ഇന്തോനീഷ്യന്‍ ഓപ്പണ്‍: ലക്ഷ്യ-ശ്രീകാന്ത് പ്രീക്വാര്‍ട്ടര്‍, ആകര്‍ഷി പുറത്ത്
ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പോരാട്ടം. അടുത്ത ദിവസം നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ഏറ്റുമുട്ടും. ഇതോടെ പ്രതീക്ഷകളില്‍ ഒരാള്‍ മാത്രമേ അവസാന എട്ടില്‍ ഉണ്ടാകൂവെന്ന് ഉറപ്പായി.
ഇന്നു നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരം ലീ സീ ജിയയെ തോല്‍പിച്ചാണ് ലോക 19-ാം നമ്പര്‍ താരമായ ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. റാങ്കില്‍ തന്നേക്കാള്‍ ഏറെ മുന്നില്‍ 11-ാം റാങ്കിലുള്ള മലേഷ്യന്‍ താരത്തിനെ വെറും 33 മിനിറ്റിലാണ് ലക്ഷ്യ സെന്‍ തുരത്തിയത്. 21-17ഏ 21-13 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഇതിനു മുമ്പ് അവസാനം ഇരുവരും ഏറ്റുമുട്ടിയത് 2022 മേയില്‍ നടന്ന തോമസ് കപ്പ് ക്വാര്‍ട്ടര്‍ഫൈനലിലായിരുന്നു. അന്ന് നിര്‍ണായക മത്സരത്തില്‍ ലക്ഷ്യയെ തോല്‍പിച്ച ലീ ഇന്ത്യയെ പിന്തള്ളാന്‍ മലേഷ്യയെ സഹായിച്ചിരുന്നു. അതിന് മധുരപ്രതികാരം ചെയ്യാനും ഇന്ന് ഇന്ത്യന്‍ താരത്തിനായി. ഇതോടെ ഹെഡ് ടു ഹെഡ് റെക്കോഡില്‍ ലീയ്‌ക്കെതിരേ 3-1 ലീഡ് നേടാനും ലക്ഷ്യയ്ക്കു കഴിഞ്ഞു.
മറ്റൊരു മത്സരത്തില്‍ 46 മിനിറ്റിനുള്ളില്‍ ചൈയുടെ ലു ഗുവാങ് സുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ കടന്നത്. 21-13, 21-19 എന്ന സ്‌കോറിലായിരുന്നു ശ്രീകാന്തിന്റെ ജയം. മറ്റൊരു ഇന്ത്യന്‍ താരമായ പ്രിയാന്‍ഷു രജാവത്തും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഇന്നു നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡ് താരം കുന്‍ലാവുത് വിതിസരണ്‍ പരുക്കിനെത്തുടര്‍ന്ന് പിന്മാറിയതോടെ പ്രിയാന്‍ഷുവന് പ്രീക്വാര്‍ട്ടറിലേക്ക് ബൈ ലഭിക്കുകയായിരുന്നു.
അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ യുവതാരം ആകര്‍ഷി കശ്യപ് തോറ്റ് പുറത്തായി. തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടങ്ങള്‍ ചൂടിയെത്തിയ ദക്ഷിണകൊറിയന്‍ താരം ആന്‍ സെ യങ് ആണ് ആകര്‍ഷിയെ തോല്‍പിച്ചത്. 21-10, 21-4 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.