ഗുസ്തി ഫെഡറേഷനെതിരായ ആരോപണം; മേൽനോട്ട സമിതിയിൽ ബബിത ഫോഗട്ടും

ഗുസ്തി ഫെഡറേഷനെതിരായ ആരോപണം; മേൽനോട്ട സമിതിയിൽ ബബിത ഫോഗട്ടും

പാനല്‍ രൂപീകരിക്കുന്നതിന് മുന്‍പ് കൂടിയാലോചിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സമിതിയില്‍ തങ്ങളുടെ നോമിനി വേണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം
Updated on
1 min read

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ മുന്‍ ഗുസ്തി താരം ബബിത ഫോഗട്ടിനെയും ഉള്‍പ്പെടുത്തി. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈഗിക അതിക്രമം, സാമ്പത്തിക ക്രമക്കേടുകള്‍, ഗുസ്തി ഫെഡറേഷന്റെ ഭരണകാര്യങ്ങളിലെ വീഴ്ചകള്‍ തുടങ്ങിയ പരാതികളെ കുറിച്ചും യുവജനകാര്യ കായിക മന്ത്രാലയം രൂപീകരിച്ച മേൽനോട്ട സമിതി അന്വേഷണം നടത്തുന്നുണ്ട്.

വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, രവി ദാഹിയ തുടങ്ങിയവരാണ് ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എം സി മേരി കോം നയിക്കുന്ന സമിതിയിൽ, യോഗേശ്വർ ദത്ത്, തൃപ്‌തി മുർഗുണ്ടെ, രാധിക ശ്രീമാൻ, രാജേഷ് രാജഗോപാലൻ എന്നിവരാണുള്ളത്. ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനും കായിക സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും സമിതി രൂപീകരിക്കുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ പാനല്‍ രൂപീകരിക്കുന്നതിന് മുന്‍പ് കൂടിയാലോചിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സമിതിയില്‍ തങ്ങളുടെ നോമിനി വേണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. തങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മേല്‍നോട്ട സമിതിയുമായി സഹകരിക്കുകയുള്ളൂ എന്നും ന്യായമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും താരങ്ങള്‍ പറഞ്ഞു. ഇതോടെയാണ് ബബിതയെ പാനലില്‍ ഉള്‍പ്പെടത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. ഗുസ്തി ഫെഡറേഷന്റെ താത്ക്കാലിക ചുമതലയും മേല്‍നോട്ട സമിതിയെ ഏല്‍പ്പിച്ചിരുന്നു. ഒരു മാസത്തിനകം സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം.

logo
The Fourth
www.thefourthnews.in