ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി വി സിന്ധു പുറത്ത്. വനിതാ സിംഗിള്‍സില്‍ ചൈനയുടെ ഴാങ് യിമാനോടാണ് സിന്ധു ആദ്യ റൗണ്ടില്‍ തോറ്റത്. ബെര്‍മിങ്ഹാമില്‍ 39 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ 17-21 11-21 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോൽവി.
ആദ്യ ഗെയിമിന്റെ തുടക്കത്തിൽ തന്നെ സിന്ധു പിന്നിലായിരുന്നു. സിന്ധു വരുത്തിയ നിര്‍ണായക പിഴവുകളിലൂടെ ഴാങ് പോയിന്റുകള്‍ കൂട്ടി. സ്ഥിരതയോടെയുള്ള ഴാങ്ങിന്റെ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടികളില്ലായിരുന്നു.
ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ ലക്ഷ്യ സെന്നും എച്ച് എസ് പ്രണോയിയും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ നേടിയ ജയങ്ങളോടെ ഇരുവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സെന്‍ രണ്ടാം റൗണ്ടില്‍ ഡാനിഷ് താരം ആന്‍ഡേഴ്‌സ് ആന്റോസെനിനെയാണ് നേരിടുക. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസുകയാണ് പ്രണോയിയുടെ എതിരാളി.