ലുസെയ്‌നിലും നീരജ് 'വെള്ളി'വെളിച്ചത്തില്‍; കുറിച്ചത് സീസണിലെ ബെസ്റ്റ് ദൂരം

ലുസെയ്‌നിലും നീരജ് 'വെള്ളി'വെളിച്ചത്തില്‍; കുറിച്ചത് സീസണിലെ ബെസ്റ്റ് ദൂരം

ഇന്നു പുലര്‍ച്ചെ നടന്ന ഫൈനലില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജിന്റെ മെഡല്‍ നേട്ടം.
Updated on
1 min read

ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് എന്ന നിലയില്‍ ലുസെയ്‌നില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ മത്സരിച്ച ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര മിന്നുന്ന പ്രകടനവുമായി വെള്ളി മെഡല്‍ സ്വന്തമാക്കി. ഇന്നു പുലര്‍ച്ചെ നടന്ന ഫൈനലില്‍ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജിന്റെ മെഡല്‍ നേട്ടം.

തന്റെ അവസാന ശ്രമത്തിലാണ് നീരജ് ഈ ദൂരം കുറിച്ചത്. ഇതോടെ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്താനും നീരജിനായി. പാരീസ് ഒളിമ്പിക്‌സില്‍ 89.45 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആ പ്രകടനം മെച്ചപ്പെടുത്തിയാണ് ഇന്ന് ലൂസെയ്‌നിലെ വെള്ളി നേട്ടം.

90.61 മീറ്റര്‍ ദൂരം കുറിച്ച ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റഴേ്‌സണാണ് സ്വര്‍ണം. പാരീസില്‍ പാകിസ്താന്‍ താരം അര്‍ഷാദ് നദീമിനും നീരജിനും പിന്നില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ആന്‍ഡേഴ്‌സണ്‍. അര്‍ഷാദ് ലൂസെയ്‌നില്‍ മത്സരിച്ചിരുന്നില്ല. അര്‍ഷാദിന്റെ അഭാവത്തില്‍ ജര്‍മന്‍ താരം യൂലിയന്‍ വെബ്ബര്‍ 87.08 മീറ്റര്‍ കുറിച്ച് വെങ്കലമണിഞ്ഞു.

പാരീസിലെ ഒളിമ്പിക് മെഡല്‍ നേട്ടത്തിനു ശേഷം നീരജിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സീസണിലെ മികച്ച ദൂരം കണ്ടെത്താനായെങ്കിലും 90 മീറ്റര്‍ മാര്‍ക്ക് എന്ന സ്വപ്‌നം മറികടക്കാന്‍ നീരജിന് ഇക്കുറിയും കഴിഞ്ഞില്ലെന്നത് ഏറെ നിരാശ പടര്‍ത്തുന്ന കാര്യമായി.

logo
The Fourth
www.thefourthnews.in