'; ഇന്ത്യയെ അഭിമാനത്തിൻ്റെ കൊടുമുടി കയറ്റിയ റിലേ ടീമിൻ്റെ വിജയ മന്ത്രം

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നു.
Updated on
2 min read

ശനിയാഴ്ച നടന്ന അത്‌ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേ ഹീറ്റ്‌സിന്റെ അവസാന ലാപ്പ്‌, ഇന്ത്യൻ താരം രമേഷ് രാജേഷിന്റെ കാലുകളില്‍ അസഹ്യമായ വേദനയുണ്ടായിരുന്നു. ബുഡാപെസ്റ്റിലെ നാഷണല്‍ അത്‌ലറ്റിക്‌സ് സെന്ററിലെ ട്രാക്കിന്റെ മറ്റേ അറ്റത്ത് നിന്ന് രണ്ടാം ലാപ്പ്‌ ഓടി നില്‍ക്കുന്ന അമോജ് ജേക്കബ് സഹതാരത്തിന്റെ വിഷമം ശ്രദ്ധിച്ചു. എന്നാല്‍ ഡല്‍ഹി മലയാളിയായ ആ യുവാവില്‍ സഹതാപത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

''ഭായ് മര്‍ ജാ അഗര്‍ മര്‍നാ ഹേ, ബാസ് പകാഡ് കെ രാഖിയോ'' (സഹോദരാ വേണമെങ്കില്‍ മരിക്കൂ, പക്ഷേ അവനെ വിടരുത്) അമോജ് വിളിച്ചു പറഞ്ഞു. പറഞ്ഞത് അല്പം പരുഷമായിട്ടാണെങ്കിലും തന്റെ കൈകള്‍ ഒരു ഇലപോലെ വിറക്കുന്നുണ്ടായിരുന്നെന്ന് അമോജ് സമ്മതിക്കുന്നു. രമേഷും വിട്ടുകൊടുത്തില്ല. അവന്റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ പരുക്കിന് മാറി നില്‍ക്കേണ്ടി വന്നു. 4x400 മീറ്റര്‍ ഹീറ്റ്‌സില്‍ അമേരിക്കയുടെ ജസ്റ്റിന്‍ റോബിന്‍സണ് തൊട്ടുപിന്നില്‍ അദ്ദേഹം രണ്ടാമതായി ഫിനിഷിങ് ലൈന്‍ കടന്നു. അമോജും സഹതാരങ്ങളായ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും ട്രാക്കിലേക്ക് ഓടി രമേശിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ആ ഭീമന്‍ ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് ആകാംഷയോടെ നോക്കി.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നു. 4x400 മീറ്ററില്‍ മത്സരിക്കുന്ന എട്ട് ടീമുകളില്‍ രണ്ടാമന്മാരായി അവര്‍ ഫൈനലില്‍ കയറി. 2 മിനിറ്റ് 59.05 സെക്കന്റിലാണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം ഓടിയെത്തിയത്. ഇതോടെ ജപ്പാന്റെ പേരിലുണ്ടായിരുന്ന റിലേയിലെ ഏഷ്യന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച സമയമെന്ന റെക്കോഡും പഴങ്കഥയായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ റിലേ ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഓടിയെത്തുന്നത്.

വിജയത്തിന്റെ സന്തോഷത്തിലും രമേഷിനെ കാലിന്റെ വേദന വല്ലാതെ വലച്ചു. മത്സരത്തിനു ശേഷം ട്രാക്കില്‍ വീണ താരത്തെ വീല്‍ചെയറില്‍ ഇരുത്തിയാണ് പുറത്തേക്ക് കൊണ്ടുപോയത്. അത്രയും വേദന സഹിച്ചാണ് രമേഷ് ഓടിയെത്തിയത്. 400 മീറ്ററില്‍ 45.67 സെക്കന്റായിരുന്നു രമേഷിന്റെ മികച്ച വ്യക്തിഗത സമയം. തൊട്ടുമുന്നിലുണ്ടായിരുന്ന അമേരിക്കന്‍ താരത്തിന്റെ മികച്ച സമയം 44.47 സെക്കന്‍ഡ് ആയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്‌സിഡ് റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയതിന് പിന്നാലെയാണ് റോബിന്‍സണിന്റെ അടുത്ത നേട്ടം.

ഫൈനലിലേക്ക് രണ്ടാമതായി ഓടിക്കയറുന്നതുവരെ ഇന്ത്യയുടെ റിലേ ടീം ആരുടെയും പ്രതീക്ഷകളില്‍ ഉണ്ടായിരുന്നില്ല. മത്സരത്തിന് മുന്‍പ് ജമൈക്കയില്‍ നിന്നുള്ള തങ്ങളുടെ കോച്ച് നല്‍കിയ ഉപദേശം അതുപോലെ അനുസരിക്കുകയായിരുന്നു ഇന്ത്യയുടെ നാല്‍വര്‍ സംഘം. എന്ത് വന്നാലും ഒന്നാമതുള്ള ആളോട് ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അവര്‍ അക്ഷരം പ്രതി അനുസരിച്ചു. ആദ്യ ലാപ് ഓടിക്കഴിഞ്ഞപ്പോള്‍ ഇന്ത്യ നിലവിലെ ലോക ചാമ്പ്യന്‍മാരും ലോക റെക്കോഡ് ഉടമകളുമായ അമേരിക്കയ്ക്ക് പുറകില്‍ തന്നെയുണ്ടായിരുന്നു.

ഇന്ത്യന്‍ സംഘത്തെ സംബന്ധിച്ചിടത്തോളം ഈ പ്രകടനം നിര്‍ണായകമായിരുന്നു. ലോക ചാമ്പ്യന്‍ഷിപ് റിലേ ജോതാക്കളുടെ പ്രതീക്ഷാ പട്ടികയിലൊന്നും അവരുടെ പേരുണ്ടായിരുന്നില്ല. ഒളിമ്പിക്‌സില്‍ ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ക്ക് കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പോലും കയറാന്‍ സാധിച്ചില്ല.

അവസാന ലോക പോരാട്ടങ്ങളില്‍ ഞങ്ങള്‍ ഒന്നും നേടിയില്ല, പക്ഷേ ഇത്തവണ എല്ലാം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്ഥിതിയ്ക്ക് മാറ്റമുണ്ടായില്ല 3.05.51 മിനിറ്റില്‍ ഏഴാം സ്ഥാനത്തെത്താനേ ഇന്ത്യന്‍ ടീമിന് സാധിച്ചുള്ളു. ഈ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. '' അവസാന ലോക പോരാട്ടങ്ങളില്‍ ഞങ്ങള്‍ ഒന്നും നേടിയില്ല, പക്ഷേ ഇത്തവണ എല്ലാം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' അനസ് പറഞ്ഞു

ആരും അമിത പ്രതീക്ഷ ഉയര്‍ത്താത്തത് തങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായെന്ന് അമോജ് പറയുന്നു. ''ഞങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നത് നന്നായി. വേണമെങ്കില്‍ ഞങ്ങളെ അണ്ടര്‍ഡോഗ്‌സ് (വിജയപ്രതീക്ഷ തീരെയില്ലാത്ത) എന്ന് വിളിക്കൂ, പക്ഷേ ഇപ്പോള്‍ ഞങ്ങളും നിങ്ങള്‍ക്കു മുന്നിലേക്ക് വരുന്നുണ്ട്'' അമോജ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് അന്വര്‍ഥമാക്കും വിധമായിരുന്നു ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിന്റെയും പ്രകടനം. ഇന്ത്യയ്ക്കായി അനസ് തുടങ്ങിവച്ചു. രണ്ടും മൂന്നും ഹീറ്റ്‌സുകളില്‍ അമോജും അജ്മലും കുതിച്ചു. അജ്മല്‍ അവസാനമായി രമേഷിന് ബാറ്റണ്‍ കൈമാറുമ്പോള്‍ ഇന്ത്യ രണ്ടാമതുണ്ടായിരുന്നു.

'മരിച്ചാലും വിടരുത്'; ഇന്ത്യയെ അഭിമാനത്തിൻ്റെ കൊടുമുടി കയറ്റിയ റിലേ ടീമിൻ്റെ വിജയ മന്ത്രം
ഇതാണ് ആ അപൂര്‍വ ഫോട്ടോയുടെ കഥ

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ, അനുഭവസമ്പത്തില്ലാത്ത രമേഷ് അവരെ നിരാശരാക്കിയില്ല. അവന്‍ അവര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കി. .58 സെക്കന്റിന്റെ വ്യത്യാസത്തില്‍ അമേരിക്കന്‍ താരത്തിന്റെ പിന്നാലെ ഫിനിഷ് ചെയ്തു. '' ഇന്ന് ഞങ്ങള്‍ 2.59 എന്ന സമയത്തില്‍ ഓടിയെത്തി, നാളെ 2.58 ല്‍ എത്തും ഒരു പക്ഷേ ഞങ്ങള്‍ മെഡലിനായി തന്നെയാകും ഓടുക'' അമോജ് ആത്മവിശ്വാസത്തോടെ പറയുന്നു. രമേഷ് പൂര്‍ണ ആരോഗ്യവാനാണെന്നും ഫൈനലില്‍ ഇതിലും വേഗത്തില്‍ ഓടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in