ഒരൊറ്റയേറില്‍ നീരജ് ഫൈനലില്‍; ഗംഭീര ഗുസ്തിയുമായി വിനേഷ് ക്വാര്‍ട്ടറില്‍

ഒരൊറ്റയേറില്‍ നീരജ് ഫൈനലില്‍; ഗംഭീര ഗുസ്തിയുമായി വിനേഷ് ക്വാര്‍ട്ടറില്‍

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം.
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനും ഇന്ത്യന്‍ താരവുമായ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം. 85 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.

പരുക്കിന്റെ പിടിയിലായിരുന്ന നീരജ് ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം ആദ്യം ഇറങ്ങിയത് ഒളിമ്പിക് വേദിയിലായിരുന്നു. എന്നാല്‍ ത്രോയിങ് പിറ്റില്‍ നിന്നു അല്‍പകാലം വിട്ടുനിന്നതിന്റെ ആലസ്യമൊന്നുമില്ലാത്ത പ്രകടനമായിരുന്നു നീരജിന്റേത്.

അതേസമയം യോഗ്യതാ റൗണ്ടില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍കുമാര്‍ ജെന ഫൈനല്‍ കാണാതെ പുറത്തായി. 80.73 മീറ്റര്‍ ദൂരം മാത്രമാണ് കിഷോറിന് കണ്ടെത്താനായത്. എ ഗ്രൂപ്പില്‍ മത്സരിച്ച കിഷോര്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ഇന്ന് ഇന്ത്യക്ക് മറ്റൊരു നേട്ടം. ഒന്നാം സീഡും നിലവിലെ സ്വര്‍ണമെഡല്‍ ജേതാവുമായ ജപ്പാന്‍ താരം യ്യുയി സുഷാകിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗാട്ട് ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിന്റെ അവസാന സെക്കന്‍ഡുകളിലാണ് വിനേഷിന്റെ മിന്നും പ്രകടനത്തില്‍ ജപ്പാന്‍ താരം അടിയറവ് പറഞ്ഞത്.

logo
The Fourth
www.thefourthnews.in