ചരിത്രം എറിഞ്ഞിട്ട് നീരജ്; ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം
ചരിത്ര സ്വര്‍ണം എറിഞ്ഞു നേടി ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഒളിമ്പിക്‌സ് സ്വര്‍ണത്തിനു പിന്നാലെ രാജ്യത്തിന് ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം സമ്മാനിച്ച് നീരജ് താരമായി. ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് പൊന്‍താരമായത്.
87.82 മീറ്റര്‍ കണ്ടെത്തിയ പാകിസ്താന്‍ താരം നദീം അര്‍ഷാദ് വെള്ളി നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ളെജിനാണ് വെങ്കലം. നൈലില്‍ നീരജിനൊപ്പം മത്സരത്തില്‍ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളായ ഡി പി മനുവിനും കിഷോര്‍ ജെനയ്ക്കും മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനായിലെങ്കിലും ആദ്യ ആറില്‍ സ്ഥാനം നേടി തലയുയര്‍ത്തിയാണ് ഇരുവരും മടങ്ങിയത്. അതേസമയം പുരുഷന്മാരുടെ 4-400 റിലേ സെമിയില്‍ ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത പ്രകടനവുമായി ഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമിന് പക്ഷേ കലാശപ്പോരില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 2:59.92 മിനിറ്റില്‍ ഫിനിഷ് ചെയ്ത ഇന്ത്യന്‍ സംഘത്തിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
മത്സരത്തില്‍ ആദ്യ ശ്രമം ഫൗളാക്കിയായിരുന്നു നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ നീരജിന്റെ തുടക്കം. എന്നാല്‍ ആ തിരിച്ചടിയില്‍ നിന്ന് അതിവേഗം കരകയറിയ നീരജ് തന്റെ രണ്ടാം ശ്രമത്തില്‍ തന്നെ 88.17 മീറ്റര്‍ കണ്ടെത്തി ലീഡ് ഉറപ്പിച്ചു. പിന്നീട് മൂന്നാം ശ്രമത്തില്‍ 86.32 മീറ്ററും നാലാം ശ്രമത്തില്‍ 84.64 മീറ്ററും കണ്ടെത്തി. അവസാന രണ്ട് ശ്രമങ്ങളില്‍ യഥാക്രമം 87.73, എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. ഇതിനിടെ പാകിസ്താന്‍ താരം നദീം 87.82 മീറ്റര്‍ കണ്ടെത്തി നീരജിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങളില്‍ തിളങ്ങാനായില്ല.
നേരത്തെ കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടില്‍ സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയായിരുന്നു നീരജ് ഫൈനലില്‍ കടന്നത്. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ ദൂരത്തേക്കാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. 83.03 മീറ്ററായിരുന്നു ഫൈനല്‍ യോഗ്യതയ്ക്കായുള്ള കുറഞ്ഞ ദൂരം. ഈ സീസണിലെ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ത്രോയായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒറിഗോണില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ വെള്ളി നേട്ടമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ നീരജിന്റെ മികച്ച പ്രകടനം. അഞ്ജു ബോബി ജോര്‍ജ് 2003ലെ പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ വെങ്കല മെഡല്‍ നേടിയ ശേഷം, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ അത്‌ലറ്റാകാനും അന്ന് നീരജിന് കഴിഞ്ഞിരുന്നു. പുരുഷ ജാവലിനില്‍ നിലവിലെ ലോക മൂന്നാം നമ്പര്‍ താരമാണ് നീരജ് ചോപ്ര.
റിലേയില്‍ സെമിയിലേതിനു വിഭിന്നമായി മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മുഹമ്മദ് അനസ് യാഹ്യ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങി്യ ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അേേരിക്കയും ഫ്രാന്‍സും ബ്രിട്ടനും പുറത്തെടുത്തത്. 2:57.31 മിനിറ്റില്‍ യുഎസ്എ സ്വര്‍ണം നേടിയപ്പോള്‍ 2:58.45 മിനിറ്റില്‍ ഫ്രാന്‍സിനാണ് വെള്ളി. 2:58.71 മിനിറ്റില്‍ ബ്രിട്ടന്‍ വെങ്കലവും നടി. 2:59.34 മിനിറ്റില്‍ ജമൈക്കയാണ് ഇന്ത്യക്ക് മുന്നില്‍ നാലാമത്.