മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് സെമിയിലേക്ക്, ശ്രീകാന്ത് പുറത്ത്
മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി.സിന്ധു. ചൈനയുടെ ഷാങ് യി മാനെ തോല്‍പ്പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്. ഒരു മണിക്കൂറും 14 മിനിറ്റും എടുത്ത് 21-16, 13-21, 22-20 എന്ന സ്‌കോറിനാണ് സിന്ധു ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്.
ഈ വർഷം ആദ്യം നടന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ 18 ആം റാങ്കുകാരിയായ ഷാങ്ങിനോട് പ്രീക്വാര്‍ട്ടറില്‍ സിന്ധു പരാജയപപ്പെട്ടിരുന്നു. ആ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാനും സിന്ധുവിനായി. ശനിയാഴ്ച നടക്കുന്ന സെമിയിൽ ഇന്തോനേഷ്യയുടെ ലോക ഒമ്പതാം റാങ്കുകാരിയുമായ ഗ്രിഗോറിയ മാരിസ്‌ക ടുൻജംഗിനെയാണ് സിന്ധു നേരിടുക.
പുരുഷ വിഭാഗം സിംഗിൾസിൽ എച്ച്എസ് പ്രണോയ് ജപ്പാന്റെ കെന്റ നിഷിമോട്ടോയെ 25-.23, 18-21, 21-18 എന്ന സ്കോറിന് തോൽപ്പിച്ച് സെമിയിൽ കടന്നു. കിഡംബി ശ്രീകാന്തിനെ പരാജയപ്പെടുത്തിയ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അഡിനാറ്റയെയാണ് പ്രണോയ് സെമിയിൽ നേരിടുക. ഇരുവരും ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്.
57 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ കിഡംബി ശ്രീകാന്ത് ആദ്യ ഗെയിമിൽ ആദിനാറ്റയ്‌ക്കെതിരെ ജയിച്ചപ്പോൾ മറ്റ് രണ്ടെണ്ണം തോൽക്കുകയായിരുന്നു. സ്‌കോർ 21-16, 16-21, 11-21. പാരീസ് 2024 ഒളിമ്പിക്‌സിന്റെ യോഗ്യതാ സൈക്കിളായ റോഡ് ടു പാരീസിനായുള്ള ആദ്യ ഇവന്റാണ് മലേഷ്യ മാസ്റ്റേഴ്‌സ്.