മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: എച്ച് എസ് പ്രണോയിക്ക് കിരീടം

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: എച്ച് എസ് പ്രണോയിക്ക് കിരീടം

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ആദ്യമായാണ് പ്രണോയ് കിരീടം നേടുന്നത്
Updated on
1 min read

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് കരീടം. ക്വലാലംപുരില്‍ നടന്ന ഫൈനലില്‍ ചൈനീസ് താരം ഹോങ് യാങ് വെങ്ങിനെയാണ് പ്രണോയ് പരാജയപ്പെടുത്തി. സ്കോര്‍ 21-19, 13-21, 21-18. ആദ്യമായാണ് പ്രണോയ് മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കുന്നത്.

ആദ്യ ഗെയിം പ്രണോയ് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചുവന്നു. രണ്ടാം ഗെയിമില്‍ 13 പോയിന്റാണ് പ്രണോയ്ക്ക് ലഭിച്ചത്. പക്ഷെ അവസാന ഗേയിമില്‍ വെങ് ഹോങ്ങിന് പ്രണോയിയെ മറികടക്കാനായില്ല. 21-18ന് മൂന്നാം ഗെയിമും കിരീടവും പ്രണോയ് സ്വന്തമാക്കുകയായിരുന്നു.

2022ലെ സ്വിസ് ഓപ്പണ്‍ ഫൈനല്‍ കളിച്ച ശേഷമുളള ആദ്യ സിംഗിള്‍സ് ഫൈനലുമാണിത്. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ് ടൂര്‍ണമെന്റില്‍ ആറാം നമ്പര്‍ താരം ചൗ ടിയെന്‍ ചെന്‍, നിലവിലുള്ള ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്‌സ് ജേതാവ് കെന്റ നിഷിമോട്ടോ എന്നിവരെ പരാജയപ്പെടുത്തിയാണ് മലേഷ്യയില്‍ ഉജ്വല മുന്നേറ്റം നടത്തിയത്.

സെമിയില്‍ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ ആദിനാറ്റ പരിക്കുകാരണം പിന്‍മാറിയതോടെയാണ് പ്രണോയ് ഫൈനലിലെത്തിയത്. ഒന്നാംഗെയിമില്‍ പ്രണോയ് 19-17ന് മുന്നിട്ടു നില്‍ക്കുമ്പോളാണ് എതിരാളിയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തില്‍ തുടരാനാകില്ലെന്ന് അദിനാറ്റ അറിയിച്ചതോടെ പ്രണോയിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

അതേ സമയം വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ പിവി സിന്ധു പുറത്തായ ശേഷം ശേഷിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് പ്രണോയ്. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുന്‍ജംഗ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ഗ്രിഗോറിയ മരിസ്‌കയുടെ ജയം.

logo
The Fourth
www.thefourthnews.in