ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി രണ്ട് നാള്‍; ഇന്ത്യൻ പ്രതീക്ഷ ഉയർത്തി നീരജ് ചോപ്രയും സംഘവും

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി രണ്ട് നാള്‍; ഇന്ത്യൻ പ്രതീക്ഷ ഉയർത്തി നീരജ് ചോപ്രയും സംഘവും

നീരജ് ചോപ്രയെ കൂടാതെ വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്ങും, പുരുഷ വിഭാഗത്തില്‍ മലയാളി താരം മുരളി ശ്രീശങ്കറും ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്
Updated on
3 min read

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇനി രണ്ടു നാള്‍. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ശനിയാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പിന് കൊടിയേറുക. ഒളിംപ്യന്‍ നീരജ് ചോപ്ര നയിക്കുന്ന ടീമില്‍ ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണുള്ളത്. ലോകം ഹംഗറിയിലേക്ക് കണ്ണ് വയ്ക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ മുന്നില്‍ നില്‍ക്കുന്നത് നീരജ് ചോപ്ര തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ വെള്ളി മെഡല്‍ മാത്രമായിരുന്നു ഇന്ത്യയുടെ നേട്ടം. ചോപ്രയെ കൂടാതെ വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്ങും, പുരുഷ വിഭാഗത്തില്‍ മലയാളി താരം മുരളി ശ്രീശങ്കറും ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്.

90 മീറ്റര്‍ ക്ലബ്ബില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം കൂടി ഒളിംപ്യന് മുന്നിലുണ്ട്

ജാവലിന്‍ ത്രോയില്‍ ചോപ്ര ആദ്യ ലോകകിരീടത്തിനാണ് ഉന്നം വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം താരത്തിന് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കഴിഞ്ഞ ജൂണില്‍ സ്റ്റോക്‌ഹോമില്‍ നേടിയ 89.94 മീറ്റര്‍ ആണ് ചോപ്രയുടെ ഏറ്റവും മികച്ച നേട്ടം. ഇത് ഇന്ത്യയിലെ പുരുഷ ദേശീയ റെക്കോര്‍ഡും ചോപ്രയുടെ വ്യക്തിഗത നേട്ടവുമാണ്. ദോഹ ഡയമണ്ട് ലീഗില്‍ ഈ 88.67 മീറ്റര്‍ എറിഞ്ഞിട്ട ചോപ്ര ഈ സീസണിലെ മികച്ച റെക്കോര്‍ഡ് ഇട്ടു. അതിന് ശേഷം അദ്ദേഹത്തിന് പരുക്ക് ഭീഷണിയുണ്ടായെങ്കിലും ജൂണില്‍ ലോസന്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ എറിഞ്ഞ് കിരീട നേട്ടത്തോടെ ചോപ്ര തിരിച്ചുവന്നു. കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ ലോകകിരീടം തിരിച്ചുപിടിക്കുക എന്നതിനൊപ്പം 90 മീറ്റര്‍ ക്ലബ്ബില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം കൂടി ഒളിംപ്യന് മുന്നിലുണ്ട്.

ചോപ്രയെ കൂടാതെ കിഷോര്‍ ജെന, ഡി പി മനു എന്നിവരും പുരുഷ ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ജാവലിന്‍ ത്രോ വനിതാ വിഭാഗത്തില്‍ അന്നു റാണിയാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്ഥാനം ഏഴാം സ്ഥാനത്തായിരുന്നു. ഈ സീസണിലും പ്രതീക്ഷ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ അവര്‍ക്ക് ഇതുവരെ 60 മീറ്ററില്‍ കൂടുതല്‍ എറിയാന്‍ സാധിച്ചിട്ടില്ല. അഞ്ചുവര്‍ഷത്തിനിടയിലെ താരത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി രണ്ട് നാള്‍; ഇന്ത്യൻ പ്രതീക്ഷ ഉയർത്തി നീരജ് ചോപ്രയും സംഘവും
പെലെയെ ഞെട്ടിച്ച `ഇന്ത്യൻ പെലെ'

നീരജ് ചോപ്രയെ പോലെ തന്നെ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയാണ് ലോങ്ജംപ് താരം ഷൈലി സിങ്. പതിനെട്ടുകാരിയായ താരം ഈ കാലയളവിനുള്ളില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 19 വയസിനുള്ളില്‍ തന്നെ താരത്തിന് ലോകകിരീടം കീഴടക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ മുന്‍ ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് പറഞ്ഞത്. ജൂനിയര്‍ ലോങ്ജംപ് ലോക വെള്ളി മെഡല്‍ ജേതാവാണ് ഷൈലി സിങ്.

ലോക അത്‌ലറ്റിക്‌സില്‍ ഇത്തവണ ഷൈലിയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. 6.76 മീറ്റര്‍ ചാടി ഇന്ത്യന്‍ വനിതാ ലോങ്ജംപര്‍മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് താരം സീസണ് തുടക്കമിട്ടത്. ഗംഭീരമായി തുടങ്ങിയെങ്കിലും അതിനിടെ കോവിഡ്-19 വകഭേദം ബാധിച്ച് താരത്തിന്റെ പരിശീലനം നഷ്ടപ്പെട്ടു. പിന്നീട്, ജപ്പാനില്‍ 6.65 മീറ്ററും ഭുവനേശ്വറില്‍ നടന്ന അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 6.49 മീറ്ററും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 6.54 മീറ്ററും ചാടി മത്സരത്തിലേക്ക് മടങ്ങിയെത്തി. ഈ സീസണിലെ മികച്ച കുതിപ്പിലൂടെ ലോക ചാമ്പ്യന്‍ഷിപ്പിലെ മത്സരാര്‍ത്ഥികളില്‍ 25ാം സ്ഥാനത്തെത്തി.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി രണ്ട് നാള്‍; ഇന്ത്യൻ പ്രതീക്ഷ ഉയർത്തി നീരജ് ചോപ്രയും സംഘവും
പരിശീലനത്തിനിടെ പരുക്ക്; വിനേഷ് ഫോഗാട്ട്‌ ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി

ഏഴ് മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത്. അതില്‍ മുരളി ശ്രീശങ്കര്‍ ഇന്ത്യയുടെയും കേരളത്തിന്റെയും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് തായലന്‍ഡില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയാണ് താരം വെള്ളി നേടിയത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഏഴാമതായാണ് താരം ഫിനിഷ് ചെയ്തത്. ഇത്തവണ മികച്ച ഫോമില്‍ മുന്നോട്ട് പോകുന്നത് താരത്തിലുള്ള മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡലിനാണ് ശ്രീശങ്കര്‍ കണ്ണുവയ്ക്കുന്നത്. 8.41 മീറ്ററാണ് താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം. ജെസ്വിന്‍ ആല്‍ഡ്രിന്‍ ആണ് പുരുഷ ലോങ്ജംപിലെ ഇന്ത്യയുടെ മറ്റൊരു താരം. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 20ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഈ സീസണില്‍ ഇതുവരെ താരം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ ചാടിയ 8.42 മീറ്ററാണ് താരത്തിന്റെ ഏറ്റവും മികച്ച ദൂരം.

ഓഗസ്റ്റ് 19 മുതല്‍ 27 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ശ്രീശങ്കറിനെ കൂടാതെ അബ്ദുല്ല അബൂബക്കര്‍(ട്രിപ്പിള്‍ ജംപ്), എല്‍ദോസ് പോള്‍(ട്രിപ്പിള്‍ ജംപ്), അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യന്‍ (400x400 മീറ്റര്‍ പുരുഷ റിലേ) എന്നിവരാണ് ടീമിലെ മലയാളികള്‍.

logo
The Fourth
www.thefourthnews.in