ഗാരി ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതാരകര്‍; കുഴപ്പത്തിലായി ബിബിസി

ഗാരി ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതാരകര്‍; കുഴപ്പത്തിലായി ബിബിസി

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കുടിയേറ്റ നയത്തെ നാസി ജര്‍മനിയോട് ഉപമിച്ചതിനാണ് അവതാരക സ്ഥാനത്ത് നിന്നും ലിനേക്കറെ നീക്കം ചെയ്തത്
Updated on
1 min read

‘മാച്ച് ഓഫ് ദ് ഡേ’ അവതാരക സ്ഥാനത്ത് നിന്ന് ഗാരി ലിനേക്കറെ മാറ്റിയതിനെ തുടർന്ന് കുഴപ്പത്തിലായിരിക്കുകയാണ് ബിബിസി. ചാനലിന്റെയും ബിബിസി റേഡിയോ നിലയങ്ങളിലെയും ഒട്ടേറെ സ്പോർട്സ് പരിപാടികളാണ് വെട്ടിച്ചുരുക്കേണ്ടിവന്നത്. ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റ് അവതാരകർ കൂടി പണിമുടക്കിയതോടെ മാച്ച് ഓഫ് ദ് ഡേ പരിപാടി അവതാരകരില്ലാതെ സംപ്രേഷണം ചെയ്യേണ്ട അവസ്ഥയുണ്ടായി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കുടിയേറ്റ നയത്തെ നാസി ജര്‍മനിയോട് ഉപമിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ അവതാരക സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ ബിബിസി തീരുമാനിച്ചത്.

സർക്കാരിന്റെ കുടിയേറ്റ നയത്തെ വിമർശിക്കാനുള്ള ലിനേക്കറിന്റെ അവകാശത്തെ ന്യായീകരിച്ച് നിരവധി കായിക മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. കമ്പനിയിലുള്ളവർ പണിമുടക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പും ഡയറക്ടർ ജനറൽ ടിം ഡേവിയും നിലവിൽ രാജിയുടെ വക്കിലാണ്. എങ്കിലും പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടിം ഡേവി.

ഗാരി ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതാരകര്‍; കുഴപ്പത്തിലായി ബിബിസി
''അനധികൃതമായി ബ്രിട്ടനിലെത്തിയാല്‍ തടഞ്ഞുവയ്ക്കും, ആഴ്ചകള്‍ക്കകം നാടുകടത്തും''- മുന്നറിയിപ്പുമായി ഋഷി സുനക്

ലിനേക്കർ മികച്ച ഫുട്ബോൾ കളിക്കാരനും കഴിവുള്ള അവതാരകനുമാണെന്നും പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, നിലവിലെ സാഹചര്യം സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഇത് കമ്പനിയും ജീവനക്കാരനും തമ്മിലുള്ള പ്രശ്നമാണെന്നും അല്ലാതെ ബ്രിട്ടീഷ് സർക്കാരുമായുള്ള പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിനേക്കറെ അവതാരക സ്ഥാനത്ത് മാറ്റിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടെന്ന വാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് ഋഷി സുനകിന്റെ പ്രതികരണം.

പ്രധാനമന്ത്രിയായിരിക്കെ ബോറിസ് ജോൺസണ് 7.89 കോടി രൂപ ലോൺ നേടിക്കൊടുത്തതിന്റെ പേരിൽ വിചാരണ നേരിടുന്നയാളാണ് ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ്. ലിനേക്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി ബിബിസിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുകയാണ് ജീവനക്കാർ.

ഗാരി ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതാരകര്‍; കുഴപ്പത്തിലായി ബിബിസി
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം ശക്തം; തീരുമാനം ആശങ്കപ്പെടുത്തുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണർ

ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തെക്കുറിച്ച് ജനങ്ങൾക്കിടയിലും ആശങ്ക ഉയരുന്നുണ്ട്. ചെറു ബോട്ടുകളിൽ ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളെ ആഴ്ചകൾക്കുള്ളിൽ അവരുടെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താനാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ബ്രിട്ടന്റെ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതാണ് ഈ മാറ്റമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

അനധികൃതമായി ബ്രിട്ടനിലേയ്ക്ക് കുടിയേറുന്നവര്‍ക്കൊന്നും അഭയം നല്‍കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനകാണ് വ്യക്തമാക്കിയത്. ''നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടഞ്ഞുവയ്ക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും. സുരക്ഷിതമാണെങ്കില്‍ അവരുടെ രാജ്യത്തേയ്ക്ക് തന്നെ തിരിച്ചയക്കും. അല്ലെങ്കില്‍ സുരക്ഷിതമായ മൂന്നാംലോക രാജ്യമെന്ന നിലയില്‍ റുവാണ്ടയിലേക്കോ മറ്റോ മാറ്റും. അമേരിക്കയിലേതിനും ഓസ്ട്രേലിയതിലേതിനും സമാനമായ രീതിയില്‍ പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാത്ത വിധമാകും വിലക്ക്'' - ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

എന്നാല്‍ ബ്രിട്ടന്റെ ഈ നടപടി ആശങ്കയുണ്ടാക്കുന്നതെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in